'മരണക്കളിയിലെ അവസാന ഗെയിമുകള്‍ കളിക്കാന്‍ സമയമായി' സ്‌ക്വിഡ് ഗെയിം തിരിച്ചെത്തുന്നു; ടീസര്‍
Netflix Series
'മരണക്കളിയിലെ അവസാന ഗെയിമുകള്‍ കളിക്കാന്‍ സമയമായി' സ്‌ക്വിഡ് ഗെയിം തിരിച്ചെത്തുന്നു; ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th May 2025, 8:42 am

ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയ കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. ഇപ്പോള്‍ ലോകമെമ്പാടുമുള്ള സീരീസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഈ സീരീസിന്റെ അവസാന സീസണിന് വേണ്ടിയാണ്.

ആദ്യവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സീരീസിന്റെ രണ്ടാം സീസണ്‍ എത്തിയത് 2024 ഡിസംബര്‍ 26നായിരുന്നു. സീരീസ് പ്രേമികള്‍ കാത്തിരിക്കുന്ന സ്‌ക്വിഡ് ഗെയിമിന്റെ മൂന്നാം സീസണ്‍ എത്തുന്നത് ജൂണ്‍ 27നാണ്.

ഇപ്പോള്‍ സ്‌ക്വിഡ് ഗെയിം സീസണ്‍ 3യുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ഒരു മിനിട്ടും 24 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസറാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്ത് വിട്ടത്. ‘അവസാന ഗെയിമുകള്‍ കളിക്കാനുള്ള സമയമായി’ എന്ന ക്യാപ്ഷനോടെ എത്തിയ ടീസര്‍ ഇതിനകം തന്നെ നിരവധിയാളുകള്‍ കാണുകയും ചെയ്തിട്ടുണ്ട്.

പ്ലെയര്‍ 456 ആയ ഗി-ഹുന്‍ തന്റെ ഉറ്റ സുഹൃത്തായ ജംഗ്-ബേയുടെ മരണത്തിന് ശേഷം എങ്ങനെയാണ് ഈ മരണക്കളി അവസാനിപ്പിക്കുന്നത് എന്നാണ് സീസണില്‍ പറയുക. പ്ലെയര്‍ 390 ആയ ജംഗ്-ബേയുടെ മരണത്തോടെ ആയിരുന്നു രണ്ടാം സീസണ്‍ അവസാനിച്ചത്.

പ്ലെയര്‍ 001 ആയി എത്തിയ ഫ്രണ്ട് മാനെ ഗി-ഹുന്‍ ഈ സീസണില്‍ തിരിച്ചറിയുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ വളരെ പ്രയാസമേറിയ ഗെയിമുകളും അപകടങ്ങളുമാകും അവസാന സീസണില്‍ ഗി-ഹുന് നേരിടാന്‍ ഉണ്ടാകുകയെന്നും ഉറപ്പാണ്.

ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തിരുന്നത്. ആ വര്‍ഷം നെറ്റ്ഫ്ളിക്സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായി സ്‌ക്വിഡ് ഗെയിം മാറിയിരുന്നു.

21 മില്യണ്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ ആദ്യ സീസണ്‍ 900 മില്യണിലധികം വരുമാനമുണ്ടാക്കിയിരുന്നു. സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ സ്‌ക്വിഡ് ഗെയിമിന് കൊറിയന്‍ സീരീസുകളും സിനിമകളും കാണുന്ന മലയാളി പ്രേക്ഷകരുടെ ഇടയിലും വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

പ്രത്യേകം തെരെഞ്ഞെടുക്കപ്പെടുന്ന ആളുകളെ ഒരിടത്ത് എത്തിച്ച് അവരെ കൊണ്ട് ഗെയിമുകള്‍ കളിപ്പിക്കുകയും ഗെയിമില്‍ തോല്‍ക്കുന്നവരെ കൊന്ന് കളയുകയും ചെയ്യുന്നതാണ് സീരീസ്. അവസാന ഗെയിമും വിജയിക്കുന്ന വ്യക്തിക്ക് വലിയ തുക സമ്മാനമായി ലഭിക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം.

നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നോണ്‍ ഇംഗ്ലീഷ് സീരീസിന്റെ റെക്കോഡ് ഇപ്പോഴും സ്‌ക്വിഡ് ഗെയിമിന്റെ പേരിലാണ്. ഇപ്പോള്‍ ജൂണ്‍ 27ന് പുതിയതും അവസാനത്തേതുമായ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സ്‌ക്വിഡ് ഗെയിം ആരാധകര്‍.

Content Highlight: Squid Game Season 3 official Teaser Out