കുഞ്ഞുങ്ങളെ കൊല്ലുന്ന ഇസ്രാഈലിനെ പ്രതിരോധിക്കാൻ കളിക്കളങ്ങൾ
Gaza genocide
കുഞ്ഞുങ്ങളെ കൊല്ലുന്ന ഇസ്രാഈലിനെ പ്രതിരോധിക്കാൻ കളിക്കളങ്ങൾ
ഫസീഹ പി.സി.
Thursday, 18th September 2025, 4:30 pm
ഫലസ്തീനിയന്‍ പെലെയെന്ന് അറിയപ്പെടുന്ന സുലൈമാന്‍ അല്‍ ഉബൈദ്, ആദ്യ ഫലസ്തീന്‍ ഒളിമ്പ്യന്‍ മജീദ് അബു മറഖില്‍, ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ടീം കോച്ച് ഹാനി അല്‍ മസ്ദര്‍ എന്നിവര്‍ ഉള്‍പ്പെടെ 1000ത്തോളം പേരെയാണ് അവരുടെ കായിക രംഗത്തിന് നഷ്ടമായത്. ഇതിനെല്ലാം പുറമെ ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ നിരവധി സ്റ്റേഡിയങ്ങളും ക്ലബ്ബുകളുമാണ് ഫലസ്തീനിയന്‍ ജനതയ്ക്ക് കൈമോശം വന്നത്.

‘2026 ഫുട്‌ബോള്‍ ലോകകപ്പിന് ഇസ്രഈല്‍ യോഗ്യത നേടിയാല്‍ ഞങ്ങള്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കും. ഫലസ്തീനില്‍ വംശഹത്യ തുടരുന്ന അവരെ ഒരു കായിക ടൂര്‍ണമെന്റിലും കളിപ്പിക്കാതിരിക്കുമ്പോള്‍ ചിലരുടെ കണ്ണുകള്‍ തുറക്കപ്പെടുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ കണ്ണടയ്ക്കാനോ മിണ്ടാതിരിക്കാനോ ഞങ്ങള്‍ക്കാവില്ല,’ 2010 ലോകകപ്പ് ജേതാക്കളായ സ്‌പെയ്‌നിന്റെ സര്‍ക്കാര്‍ വക്താവായ പാറ്റ്സി ലോപ്പസിന്റെ വാക്കുകളാണിവ.

ലോകം കണ്ട ഏറ്റവും വലിയ വംശഹത്യയ്ക്കാണ് ഫലസ്തീന്‍ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. അവിടെത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടും ഇസ്രഈല്‍ അതിക്രമങ്ങളെ അപലപിച്ച് കൊണ്ടുമായിരുന്നു അദ്ദേഹം സ്‌പെയ്‌നിന്റെ നിലപാട് വ്യക്തമാക്കിയത്. 2023 ഒക്ടോബറില്‍ ഗസയില്‍ തുടങ്ങിയ അതിക്രമങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് സ്‌പെയ്ന്‍ ഇസ്രഈലിനെതിരെ മുന്നോട്ട് വന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയം.

സ്പാനിഷ് ടീം

ഇസ്രഈല്‍ ഫലസ്തീനില്‍ വംശഹത്യ തുടങ്ങിയതിന് ശേഷം 65000ലധികം പേരാണ് കൊല്ലപ്പെട്ടത്. മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിച്ചുള്ള ആക്രമണങ്ങളില്‍ കായിക രംഗത്തിന് തന്നെ വലിയ നഷ്ടമാണ് സംഭവിച്ചത്. ഫലസ്തീനിയന്‍ പെലെയെന്ന് അറിയപ്പെടുന്ന സുലൈമാന്‍ അല്‍ ഉബൈദ്, ആദ്യ ഫലസ്തീന്‍ ഒളിമ്പ്യന്‍ മജീദ് അബു മറഖില്‍, ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ടീം കോച്ച് ഹാനി അല്‍ മസ്ദര്‍ എന്നിവര്‍ ഉള്‍പ്പെടെ 1000ത്തോളം പേരെയാണ് അവരുടെ കായിക രംഗത്തിന് നഷ്ടമായത്.

ഇതിനെല്ലാം പുറമെ ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ നിരവധി സ്റ്റേഡിയങ്ങളും ക്ലബ്ബുകളുമാണ് ഫലസ്തീനിയന്‍ ജനതയ്ക്ക് കൈമോശം വന്നത്. എന്നാല്‍, ഇസ്രഈലിനോ അവരുടെ കായിക താരങ്ങള്‍ക്കോ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു വിലക്കും അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് നേരിടേണ്ടി വന്നില്ല.

സുലൈമാന്‍ അല്‍ ഉബൈദ്

അതേസമയം, ഉക്രൈനുമായുള്ള യുദ്ധത്തിന് പിന്നാലെ റഷ്യയ്ക്ക് കായിക മേഖലയില്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ആ സാഹചര്യത്തിലാണ് ഒരു ജനതക്കെതിരെ വംശഹത്യ നടത്തുമ്പോഴും ഇസ്രഈല്‍ യാതൊരു തടസവുമില്ലാതെ ലോകകപ്പിലടക്കം മത്സരിക്കുന്നത്.

2022ല്‍ അയല്‍രാജ്യമായ ഉക്രൈനിനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് റഷ്യയ്ക്ക് കായിക ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് വിലക്ക് നേരിടേണ്ടി വന്നത്. ആ വര്‍ഷത്തെ ലോകകപ്പിലടക്കം ഫിഫയും യുവേഫയും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് റഷ്യന്‍ ടീമിനെ വിലക്കിയിരുന്നു. പിന്നാലെത്തിയ ഒളിമ്പിക്‌സിലും ടീമിന് വിലക്ക് നേരിട്ടു. പാരീസ് ഒളിമ്പിക്‌സില്‍ സ്വന്തം രാജ്യത്തിന്റെ പതാക ഉപേക്ഷിച്ചാണ് താരങ്ങള്‍ മത്സരിച്ചത്.

2020ലെ ടോക്കിയോ ഒളിമ്പിക്സിൽ റഷ്യൻ ടീം

റഷ്യ മാത്രമല്ല, ചരിത്രത്തില്‍ യുദ്ധക്കുറ്റം കാരണം വിലക്ക് നേരിടേണ്ടി വന്നത്. 1948ല്‍ ജര്‍മനിയും ജപ്പാനും ലണ്ടന്‍ ഒളിമ്പിക്‌സില്‍ വിലക്ക് നേരിട്ടപ്പോള്‍ ജര്‍മനിയ്ക്ക് രണ്ടാം 1920, 1924 ഒളിമ്പിക്‌സിലും വിലക്കുണ്ടായിരുന്നു. യുഗോസ്ലോവാക്കിയയ്ക്ക് 1992 -1995 കാലഘട്ടത്തില്‍ എല്ലാ അന്താരാഷ്ട്ര കായിക ഇനങ്ങളില്‍ നിന്നും വിലക്കുണ്ടായിരുന്നു. സെര്‍ബിയ മോണ്ടനേഗ്രേ വംശീയ ഉന്മൂലനമായിരുന്നു ഇതിലേക്ക് വഴിവെച്ചത്.

ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ലോപസ് അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ഇസ്രഈലിനെ വിലക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് കായിക മേഖലയിലും ഫലസ്തീനിയന്‍ ജനതയ്ക്ക് വര്‍ധിച്ചുവരുന്ന പിന്തുണയെയാണ് സൂചിപ്പിക്കുന്നത്. സ്പാനിഷ് ടീം മാത്രമല്ല, കായികരംഗത്ത് നിന്ന് ഫലസ്തീനിലെ വംശഹത്യയില്‍ ഇസ്രഈലിനെതിരെ സംസാരിക്കുന്നത്.

ഇവര്‍ക്കൊപ്പം, ഗസയ്ക്ക് പിന്തുണയുമായി നോര്‍വെയുമുണ്ട്. ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത റൗണ്ടിലെ ഇസ്രഈലുമായുമായുള്ള മത്സരത്തിലെ എല്ലാ വിഹിതവും ഗസയ്ക്ക് നല്‍കുമെന്ന് നോര്‍വേ വെളിപ്പെടുത്തിയിരുന്നു.

നോര്‍വെ

ഫുട്‌ബോള്‍ രംഗത്ത് നിന്ന് ഗസയ്ക്ക് മറ്റൊരു ടീമില്‍ നിന്നും ഈയടുത്ത് പിന്തുണ ലഭിച്ചിരുന്നു. അത് മറ്റാരുമല്ല, ഫലസ്തീനിന്റെ അയല്‍ രാജ്യമായ ഇറ്റലിയുടെതായിരുന്നു. ഗസയിലെ കുട്ടികളുടെയും സാധാരണക്കാരുടെയും അവസ്ഥ ഹൃദയഭേദകമാണെന്നും ഇസ്രഈലിന്റെ കൂടെ ഒരേ ഗ്രൂപ്പില്‍ വന്നത് നിര്‍ഭാഗ്യകരമാണെന്നും ഇറ്റാലിയന്‍ പരിശീലകന്‍ പറഞ്ഞിരുന്നു. നേരത്തെ, ഇസ്രഈലിനെ ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്നും ഇറ്റാലിയന്‍ കോച്ചസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഇരു ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തിലും വലിയ പ്രതിഷേധമാണ് ആരാധകര്‍ നടത്തിയത്. മത്സരത്തിന് മുന്നോടിയായി ഇസ്രഈല്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഗ്രൗണ്ടിനോട് പുറം തിരിഞ്ഞ് നിന്നും സ്റ്റോപ്പ് ബോര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് ആരാധകര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ വര്‍ഷം നേഷന്‍സ് ലീഗ് മത്സരത്തിലും പുറം തിരിഞ്ഞ് നിന്നും ഇസ്രഈലിന്റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ കൂവിയും ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഇറ്റാലിയൻ പരിശീലകൻ ഗന്നെരോ ഗട്ടൂസോ

ഇതിനെല്ലാം പുറമെ, ജര്‍മന്‍ ക്ലബ്ബായ ഫോര്‍ച്യൂണ ഡസല്‍ഡോര്‍ഫിന് ആരാധക പ്രതിഷേധം കാരണം ഇസ്രാഈലി ഫുട്ബാളര്‍ ഷോണ്‍ വൈസ്മനെ ടീമിലെത്തിക്കുന്നതില്‍ നിന്ന് പിന്മാറേണ്ടിയും വന്നിരുന്നു.

ഫുട്‌ബോളില്‍ മാത്രമല്ല, മറ്റ് കായിക രംഗത്തും ഇസ്രാഈലിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സ്‌പെയിനിലെ പ്രാദേശിക ചെസ് ടൂര്‍ണമെന്റായ ബാസ്‌ക് കണ്‍ട്രി ഓപ്പണില്‍ നിന്ന് ഇസ്രഈല്‍ പതാക വിലക്കിയിരുന്നു. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണിതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ, ഏഴ് ഇസ്രഈല്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയുമുണ്ടായി.

ടീമുകള്‍ക്ക് പുറമെ, നിരവധി കായിക താരങ്ങളും ഫലസ്തീനിയന്‍ ജനതയ്ക്കുള്ള തങ്ങളുടെ പിന്തുണ ലോകത്തോട് തുറന്ന് പറഞ്ഞിരുന്നു. ഫുട്‌ബോള്‍ രംഗത്ത് നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, റിയാദ് മെഹറിസ്, എറിക് കന്റോണ, മുഹമ്മദ് സല എന്നിവരാണ് ഫലസ്തീന് പിന്തുണ നല്‍കിയവര്‍.

ഇസ്രഈല്‍ ആക്രമണത്തില്‍ ഫലസ്റ്റീന്‍ പെലെ എന്നറിയപ്പെടുന്ന സുലൈമാന്‍ അല്‍ ഉബൈദ് കൊല്ലപ്പെട്ടപ്പോള്‍ യുവേഫ മരണകാരണം വ്യക്തമാക്കാതെ അനുശോചനം രേഖപ്പെടുത്തിയതിനെ സല വിമര്‍ശിക്കുകയും ചെയ്തിരുന്നു. എവിടെ വെച്ച്, എങ്ങനെ, എന്തുകൊണ്ട് മരണപ്പെട്ടുവെന്ന് നിങ്ങള്‍ പറയുമോയെന്നായിരുന്നു സല ചോദിച്ചത്.

ഇവര്‍ക്ക് പുറമെ, ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍, എന്‍,ബി.എ താരം കൈറി ഇര്‍വിങ്, ടുണീഷ്യന്‍ ടെന്നീസ് താരം ഓന്‍സ് ജബീര്‍, അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ എന്നിവരൊക്കെയും കായികരംഗത്ത് നിന്ന് ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ച പ്രമുഖ താരങ്ങളാണ്.

ഉക്രൈനിലെ യുദ്ധത്തില്‍ റഷ്യയെ വിമര്‍ശിക്കുകയും ടീമിനെ കായികമേഖലയില്‍ നിന്നും വിലക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തവര്‍ പലരും ഒരു ജനതയൊന്നാകെ തുടച്ച് നീക്കപ്പെടുമ്പോള്‍ മൗനത്തിലാണ്. നിലപാടുകളിലെ ഇരട്ടത്താപ്പും സെലെക്ടറ്റീവ് മൗനവും ഒരു കൂട്ടര്‍ പിന്തുടരുമ്പോള്‍ ഒരു ജനത തന്നെ ഭൂപടത്തില്‍ നിന്ന് മായ്ക്കപ്പെടുകയാണ്. അവരുടെ കളിക്കളത്തിലെ പ്രതീക്ഷകളില്‍ മെല്ലെ രക്തത്തിന്റെ ചുവപ്പ് പടരുകയുമാണ് ചെയ്യുന്നത്.

Content Highlight: Sports Fraternity in support of Palestine demands ban Israel from Sports tournaments

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി