വിവാഹമോചന വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്ക് മറുപടി; നാഗചൈതന്യയുടെ 'ലൗ സ്‌റ്റോറി'ക്ക് ആശംസയുമായി സാമന്ത
Malayalam Cinema
വിവാഹമോചന വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്ക് മറുപടി; നാഗചൈതന്യയുടെ 'ലൗ സ്‌റ്റോറി'ക്ക് ആശംസയുമായി സാമന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th September 2021, 10:45 am

നടി സാമന്തയും ഭര്‍ത്താവും നടനുമായ നാഗചൈതന്യയും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നും ഇവരും തമ്മില്‍ അസ്വാരസ്യത്തിലാണെന്നുമുള്ള തരത്തില്‍ നിരവധി വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കിയവര്‍ക്ക് മറുപടിയുമായി എത്തുകയാണ് സാമന്ത. നാഗചൈതന്യയുടെ പുതിയ ചിത്രമായ ലൗ സ്റ്റോറിയുടെ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് ലൗ സ്റ്റോറി ടീമിന് ആശംസകള്‍ നേര്‍ന്നാണ് സാമന്ത ട്വിറ്ററില്‍ രംഗത്തെത്തിയത്.

‘ഒടുവില്‍ സന്തോഷത്തോടെ ഞങ്ങള്‍ ഇത് പുറത്തുവിടുന്നു..ആളുകള്‍ തിയേറ്ററിലെത്തുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ’, എന്നു പറഞ്ഞായിരുന്നു നാഗചൈതന്യ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്.

നാഗചൈതന്യയുടെ ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് സാമന്ത ലൗ സ്റ്റോറി ടീമിന് ആശംസകള്‍ അറിയിച്ചത്. ‘ വിന്നര്‍, ആള്‍ ദി വെരി ബെസ്റ്റ് ടു ദി ടീം’ എന്നായിരുന്നു സാമന്ത കുറിച്ചത്. ചിത്രത്തിലെ നായികയായ സായ് പല്ലവിയേയും സാമന്ത ടാഗ് ചെയ്തിട്ടുമുണ്ട്.

ഇതിന് പിന്നാലെ സാമന്തയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സായ് പല്ലവിയും നാഗചൈതന്യയും രംഗത്തെത്തി. താങ്ക് സാം എന്നാണ് നാഗചൈതന്യ കുറിച്ചത്. സാമന്തയുടെ ട്വീറ്റിന് താഴെ പ്രതികരണവുമായി ആരാധകരും എത്തിയിട്ടുണ്ട്. നിങ്ങള്‍ ഇരുവരും സന്തോഷത്തോടെ കഴിയണമെന്നും ആരാധകരായ തങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നുമാണ് പലരുടേയും കമന്റ്.

സാമന്തയും നാഗചൈതന്യയും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ചു നാളായി പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി എന്നത് സാമന്ത നീക്കം ചെയ്തതോടെയായിരുന്നു ഗോസിപ്പുകള്‍ ശക്തമായത്.

സാമന്തയും നാഗചൈതന്യയും വ്യത്യസ്ത വീടുകളിലാണ് താമസിക്കുന്നതെന്നും ഇരുവരും കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ചില തെലുങ്ക് മാധ്യമങ്ങളിപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് നാഗചൈതന്യയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് ആശംസകളുമായി താരം എത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Speculation About Divorce Samantha’s tweet about Nagachaithanya new movie Love Story