ഇത് ചരിത്ര നേട്ടം; ട്രാവുവിനെ വീഴ്ത്തി ഐ ലീഗ് കിരീടം സ്വന്തമാക്കി ഗോകുലം എഫ്. സി
Sports
ഇത് ചരിത്ര നേട്ടം; ട്രാവുവിനെ വീഴ്ത്തി ഐ ലീഗ് കിരീടം സ്വന്തമാക്കി ഗോകുലം എഫ്. സി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th March 2021, 7:59 pm

കൊല്‍ക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ് സി. മണിപ്പുരില്‍ നിന്നുള്ള ട്രാവു എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം ഐ ലീഗ് കീരീടം സ്വന്തമാക്കിയത്.

കൊല്‍ക്കത്തയിലെ കെബികെ സ്റ്റേഡിയത്തിലായിരുന്നു ആവേശപ്പോരാട്ടം നടന്നത്. 29 പോയിന്റാണ് ഗേുകുലം എഫ്. സി നേടിയത്.

ഷെരീഫ് മുഹമ്മദ്, മലയാളി താരം എമില്‍ ബെന്നി, ഘാന താരം ഡെന്നിസ് അഗ്യാരെ, പകരക്കാരനായി ഇറങ്ങിയ മലയാളി താരം റാഷിദ് എന്നിവരാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്.

23-ാം മിനിറ്റില്‍ ബിദ്യാസാഗര്‍ സിംഗിന്റെ ഗോളിലൂടെ മുന്നിലെത്തിയ ട്രാവു എഫ്‌സി 69-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി. ഇതിനിടെ 67-ാം മിനിറ്റില്‍ ട്രാവു എഫ്സിയുടെ ഡെന്നിസ് ഗ്രൗണ്ടെക് റോസ് നേടിയ ഗോള്‍ ക്രോസിന് മുമ്പ് പന്ത് പുറത്തുപോയതിനാല്‍ ലൈന്‍ റഫറി നിഷേധിച്ചു. ഇതിന് തൊട്ടുപിന്നാലെ 69-ാം മിനിറ്റില്‍ ഫ്രീ കിക്കില്‍ നിന്ന് അഫ്ഗാന്‍ താരം ഷെരീഫ് മുഹമ്മദാണ് ഗോകുലത്തിന്റെ ആദ്യ ഗോള്‍ നേടിയത്.

ഈ ഗോളിന് പിന്നാലെ ശക്തമായ പോരാട്ടം കാഴ്ച വെച്ച ഗോകുലം 75-ാം മിനിറ്റില്‍ മലയാളി താരം എമില്‍ ബെന്നിയിലൂടെ ലീഡെടുത്തു. 77-ാം മിനിറ്റില്‍ ഡെന്നീസ് അഗ്യാരയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം റഷീദിലൂടെ ഗോകുലം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ആദ്യ റൗണ്ടില്‍ ഗോകുലം ട്രാവുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.

ഐ ലീഗ് കിരീടം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ടീമാണ് ഗോകുലം എഫ്. സി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: sports, Gokulam Kerala FC won I League