ധനമേഖല എങ്ങനെയാണ് ഇങ്ങനെയായത് ?
economic issues
ധനമേഖല എങ്ങനെയാണ് ഇങ്ങനെയായത് ?
എ കെ രമേശ്‌
Monday, 18th December 2017, 7:40 am

1993 ല്‍ ഗാട്ടിന്റെ എട്ടാമതു റൗണ്ട് ചര്‍ച്ചകള്‍ അവസാനിപ്പിച്ചു കൊണ്ട് ഒപ്പിട്ട കരാറില്‍ ധനമേഖലയെക്കുറിച്ച് ഒരൊറ്റ വാചകമേയുള്ളൂ.

അത് ഏതാണ്ട് ഇങ്ങനെയാണ്: “ഒരംഗരാജ്യത്ത് നിലവിലില്ല എന്നുള്ളതുകൊണ്ട് മറ്റൊരു അംഗരാജ്യത്ത് പ്രയോഗത്തിലുള്ള ഒരു
ധനസേവനം ഒരംഗരാജ്യവും തങ്ങളുടെ നാട്ടില്‍ നിരോധിക്കാന്‍ പാടില്ല.”

ഒറ്റ വാചകത്തിലാണ് കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം രാജ്യത്ത് പ്രയോഗത്തിലില്ലാത്ത ധനോല്‍പന്നങ്ങളുമായി കടന്നു വരുന്ന വിദേശ സ്ഥാപനങ്ങള്‍ക്ക് പരവതാനി വിരിക്കാനായി നാട്ടിലെ ധനകാര്യനിയമങ്ങള്‍ മാറ്റിയെഴുതണം. അതങ്ങനെ മാറ്റിയെഴുതിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് 86 ല്‍ ഗാട്ട് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും രണ്ടു വര്‍ഷം മുമ്പ് ആ ചര്‍ച്ചയില്‍ എന്തെല്ലാം വിഷയങ്ങളാണ്, എങ്ങനെയൊക്കെയാണ് അവതരിപ്പിക്കേണ്ടത് എന്ന് ചര്‍ച്ച ചെയ്യാന്‍ വന്‍കിട ബഹുരാഷ്ട കുത്തക കമ്പനികള്‍ യോഗം ചേര്‍ന്നത്. സിറ്റി ബാങ്കും ജനറല്‍ മോട്ടോഴ്‌സും ജനറല്‍ എലക്ട്രിക്‌സും പ്രോക്റ്റര്‍ ആന്റ് ഗാംബിളുമൊക്കെയടങ്ങുന്ന ബഹുരാഷ്ട്ര കുത്തകക്കമ്പനികളാണ് ഇങ്ങനെ യോഗം ചേര്‍ന്നത്.

എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഗാട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആദ്യമായി യോഗം ചേരുന്നത് ഐ.കെ.ഗുജ്‌റാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിലയിരുത്താ നാണ് . അതിന് യോഗം ചേര്‍ന്ന തിയതി 1993 ഡിസംബര്‍ 14. ഗാട്ടില്‍ ഉദ്യോഗസ്ഥതല ഒപ്പിടല്‍ കര്‍മ്മം നടന്ന ഡിസംബര്‍ 15 ന്റെ തലേന്ന്!

 

ഇന്ത്യയുടെ പരമാധികാര നിയമനിര്‍മാണ സഭ ആലോചിക്കുന്നതിനും 9 വര്‍ഷം മുമ്പ് അന്താരാഷ്ട്ര വേദിയിലെ ചര്‍ച്ചാ വിഷയങ്ങള്‍ നിശ്ചയിക്കുന്നത് ബഹുരാഷ്ട്ര കുത്തകകളാണ് എന്ന് സാരം. ഇത്തരം കുത്തകകളാണ് ദേശ രാഷ്ട്രങ്ങളെ നോക്കുകുത്തികളാക്കിക്കൊണ്ട് ലോകത്തെ നിയമനിര്‍മ്മാണങ്ങളെയാകെ നിയന്ത്രിക്കുന്നത്. നമ്മുടെ കാലത്തെ ഇങ്ങനെ മനസ്സിലാക്കി വേണം ധന മേഖലയിലെ കാര്യങ്ങള്‍ വിലയിരുത്താന്‍ .

ആഡം സ്മിത്തും
കാള്‍ മാര്‍ക്‌സും

ധനമേഖലാ നിയമങ്ങളെക്കുറിച്ച് 1776 ല്‍ വെല്‍ത്ത് ഓഫ് നാഷന്‍സില്‍ ആഡം സ്മിത്ത് പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്:
“The proposal of any new law or regulation of commerce, ….ought always to be listened to with great precaution and ought never to be adopted till after having been long and carefully examined, not only with the most scrupulouട but with the most suspicious attention. It comes from an order of man whose interest is never exactly the same with that of the public, who have generally an interest to deceive, and even oppress the public, and who accordingly have
upon many oocasions both deceived and oppressed it”( 1776)

പതിനെട്ടാം നൂറ്റാണ്ടില്‍ ആഡംസ് മിത് പറഞ്ഞ കാര്യം തന്നെയാണ് ഏതാണ്ട് അതേ രീതിയില്‍ 19-ാം നുറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ മൂലധനത്തില്‍ കാള്‍ മാര്‍ക്‌സും പറഞ്ഞു വെക്കുന്നത് .

“At their birth, the great banks, decorated with national titles, were only aossciation of private Speculatorട, who placed themselves by the side of Governments and thanks to the privilage they
received, Were in a position to advance money to the State.( Capital. 1867)

പൊതുജനങ്ങളെ വഞ്ചിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരെന്നും സ്വകാര്യ ചൂതാട്ടക്കാരുടെ സമിതിയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട ധന മൂലധനത്തിന് വന്നു ചേരുന്ന പ്രാധാന്യത്തെപ്പറ്റി 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെനിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാങ്കുകളുടെ സംയോജനങ്ങളും ലയനനങ്ങളും വഴി മൂലധനം കേന്ദ്രീകരിക്കുന്നതും മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമായി സാമ്രാജ്യത്വം പിറവിയെടുക്കുന്നതുമാണ് ലെനിന്‍ വിശദീകരിക്കുന്നത്.
ഈ വളര്‍ച്ചയുടെ ഊക്കിനെക്കുറിച്ചറിയാന്‍ ഒരു കണക്ക് മതിയാവും.

Image result for adam smith

ആഡം സ്മിത്ത്

19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ബ്രിട്ടീഷ് ധന മേഖലയുടെ ആസ്തി രാജ്യത്തെ ജിഡിപിയുടെ 50 ശതമാനമായിരുന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ 3 ബാങ്കുകളുടെ ആസ്തി ജി.ഡി.പി യുടെ 5 ശതമാനവും. എന്നാല്‍ 2012 ആവുമ്പോള്‍ ഇത് യഥാക്രമം 1000 % വും 350 ശതമാനവുമായി കുതിച്ചുയരുകയാണ്. മേലേക്കിട മൂന്നു ബാങ്കുകളുടെ കുതിച്ചുയരല്‍ തോത് ഇങ്ങനെയാണ്. 19-ാം നൂറ്റാണ്ട് മധ്യത്തിലെ 5 ശതമാനം 1950 ആവുമ്പോള്‍ 25 ശതമാനവും 2012 എത്തുമ്പോള്‍ 350 ശതമാനവുമായി അത് ഉയര്‍ന്നു .

അതേയവസരം ബാങ്ക് തുടങ്ങുന്ന മുതലാളിമാര്‍ 19 ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ സ്ഥാപനത്തിന്റെ 25 ശതമാനം ഓഹരികള്‍ സ്വന്തം കാശ് ചെലവാക്കി എടുക്കേണ്ടിയിരുന്നു. 2014 ആവുമ്പോള്‍ ഇത് വെറും 3 ശതമാനമായി ചുരുങ്ങുകയാണ്. എന്നു വെച്ചാല്‍ കാലം കഴിയുന്തോറും ചുരുങ്ങിയ കാശ് മാത്രം മുടക്കി വലിയ ലാഭം കൊയ്യാനുള്ള സൗകര്യമാണ് ധനമൂലധനത്തിന് കൈവരുന്നത്.

മാത്രവുമല്ല, 19-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ ബാങ്ക് പൊളിഞ്ഞാല്‍ അതിന്റെ പൂര്‍ണ ബാദ്ധ്യത ബാങ്കുടമയുടെതാണ്. പിക്കറ്റി ചൂണ്ടിക്കാട്ടിയതുപോലെ ആ എടങ്ങേറില്‍ നിന്ന് ഉടമകളെ രക്ഷിക്കാനാണ് ബാദ്ധ്യത അവനവന്റെ ഷെയറുകളില്‍ മാത്രം ക്ലിപ്തപ്പെടുത്തുന്ന ലിമിറ്റഡ് കമ്പനികള്‍ രൂപം കൊള്ളുന്നത്.

അതു കൊണ്ടു കൂടിയാവാം, 19-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ ബാങ്കുകളുടെ ഷെയറുടമകള്‍ തങ്ങളുടെ ഓഹരി ആജീവാനന്തം സൂക്ഷിക്കാറാണ് പതിവ്. എന്നാല്‍ 1960- 80 കാലത്ത് ഇങ്ങനെയുള്ള സൂക്ഷിപ്പ് കാലം 8 വര്‍ഷമായി ചുരുങ്ങുകയാണ്. 88 ല്‍ ഇത് വീണ്ടും ചുരുങ്ങി 3 വര്‍ഷമാവുന്നു. എന്നു വെച്ചാല്‍ ബാങ്ക് ഷെയറുകള്‍ ശരാശരി 3 വര്‍ഷം മാത്രമാണ് ഒരാള്‍ കൈവശം വെക്കുന്നത്. തരം കിട്ടുമ്പോള്‍ ലാഭം നോക്കി വില്‍പന നടത്തും എന്നര്‍ത്ഥം. വീണ്ടും ഒരിരുപതു വര്‍ഷം കഴിയുമ്പോഴേക്കും എന്നു വെച്ചാല്‍ 2008 ആവുമ്പോള്‍, വെറും 3 മാസത്തിനകം വിറ്റഴിക്കപ്പെടുകയാണ് ഷെയറുകള്‍. ഇപ്പോഴാകട്ടെ, ഹെഡ്ജ് ഫണ്ടുകള്‍ നാനോ സെക്കന്റുകള്‍ക്കുള്ളിലാണ് ഷെയറുകള്‍ കൈമാറ്റം ചെയ്യുന്നത്.

ബാങ്കുകളുടെ ലാഭം

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബാങ്കുകള്‍ നല്‍കിയിരുന്ന ലാഭവിഹിതം തുലോം കുറവായിരുന്നു. ആന്‍ഡ്രൂ ഹാല്‍ഡെയിന്‍ നല്‍കുന്ന കണക്കനുസരിച്ച്, അത് വെറും 4 ശതമാനം മുതല്‍ 6 ശതമാനം വരെ മാത്രമായിരുന്നു. എന്നാല്‍ നൂറ്റാണ്ടവസാനിക്കുമ്പോള്‍ അത് വെച്ചടി വെച്ചടി കയറി 20 ശതമാനമായി മാറുകയാണ്. അമേരിക്കന്‍ ബാങ്ക് പ്രതിസന്ധി പൊട്ടിയൊലിക്കാന്‍ പുറപ്പെട്ട 2007ല്‍ ഗോള്‍ഡ്മാന്‍ സാക്‌സ് തങ്ങളുടെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 30 ശതമാനമായി വര്‍ദ്ധിപ്പിച്ചത് എങ്ങനെയെന്നോ? തങ്ങളുടെ ഇടപാടുകാരോട് അവര്‍ വാങ്ങിക്കൂട്ടാന്‍ ഉപദേശിച്ച CD0 കള്‍ (കൊളാറ്ററല്‍ ഡെബ്റ്റ് ഓബ്‌ളി ഗേഷന്‍ എന്ന സബ് പ്രൈം ഉല്‍പ്പന്നം.) ആ വര്‍ഷം പൊട്ടിത്തകരാന്‍ പോവുകയാണ് എന്നറിഞ്ഞു കൊണ്ട് തന്നെ അവരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട്. ഇതിന്റെ പേരില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് സെക്യുരിറ്റി എക്‌സ്‌ചേഞ്ച് കമ്മീഷന് 55 കോടി ഡോളറാണ് പിഴയടക്കേണ്ടി വന്നത്.

Image result for karl marx

 

ലാഭം കൂടുമ്പോള്‍?

ഇങ്ങനെ കുതിച്ചുയരുന്ന ലാഭവിഹിതം നല്‍കുന്നതിന് കണക്കായി ബാങ്ക് തലവന്മാരുടെ ശമ്പളവര്‍ദ്ധനവിലുമുണ്ടൊരു അതിശയകരമായ കുതിച്ചു ചാട്ടം. 89 ല്‍ അമേരിക്കയിലെ ഏറ്റവും വലിയ 7ബാങ്കുകളുടെ ചെയര്‍മാന്‍മാരുടെ വാര്‍ഷിക വരുമാനം 28 ലക്ഷം ഡോളറായിരുന്നു. അത് ശരാശരി ആളോഹരി വരുമാനത്തിന്റെ 100 ഇരട്ടിയായിരുന്നു. എന്നാല്‍ 2007 ആയപ്പോള്‍ ഇത് 2 കോടി 60 ലക്ഷം ഡോളറായി കുതിച്ചു കയറി. ശരാശരി ആളോഹരി വരുമാനത്തിന്റെ 500 ഇരട്ടി.

ഇങ്ങനെ വമ്പന്‍ പണക്കിഴികള്‍ കൊണ്ടമ്മാനമാടുന്ന വന്‍കിട കുത്തകക്കമ്പനികളുടെ ഭരണസ്വാധീനം വളരെ വലുതാണ്.

വാള്‍സ്ട്രീറ്റ് – ട്രഷറി കോംപ്‌ളക്‌സ്

മാത്രവുമല്ല, ഭരണരംഗത്തുള്ളവര്‍ ബാങ്ക് തലപ്പത്തേക്കും ബാങ്ക് തലവന്മാര്‍ ഭരണരംഗത്തേക്കും മാറി മാറി വരുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു.

ബില്‍ ക്ലിന്റന്റെ കാലത്ത് ട്രഷറി സെക്രട്ടറിയായിരുന്ന
റോബെര്‍ട്ട് റൂബിന്‍ 1999 ആവുമ്പോള്‍ സിറ്റി ഗ്രൂപ്പിന്റെ തലപ്പത്താണ്. ഗോള്‍ഡ്മാന്‍ സാക്‌സിലെ ഹെന്റി പോള്‍സണ്‍ 2006ല്‍ വേഷം മാറി ട്രഷറി സെക്രട്ടറി പദവിയിലാണ് പ്രത്യക്ഷപ്പെട്ടത്. ഒബാമയുടെ ട്രഷറി സെക്രട്ടറി ടിം ഗീത് നര്‍ 2013 ല്‍വാള്‍സ്ട്രീറ്റിലെ ഒരു പ്രധാന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലാണ് ചേക്കേറുന്നത്.

Image result for wall street treasury complex

 

ബ്രിട്ടീഷ് പ്രധാന മന്ത്രിയായി സേവിച്ച് മടുത്ത ടോണി ബ്ലെയര്‍ പിന്നീട് ജെ പി മോര്‍ഗന്‍ ചെയ്‌സിന്റെ ഇന്റര്‍നാഷനല്‍ അഡൈ്വസറി ബോര്‍ഡിലാണ് ചെന്നെത്തുന്നത്. ഫ്രഞ്ച് ധനകാര്യ മന്ത്രിയും പിന്നീട് 2007-11 കാലത്ത് ഐഎംഎഫ് എംഡിയായിരിക്കെ കൈയ്യിലിരിപ്പ് കാരണം പണി പോയ ആളുമായ പഴയ ഡൊമിനിക് സ്‌ടോസ് കാഹ്ന്‍ (DS K ) എല്‍ എസ് കെ ബോര്‍ഡംഗമായിരുന്നു. അനേക രാജ്യങ്ങളുടെ അഡൈ്വസറായിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ഡി എസ് കെ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നോക്കി നടത്തിപ്പായിരുന്നു ശിഷ്ടകാല ജോലി.

ഇങ്ങനെ ഉന്നത രാഷ്ട്രീയ പദവികളും ധന മേഖലയുമായുള്ള ഈ അവിശുദ്ധ ബന്ധം കാരണമാണ് ഐസന്‍ ഹോവറുടെ ഒരു പഴയ പ്രയോഗത്തെ ജഗദീഷ് ഭഗവതി തിരുത്തിയത്. യുദ്ധോപകരണ നിര്‍മ്മാതാക്കളും ഭരണ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ സഖ്യത്തെയാണ് മിലിട്ടറി – ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ് എന്ന് പഴയ അമേരിക്കന്‍ പ്രസിഡണ്ട് വിശേഷിപ്പിച്ചത്. എന്നാല്‍ അതിനെ കാലോചിതം പരിഷ്‌കരിച്ച് വാള്‍സ്ട്രീറ്റ് – ട്രഷറി കോംപ്ലെക്‌സ് എന്ന പ്രയോഗമാണ് ജഗദീഷ് ഭഗവതി നടത്തിയത്. ഓഹരിച്ചന്തയും ഭരണ സിരാ കേന്ദ്രവും തമ്മിലുള്ള അവിശുദ്ധ സഖ്യത്തെ കൃത്യമായി സൂചിപ്പിക്കുന്ന ഒരു പ്രയാേഗമായി മാറി അത്.

എഴുപതുകളില്‍ നടന്നത്

ധനമേഖലക്ക് അസാധാരണമായ ഒരു കുതിച്ചു ചാട്ടമുണ്ടാവുന്നത് എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കത്തിലുമാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഏതാനും ചില ബാങ്കുകളുടെ കൈപ്പിടിയില്‍ ബിസിനസ്സാകെ കേന്ദ്രീകരിക്കുന്ന പ്രവണതയും ഈ ഘട്ടത്തില്‍ ശക്തമാണ്.

ലാഭം കൂട്ടാന്‍
നാണയവും ചരക്കാക്കുന്നു

ബ്രെട്ടന്‍ വുഡ്‌സ് സമ്പ്രദായം തുടര്‍ന്നു കൊണ്ടുപോവാനാവാതെ 1971 ല്‍ അമേരിക്ക ഡോളറിന് പകരം സ്വര്‍ണം കൊടുക്കാമെന്ന പഴയ കരാറില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. എന്തിനെയും ലാഭമുണ്ടാക്കാനുള്ള അവസരമാക്കി മാറ്റുന്ന മൂലധനം ഈയവസരത്തെ നന്നായി ഉപയോഗപ്പെടുത്തുകയാണ്. ഒരു പ്രത്യേകനാണയത്തെ ( ഡോളര്‍ ) ആസ്പദമാക്കിയുള്ള അന്താരാഷ്ട്രക്കച്ചവടത്തിന്റെ രീതി മാറുകയാണ്. നാണയങ്ങള്‍ തമ്മില്‍ തമ്മിലുള്ള കൈമാറ്റ നിരക്കിലെ വ്യതിയാനങ്ങളെ ഉപയോഗപ്പെടുത്തി ലാഭം കൊയ്യാനുള്ള അവസരമാണ് അതുണ്ടാക്കിക്കൊടുത്തത്. നാണയമെന്നത് ചരക്കുകള്‍ വാങ്ങുന്നതിനുള്ള മാധ്യമം എന്നതിനു പകരം അതൊരു ചരക്കായി മാറുന്ന അവസ്ഥയാണുണ്ടായത്.

ഊഹക്കച്ചവടം
പെരുകുന്നു

ഇതിനു കണക്കായി നാണയച്ചന്തകള്‍ ഉയര്‍ന്നു വന്നു. യഥാര്‍ത്ഥ വാണിജ്യാവശത്തിനു വേണ്ടതിന്റെ അനേകമടങ്ങ് നാണയങ്ങളാണ് കച്ചവടം ചെയ്യപ്പെട്ടത്.1998 ലെ ഒരു കണക്കനുസരിച്ച് ഒരു ദിവസം നടക്കുന്ന നാണയ ക്കച്ചവടം (currency trade ) 1.5 ലക്ഷം കോടി ഡോളറിന്റെതാണ്. 25 ദിവസം തുറന്നു വെക്കുന്ന നാണയച്ചന്തകളിലായി 375 ലക്ഷം കോടിയുടെ വ്യാപാരമാണ് ഒരു വര്‍ഷം നടന്നത്. അതേയവസരം ഒരു വര്‍ഷത്തെ അന്താരാഷ്ട്ര വാണിജ്യം വെറും 11 ലക്ഷം കോടി ഡോളറിന്റെതാണ്. ഇങ്ങനെ യഥാര്‍ത്ഥ ആവശ്യവുമായി യാതൊരു താരതമ്യവുമില്ലാത്ത രീതിയില്‍ വെറും ഊഹക്കച്ചവടത്തിനായി നാണയ ക്കച്ചവടം പൊടിപൊടിച്ചു.

എഴുപതുകളുടെ അവസാനത്തോടെ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചു ചാട്ടം ഈ കച്ചവടത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. ഇന്നിപ്പോള്‍ നാനോ സെക്കന്റുകള്‍ക്കകം നടക്കുന്ന കൊള്ളക്കൊടുക്കകള്‍ വഴി അതിന്റെ വെലോ സിറ്റിയും വ്യാപ്തവും അനേക മടങ്ങ് വര്‍ദ്ധിച്ചു. ലാഭം കുന്നുകൂടാനും തുടങ്ങി. ഈ നാണയ ക്കച്ചവടത്തിന്റെ അസാധാരണമായ കേന്ദ്രീകരണത്തിന്റെ തോത് മനസ്സിലാക്കാന്‍ 2013 ലെ ഒരു കണക്ക് മതിയാവും.

കണക്ക് നോക്കൂ
കാര്യം തിരിയും.

ആകെ നാണയ ക്കച്ചവടത്തിന്റെ 50 ശതമാനവും കൈകാര്യം ചെയ്തത് വെറും 4 ബാങ്കുകളാണ്. ബാര്‍ ക്ലെയ്‌സ്, യു.ബി.എസ്, ഡ്യൂഷ്, സിറ്റി ബാങ്ക് എന്നിവയാണവ. ഈ നാലിനോട് വേറൊരു ആറെണ്ണം കൂടി കൂട്ടിയാല്‍ ( എച്ച്.എസ്.ബി.സി, ജെ.പി മോര്‍ഗന്‍ ചെയ്‌സ്, ആര്‍.ബി എസ്, ക്രെഡിറ്റ്‌സൂയിസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ബാങ്ക് ഓഫ് അമേരിക്ക ) ഇത് 80 ശതമാനമായി ഉയരും.

1979ല്‍ 1546 ബില്യണ്‍ ഡോളറായിരുന്നു അന്താരാഷ്ട്ര ക്കച്ചവടം. അത് 2013 ആവുമ്പോള്‍ 12 ഇരട്ടി വര്‍ദ്ധിച്ച് 18 800 ബില്യണ്‍ ആവുന്നുണ്ട്. അതേയവസരം കറന്‍സി കച്ചവടം ഇതേ കാലയളവില്‍ എഴുപതിരട്ടിയാണ് വര്‍ദ്ധിച്ചത്.

Image result for currency trade india

 

മൂലധനത്തിന്റെ ഘടന

ലാഭം കുന്നുകൂട്ടാനുള്ള അനന്തസാധ്യതകള്‍ ഇങ്ങനെ തുറന്നു കിട്ടുമ്പോള്‍ മൂലധനത്തിന്റെ ഘടനയില്‍ത്തന്നെ വലിയ വ്യത്യാസമാണ് പ്രകടിതമായത്. ഉല്‍പാദന മേഖലയില്‍ നിന്ന് ധന മേഖലയിലേക്കുള്ള കുത്തിയൊഴുക്ക്. ഈ മലവെള്ളപ്പാച്ചില്‍ നോക്കിയാണ് ഓസ്‌കാര്‍ ഉഗാര്‍ട്ടെഷ് നമ്മുടേത് മുട്ടത്തോടിന്‍മേലൂ ടെയുള്ള നടത്തമാണെന്ന് വിലപിച്ചത്.

എവിടെയും കൂടുകെട്ടാന്‍
താവളങ്ങള്‍സ്ഥാപിക്കാന്‍

ലാഭം കുന്നുകൂട്ടാനുള്ള നെട്ടോട്ടത്തിന് നടുക്ക് തടസ്സങ്ങളായുള്ള എന്തിനെയും തട്ടി മാറ്റുന്നതാണല്ലോ മുതലാളിത്തത്തിന്റെ പൊതു രീതി.
” മൂലധനം – അതിന് എവിടെയും കൂടുകൂട്ടണം, താവളങ്ങള്‍ സ്ഥാപിക്കണം, പാര്‍പ്പുറപ്പിക്കണം”. അതിനുകണക്കായി അത് പുതിയ സിദ്ധാന്തങ്ങള്‍ വിരിയിച്ചെടുക്കുകയും ചെയ്യും.

കെയിന്‍സിനെ
തിരുത്തി ലിബറലിസം

സര്‍വതന്ത്ര സ്വതന്ത്രമായ മൂലധനം എന്നത് സോവിയറ്റ് യൂനിയന്റെ ആവിര്‍ഭാവത്തിനു ശേഷം അത്ര എളുപ്പം ചെലവാകാതെ വന്നപ്പോഴാണ് കെയിന്‍സ് സായ്പ് “എന്റ് ഓഫ് ലെസ്സെ ഫെയര്‍ ” എന്ന പുസ്തകമെഴുതുന്നത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 1927 ല്‍ ലുഡ് വിഗ് മൈസസ് എന്ന സ്വതന്ത്ര കമ്പോള വാദി അതിനെ എതിര്‍ത്തുകൊണ്ടെഴുതിയ പുസ്തകമാണ് “ലിബറലിസം”. കമ്യൂണിസ്റ്റുകാരെ കൈകാര്യം ചെയ്തതിന്റെ പേരില്‍ മുസ്സോളിനിക്ക് സ്തുതി വചനങ്ങള്‍ ഉതിര്‍ക്കുന്നുണ്ട് മൈസസ്.

പത്തു നാല്‍പതു വര്‍ഷക്കാലം പസിഫിക്കിന്റെ ഇരുകരകളിലും ഒരുപോലെ സ്വീകരിക്കപ്പെട്ട കെയ്‌നീഷ്യനിസത്തെ തള്ളിക്കളയുന്ന ലിബറലിസ്റ്റുകള്‍ എന്നറിയപ്പെട്ട യാഥാസ്ഥിതിക കമ്പോള മൗലികതാവാദികള്‍ കര്‍ട്ടനു പിറകില്‍ നന്നായി മിനക്കെട്ടിരുന്നു. 1938 ല്‍ സര്‍വതന്ത്ര സ്വതന്ത്രരായ ഈ കമ്പോള മൗലികതാവാദികള്‍ പാരീസില്‍ യോഗം ചേരുന്നുണ്ട്. അവിടെ വെച്ചാണ് പുതിയ മാമോദീസയില്‍ ലിബറലിസം “നവലിബറലിസ”മായി പേരു മാറുന്നത്. (നവം നവം എന്ന് പേര്‍ ചൊല്ലി വിളിക്കുന്ന ഈ കിളവിക്ക് 80 വയസ്സാവുന്നു എന്ന കാര്യം ആരും ഓര്‍ക്കാറില്ല എന്നു മാത്രം.)

Image result for John Maynard Keynes

 

സാമ്പത്തിക – രാഷ്ട്രീയ- പത്രപ്രവര്‍ത്തന മേഖലയിലുള്ള 11 ” ബുദ്ധിരാക്ഷസന്മാരാ”ണ് അതില്‍ പങ്കെടുത്തത്. 1947 ല്‍ സ്വിറ്റ്‌സര്‍ലാന്റിലെ മൗണ്ട് പെലേറിനില്‍ കുറെക്കൂടി വിപുലമായ ഒരു യോഗം വിളിച്ചുകൂട്ടാന്‍ മുന്‍കൈ എടുത്തത് ലുഡ് വിഗ് മൈസസിന്റെ ശിഷ്യനായ വോണ്‍ ഹായെക്കാണ്. മില്‍ട്ടന്‍ ഫ്രീഡ് മാനെപ്പോലുള്ള ശിഷ്യരെ മൈസസ്സിനും വോണ്‍ ഹായെക്കിനു കിട്ടുകയും ചെയ്തു. കെയ്‌നീഷ്യന്‍ നയങ്ങളുടെ പ്രാഭവ കാലത്ത് പ്യൂപ്പാ ദശയില്‍ സുഷുപ്തിയില്‍ കഴിയുകയായിരുന്നു സ്വതന്ത്രവ്യാപാര വാദികള്‍. എന്നാല്‍ കെയ്‌നീഷ്യന്‍ ചൊട്ടു വിദ്യകള്‍ കൊണ്ട് ഉണക്കിക്കളയാവുന്ന മുറിവുകളല്ല മുതലാളിത്തത്തിന്റെത് എന്ന് വ്യക്തമായ ഘട്ടത്തില്‍ നവലിബറലിസ്റ്റുകള്‍ ചിറകടിച്ചുയരുന്ന പൂമ്പാറ്റകളപ്പോലെ രംഗത്തെത്തി. 70 കളുടെ തുടക്കത്തില്‍ തന്നെ അമേരിക്കന്‍ സാമ്രാജ്യത്വം കടിച്ചൂമ്പി വലിച്ചെറിഞ്ഞ ചിലിയിലാണ് സ്വതന്ത്ര കമ്പോള വാദികള്‍ തങ്ങളുടെ സാമ്പത്തിക നയങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങിയത്.

ധന മേഖലയുടെ പ്രാമുഖ്യം

1979 ല്‍ ബ്രിട്ടനില്‍ അധികാരമേറ്റ താച്ചറും അതേ കാലത്ത് അമേരിക്കന്‍ പ്രസിഡണ്ടായ റീഗനും വോണ്‍ ഹായെക്കിന് പണ്ടേ ശിഷ്യപ്പെട്ടവരാണ്. സ്വാഭാവികമായും ചിലിയില്‍ ആരംഭിച്ച പരീക്ഷണത്തിന്റെ തുടര്‍ പ്രയോഗം നടന്നത് ബ്രിട്ടനിലും യുഎസ് എയിലുമായിരുന്നു. സാമ്രാജ്യത്യകാലഘട്ടത്തിലെ ദയാരഹിതമായ മുതലാളിത്തത്തിന്റെ കര്‍ക്കശമായ ചൂഷണത്തിനായി വാതിലുകളെല്ലാം തുറന്നിടണമെന്നതായി രീതി. കമ്പോളത്തിന് തടസ്സങ്ങളുണ്ടാക്കുന്ന എടങ്ങേറുകളൊക്കെ തട്ടി മാറ്റണം. ആദ്യ തടസ്സം തൊഴിലാളി യൂനിയനുകളാണെങ്കില്‍ അവയെ തച്ചുടയ്ക്കണം. അങ്ങനെ സര്‍വ്വതന്ത്ര സ്വതന്ത്രമായ മുതലാളിത്തത്തിന് വഴിയൊരുങ്ങിക്കൊണ്ടിരുന്ന കാലഘട്ടമാണ് 70 കളുടെ അവസാനവും 80കളുടെ തുടക്കവും.
ധന മേഖലക്കും ധനമൂലധനത്തിനും പ്രാമുഖ്യം കിട്ടുന്നത്
ഈയാെരന്തരീക്ഷത്തിലാണ്.

കാലം മാറിയപ്പോള്‍

അമേരിക്കയിലെ ധനമൂലധനനാഥന്മാര്‍ പുതിയ കാലത്തിനനുസരിച്ച് തങ്ങളുടെ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനായി കരുക്കള്‍ നീക്കിക്കൊണ്ടിരുന്നു. റൂസ്വെല്‍ടിന്റെ കാലത്ത് മഹാമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ നിയന്ത്രണങ്ങളാകെ അറുത്തുമാറ്റണമെന്നതായിരുന്നു ആവശ്യം. അന്ന് ബാങ്കുകള്‍ക്കും ഓഹരിച്ചന്തകള്‍ക്കുമിടക്ക് കെട്ടിപ്പൊക്കിയ കൂറ്റന്‍ കന്മതിലായിരുന്നു ഗ്ലാസ് സ്റ്റീഗാള്‍ ആക്ട് . ബാങ്കുകള്‍ നിക്ഷേപകരുടെ കാശെടുത്ത് ചൂതാട്ടം നടത്തി കുത്തുപാളയെടുക്കാതിരിക്കാനാണ് അന്ന് ഇങ്ങനെ യൊരു നിയമം പാസ്സാക്കിയത്.

റൂസ്‌വെല്‍റ്റ്

പുതിയ സാങ്കേതികവിദ്യ കുതിച്ചുയര്‍ന്ന ഘട്ടത്തില്‍ സങ്കീര്‍ണമായ സങ്കേതങ്ങള്‍ വഴി ലാഭം കൂടുതല്‍ പെരുപ്പിക്കാനുള്ള നൂതന സംവിധാനങ്ങള്‍ കണ്ടെത്താനായി. അത്തരമൊരു കാലത്ത് പഴയ മാന്ദ്യത്തെയോര്‍ത്ത് ഞെട്ടി വിറച്ചിരിക്കേണ്ടതില്ല, പകരം അതിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് എന്നായി ന്യായം. പുതിയ ധനോല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുകയും അവ ചൂടപ്പം പോലെ വിറ്റുതീരുമെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതു വഴി യഥാര്‍ത്ഥത്തില്‍ അമേരിക്ക അതിന്റെ സമ്പദ് വ്യവസ്ഥയിലെ രക്ഷാ വാല്‍വുകള്‍ ഊരിയെറിയുകയായിരുന്നു.

പുതിയ ചൂതാട്ടം
പുതിയ സാധ്യതകള്‍

അതാകട്ടെ അതേ സമയം അനന്തസാധ്യതകളാണ് തുറന്നു കൊടുത്തത്. കാശ് കൊണ്ട് കാശുണ്ടാക്കുന്ന വിദ്യ സാര്‍വത്രികമായി. പുതിയ ചൂതാട്ടത്തിനു പറ്റിയ പുത്തന്‍ വാതുവെപ്പുപകരണങ്ങള്‍ കണ്ടു പിടിക്കപ്പെട്ടു.
നേരത്തേ ചരക്കുകള്‍ കൈമാറ്റം ചെയ്യാനുള്ള മാദ്ധ്യമമായിരുന്നു നാണയം..എന്നാല്‍ അതു തന്നെ ചരക്കായി മാറി. അതേപോലെ, ഏത് വ്യതിയാനവും — വിദേശനാണ്യ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്കിലെ കയറ്റിറക്കങ്ങള്‍, ചരക്ക് വിലയിലെ വ്യത്യാസങ്ങള്‍, എന്തിനേറെ കാലാവസ്ഥാ വ്യതിയാനം പോലും — വാതുവെപ്പിന് വിധേയമാക്കാം, അതില്‍ പ്രവീണരായ പുതിയ സാങ്കേതിക വിദഗ്ധരുണ്ടായാല്‍ മതി, ലാഭം പൊടിപൊടിക്കും എന്നായി.

നേരത്തേ കണ്ടതുപോലെ രാഷ്ട്രീയ നേതൃത്വവും ധനമൂലധനനാഥന്മാരും തമ്മിലുള്ള അവിശുദ്ധ സഖ്യം കൂടിയായപ്പോള്‍ വന്‍കിട ബാങ്കുകള്‍ക്ക് പുതിയ വാതുവെപ്പുപകരണങ്ങള്‍കൊണ്ട് ലോകത്തെയാകെ അമ്മാനമാടാമെന്നായി. അതിന്റെ ഭാഗമായാണ് ഗാട്ട് ചര്‍ച്ചകളവസാനിപ്പിച്ചുണ്ടാക്കിയ കരാര്‍. അതിലെ ഒറ്റ വാചകത്തിലൂടെ ലോകത്താകെയുള്ള ധന മേഖലയിലേക്ക് പുതിയ ആയുധങ്ങളുമായി കടന്നു ചെല്ലാന്‍ ബഹുരാഷ്ട്ര കുത്തക ബാങ്കുകള്‍ക്ക് അവസരം കിട്ടി..

ഓഹരിച്ചന്തയിലും വിദേശനാണ്യച്ചന്തയിലുമെന്നപോലെ കമാേഡിറ്റി മാര്‍ക്കറ്റിലുമൊക്കെ ഇടപെടാനാവുന്ന പുതിയ തരം ഏറു പടക്കങ്ങളുമായെത്തിയ അമേരിക്കന്‍ ബാങ്കുകളുടെ കണ്ണഞ്ചിക്കുന്ന വരവിന് മുന്നില്‍ തൊഴുകയോടെ നില്‍ക്കുകയായിരുന്നു തദ്ദേശീയ ബാങ്കുകള്‍. ധന മേഖലയടക്കമുള്ള സകലമാന മേഖലകളിലും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കടന്നു കയറാന്‍ പാകത്തില്‍ പ്രവേശനാനുമതി നേടിയെടുക്കാന്‍ WT0 വിനെ അവര്‍ ഉപയോഗപ്പെടുത്തി.

ഡൗട്ടിങ്ങ് തോമസ് ?

ഈ പുതിയ ധനോല്‍പ്പന്നങ്ങളെ സര്‍വ്വതന്ത്രസ്വതന്ത്രമായി വിട്ടാല്‍ ബാങ്കിങ്ങ് സമ്പ്രദായത്തിനു തന്നെ മാരകമായ പാര്‍ശ്വഫലങ്ങളുണ്ടാവില്ലേ എന്ന് സംശയിച്ചവരെ (അക്കൂട്ടത്തില്‍ ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റില്‍ മെന്റ്‌സിന്റെ തലവനായിരുന്ന അലക്‌സാണ്ടര്‍ ലാം ഫാ ലൂസിയടക്കം പെടും.) ഡൗട്ടിങ്ങ് തോമസുമാരെന്ന് മുദ്രകുത്തിപ്പോന്നതാണ്. ഇമ്മാതിരി പുതിയ ധനോല്‍പ്പന്നങ്ങളെല്ലാം

” ബാങ്കര്‍മാരുടെ സര്‍ഗാത്മകതയുടെ ആവിഷ്‌കാരമാണെ”ന്ന് ഒരിക്കല്‍ സ്തുതിച്ച ഫെഡറല്‍ റിസര്‍വ് തലവന്‍ അല്ലെന്‍ ഗ്രീന്‍സ് പാന്‍ വേറൊരു ഘട്ടത്തില്‍ ഇത്തിരി ബേജാറായി പറഞ്ഞത് ഇങ്ങനെയാണ്: “Globalised financial behemoth Stretches
beyond the full
comprehension of even the most Sophisticated market participants ” എന്ന്! ആഗോളവല്‍ക്കരിക്കപ്പെട്ട ഈ ധനകാര്യ ഭീമാകാരന്‍രാക്ഷസ രൂപം പടര്‍ന്നു പന്തലിച്ചെഴുന്നു നില്‍ക്കെ, ഏറ്റവും പരിഷ്‌കൃതനായ ഒരു കമ്പോള പങ്കാളിക്ക് തന്നെയും അതിനെ കൃത്യമായി ഗ്രഹിക്കാന്‍ കഴിയില്ല.” എന്ന്.

കഴിയില്ല എന്ന് അനുഭവം

കഴിഞ്ഞില്ല എന്നു തന്നെയാണ് 2007-08 ലെ ബാങ്ക് തകര്‍ച്ചകള്‍ ചൂണ്ടിക്കാട്ടിയത്. നിയന്ത്രണ വിമുക്തമായ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചു പോന്ന കമ്പോള മൗലികവാദികള്‍ അന്തം വിട്ടു നോക്കി നില്‍ക്കവെ, ബാങ്കുകള്‍ ഓരോന്നായി നിലംപൊത്തി. തകര്‍ന്ന ബാങ്കുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടു. മാര്‍ക്കറ്റ് സ്വയം തിരുത്തും എന്ന വാദം തെറ്റാണെന്ന് ഇപ്പോള്‍ തിരിഞ്ഞെന്ന് സര്‍ക്കോസിക്ക് പോലും പറയേണ്ടി വന്നു.

Image result for p chidambaram

 

കുത്തക മുതലാളിത്ത കാലത്തെ കമ്പോള മൗലികതാവാദം ഉയര്‍ത്തിപ്പിടിച്ചു നിന്നവരൊന്നടങ്കം കണ്ണുതള്ളിക്കൊണ്ടിരിക്കുമ്പോഴാണ് അന്നത്തെ ഇന്ത്യന്‍ ധനമന്ത്രി ചിദംബരം ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഒരു കുഴപ്പവും വരില്ല എന്നുറക്കെ പ്രഖ്യാപിച്ചത്. ”
അതിന് കാരണയായി പറഞ്ഞത്, ദേ ആര്‍ വെല്‍ റെഗുലേറ്റഡ് എന്നാണ്. നന്നായി നിയന്ത്രിക്കപ്പെടുന്നതുകൊണ്ടും മിക്കവാറും ബാങ്കുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയതു കൊണ്ടും കുഴപ്പം വരില്ല എന്നാണ് ചിദംബരം പറഞ്ഞത്.

നവലിബറലിസത്തിന്റെ
ലക്ഷണമൊത്ത രേഖ

എന്നാല്‍ അതിനും ദിവസങ്ങള്‍ക്ക് മുമ്പ്, തന്നെ വന്നു കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച രഘുറാംരാജനോട് അദ്ദേഹത്തിന്റെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കും എന്നാണ് ചിദംബരം പറഞ്ഞത്. നിയന്ത്രണങ്ങളെല്ലാം എടുത്തുകളയാനും സര്‍ക്കാര്‍ ഉടമസ്ഥത വേണ്ടെന്നു വെക്കാനുമായിരുന്നു രഘുറാംരാജന്റെ ശുപാര്‍ശകള്‍. അത് ഉടന്‍ നടപ്പാക്കാനിരുന്നതിന് നടുക്കാണല്ലോ അമേരിക്കന്‍ ബോട്ടുകള്‍ ഒന്നിച്ച് മുങ്ങിയത്. മുങ്ങുന്ന തോണിയുടെ പുറം ഭാഗമാണ് നല്ലത് എന്ന് പറയാനുള്ള അവിവേകം കാട്ടിയില്ല എന്നു മാത്രം.

യഥാര്‍ത്ഥത്തില്‍ ആഗോള ഫൈനാന്‍സിന്റെ താല്‍പര്യാര്‍ത്ഥം 1991 മുതല്‍ തട്ടിപ്പടച്ചുണ്ടാക്കിയ കമ്മിറ്റികളുടെ ശുപാര്‍ശകളുടെ അകത്തുകയാണ് രഘുറാംരാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ലോകബാങ്ക് രേഖയുടെ ഈച്ചക്കാേപ്പിയായിരുന്ന നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ ഒട്ടനവധി പഠനരേഖകള്‍ വന്നതില്‍ ഏറ്റവും ലക്ഷണമൊത്ത നവലിബറല്‍ ആശയങ്ങളാണ് രഘുറാം രാജന്‍ മുന്നോട്ടുവെച്ചത്.

റിസ്‌ക് കൂടിയ പുതിയ വാതുവെപ്പുപകരണങ്ങള്‍ കൂടുതല്‍ നന്നായി ഉപയോഗപ്പെടുത്തല്‍, ഹുണ്ടികക്കാരെ സഹായിച്ചുകൊണ്ട് അതു വഴി ഗ്രാമീണ വായ്പാ മേഖല ശക്തിപ്പെടുത്തല്‍, ബാങ്കുകള്‍ ചെയ്യുന്ന പണി സാമുദായിക സംഘടനകളെക്കൊണ്ടും വളണ്ടറി ഏജന്‍സികളക്കൊണ്ടും ചെയ്യിക്കാന്‍ ബാങ്കിങ്ങ് കരസ് പൊണ്ടന്റ് സംവിധാനം, ലാഭകരമായ സഹകരണ ബാങ്കുകളെ കമ്പനികളാക്കുകയും നഷ്ടത്തിലുള്ളവയെ അടച്ചു പൂട്ടുകയും ചെയ്യുക, പലിശ നിരക്ക് നിയന്ത്രണ വിമുക്തമാക്കല്‍, സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്റെയും പാര്‍ലമെന്റിന്റെയും ഇടപെടല്‍ ഒഴിവാക്കല്‍; സംയോജനങ്ങളും ലയനങ്ങളും വഴിയുള്ള ശാക്തീകരണം;ധനമേഖ ലാനിയന്ത്രണം സംബന്ധിച്ചുള്ള നിയമങ്ങളാകെ മാറ്റിയെഴുതല്‍ എന്നിങ്ങനെ നവ ഉദാരവല്‍ക്കരണവാദികള്‍ക്കിണങ്ങിയ കമ്പോള സൗഹൃദ സമീപനം പുലര്‍ത്തുന്ന ഈ റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രതിസന്ധികാരണം അട്ടത്തു കെട്ടിവെക്കേണ്ടി വന്നു. അതില്ലായിരുന്നെങ്കില്‍, അഥവാ തകര്‍ച്ച കുറച്ചു കൂടി വൈകിയിരന്നെങ്കില്‍, ഇതാകെ നടപ്പാക്കപ്പെട്ടിരിക്കും. കൊമ്പന്‍ പോയ വഴിക്കു തന്നെ മോഴയും പോയിട്ടുണ്ടാവും. പൊട്ടിച്ചിതറി തകര്‍ന്നു നശിച്ചേനേ ഇന്ത്യന്‍ ധന മേഖലയും സമ്പദ് വ്യവസ്ഥയും.

തിരുത്തിയെഴുതപ്പെടുന്ന
നിയമങ്ങള്‍

ഇപ്പോള്‍ ബാങ്കിങ് റഗുലേഷന്‍ ആക്ട് ആഗോള മൂലധന താല്‍പര്യമനുസരിച്ച് ഭേദഗതി ചെയ്യപ്പെട്ടു കഴിഞ്ഞു.ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും സ്വകാര്യ ബാങ്കുകളുടെ വിദേശ വല്‍ക്കരണവും
അനായാസം നടത്തിയെടുക്കാനാവുന്ന രീതിയില്‍ മാറ്റിയെടുത്തു കഴിഞ്ഞു. ഉടമസ്ഥതയുടെ കാര്യത്തിലുള്ള നിയന്ത്രണ ങ്ങളാണ് എടുത്തുകളഞ്ഞത്.

Image result for raghuram rajan and jaitley

ഇതിനും പുറമെ
ജീവിതം ജമാക്കാന്‍

ഇതിനൊക്കെപ്പുറമെ ജനജീവിതം ജാമാക്കി മാറ്റുന്ന ജാം പദ്ധതിക്ക് പിന്നില്‍ ധനപരമായ ഉള്‍ച്ചേര്‍ക്കലാണ് എന്നാണ് പ്രഖ്യാപിക്കപ്പെട്ടതെങ്കിലും അത് മറ്റൊരു ആഗോള ഗൂഢാലോചനയുടെ ഫലമാണ് എന്നതാണ് വാസ്തവം. നോട്ടു റദ്ദാക്കലിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം മറച്ചുവെച്ചവര്‍ ഈ ജാമിനു പിന്നിലുള്ള യഥാര്‍ത്ഥ ലക്ഷ്യവും മറച്ചു പിടിക്കുകയാണ്.

2012 മുതല്‍ നിലവിലുള്ള ബെറ്റര്‍ ദാന്‍ ക്യാഷ് അലയന്‍സില്‍ വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ മാത്രമല്ല; സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങളുമുണ്ട്. മൈക്രോ സോഫ്റ്റിന്റെ ബില്‍ ഗെയ്റ്റ്‌സിനൊപ്പം അതില്‍ ഇന്ത്യ എന്ന രാജ്യവും അംഗമാണ്. 2015ല്‍ വാഷിങ്ടണില്‍ ചേര്‍ന്ന ഫൈനാന്‍ഷ്യല്‍ ഇക്ലൂഷന്‍ ഫോറത്തിന്റെ യോഗത്തില്‍ ബില്‍ ഗെയ്റ്റ് സ് പ്രസംഗിക്കുന്നതിനിടയില്‍ ഇതും പറഞ്ഞിരുന്നു.: “മറ്റെവിടുത്തേക്കാളും സമ്പദ് വ്യവസ്ഥയുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടത്താനാവുക വികസ്വര രാജ്യങ്ങളിലാണ്.ഞങ്ങള്‍ നൈജീരിയ, പാകിസ്ഥാന്‍, ഇന്ത്യ എന്നിവക്കൊപ്പം മറ്റൊരു ഡസന്‍ രാജ്യങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍ ഈ ദിശയിലുള്ളതാണ്.

കേന്ദ്ര ബാങ്കുകളുമായി കൂടിയാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഇന്ത്യയിലെ റിസര്‍വ് ബാങ്കുമായി സഹകരിക്കാന്‍ തുടങ്ങിയിട്ട് 3 വര്‍ഷമായി.അവര്‍ പുതിയ തരത്തിലുള്ള സംവിധാനം പേമെന്റ് ബാങ്ക് എന്ന പേരില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ”

പേമെന്റ് ബാങ്കിന്റെ യഥാര്‍ത്ഥ ലക്ഷ്യം ബില്‍ ഗെയ്റ്റ്‌സിന്റെ വാക്കുകളില്‍ വ്യക്തം.അതിനു തന്നെയാണ് ജാമും.(JAMജന്‍ധന്‍, ആധാര്‍, മൊബൈല്‍). ബില്‍ ഗെയ്റ്റ്‌സ് ഇങ്ങനെ ഊറ്റം കൊള്ളുന്ന പേമെന്റ് ബാങ്ക് എന്ന സംവിധാനത്തിനു വേണ്ടിയുള്ള ശുപാര്‍ശ സമര്‍പ്പിച്ചത് റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോഡ് ഡയരക്ടറായ നചികേത് മോര്‍ ആണ്. ആ നചികേത് മോറാണ് ബില്‍ & മിലിന്ദ് ഗെയ്റ്റ് സ് ഫൗണ്ടേഷന്റെ ഇന്ത്യയിലെ പ്രിന്‍സിപ്പല്‍ ഡയരക്ടര്‍. കൂലി ഇക്കാലത്ത് വരമ്പത്തുവെച്ചുതന്നെ!

കിട്ടാക്കടത്തിന്റെ പേരില്‍

പൊതുമേഖലാ ബാങ്കുകള്‍ കിടാക്കടത്തിന്റെ അമിതഭാരം പേറി മുതു കൊടിയേണ്ടി വരുന്നത് ചങ്ങാത്ത മുതലാളിത്തത്തിന്റെ ശക്തി പെരുകി വരുന്നതു കൊണ്ടാണ്. കടം വാങ്ങി നടുവൊടിച്ച ഇതേ കുത്തകകള്‍ക്ക് ബാങ്കുട മസ്ഥത തന്നെ ചാര്‍ത്തിക്കൊടുക്കാനാണ് നീക്കം. അതിന് കണക്കായി ഒരു ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു.രാജ്യത്തെ നിലവിലുള്ള നിയമസംവിധാനങ്ങളെയാകെ നോക്കുകുത്തിയാക്കി മാറ്റുകയാണ് ഈ പുതിയ ബില്ല്. ബാങ്കുകളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന റിസര്‍വ് ബാങ്കിന്റെയും ഇന്‍ഷുറന്‍സിന്റെ റഗുലേറ്ററായ ഐആര്‍ഡിഎയുടെയും റോള്‍ വെട്ടിച്ചുരുക്കി അതൊക്കെ പുതുതായി രൂപവല്‍ക്കരിക്കുന്ന തീര്‍പ്പ് കോര്‍പറേഷന് ഏല്‍പിച്ചു കൊടുക്കുകയാണ്.

തീര്‍പ്പ് കോര്‍പറേഷന്‍ ?

ബാങ്കുകളായാലും ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളായാലും ബാങ്കേതര ..സ്ഥാപനങ്ങളായാലും അവയെ ഒക്കെ കൈകാര്യം ചെയ്യാനായി ഒരു പുതിയ തീര്‍പ്പ് കോര്‍പറേഷന് രൂപം കൊടുത്തിരിക്കുകയാണ്. ഏതു സ്ഥാപനവും അടച്ചുപൂട്ടാന്‍ ഇങ്ങനെയൊരു സംവിധാനത്തിന് ഭരണഘടനാതീതമായ അമിതാധികാരമാണ് നല്‍കിയിരിക്കുന്നത്. ചങ്ങാത്ത മുതലാളിത്തം കൊടികുത്തി വാഴുന്ന ഒരു കാലത്ത് ഇത്തരം അധികാരങ്ങള്‍ ഉപയോഗപ്പെടുത്തുക വന്‍ കിട കുത്തകകളാണ് എന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.

 

പ്രശ്‌ന പരിഹാരം ആരുടെ ചെലവില്‍?

കിട്ടാക്കടം അതി ഭീമമായി പെരുകിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. ഭരണ രാഷ്ടീയ നേതൃത്വവും വന്‍കിട ബിസിനസ്സുമായുള്ള അശുദ്ധമായ അവിഹിത ബന്ധമാണ് ഇതിങ്ങനെ പെരുകി വരാന്‍ കാരണം. കിട്ടാക്കടത്തിന്റെ 88 ശതമാനവും വന്‍കിട കമ്പനികളുടേതാണ്. ബാങ്കുകളുടെ നിലനില്‍പ് തന്നെ അപകടപ്പെടുത്തുന്ന ഈ പ്രശ്‌നം സാധാരണ ഇടപാടുകാരുടെ ചെലവില്‍ പരിഹരിക്കാനാണ് എഫ്.ആര്‍.ഡി.ഐ ബില്ല് പരിശ്രമിക്കുന്നത്. വന്‍കിടക്കാര്‍ ബാങ്ക് വായ്പയെടുത്ത് തിരിമറി നടത്തി കിട്ടാക്കടം വരുത്തി വെക്കുന്നത് കാരണം ബാങ്കുകള്‍ തകര്‍ച്ചയിലേക്ക് നീങ്ങാതിരിക്കണമെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത്.

അതിനു പകരം ഒരു ബെയ്ല്‍ ഇന്‍ പദ്ധതിയാണ് എഫ്.ആര്‍.ഡി.ഐ ബില്ല് പ്രഖ്യാപിച്ചിരിക്കുന്നത്. സൈപ്രസ്സില്‍ ചെയ്തതുപോലെ ബാങ്ക് നിക്ഷേപങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. ഇങ്ങനെയൊരു നടപടിയാകട്ടെ, ആഗോള മൂലധന താല്‍പര്യം സംരക്ഷിക്കാനായി ഉണ്ടാക്കിയ ഫൈനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡിന്റെ നിര്‍ദേശമാണ്. അത്തരമൊരു സ്റ്റെബിലിറ്റി ബോഡ് രൂപം കൊണ്ടത് 2007 ലെ അമേരിക്കന്‍ ബാങ്ക് തകര്‍ച്ചക്ക് ശേഷമാണ്. 1997ലെ ഏഷ്യന്‍ പ്രതിസന്ധി കാലത്ത് പരിഹാര നിര്‍ദേശത്തിന് കെല്‍പ്പുണ്ടെന്ന നാട്യത്തില്‍ G 7 കണ്ടെത്തിയ പുതിയ സംവിധാനമാണ് ന്യൂ ഇന്റര്‍നാഷനല്‍ ഫൈനാന്‍ഷ്യല്‍ ആര്‍ക്കിടെക്ച്വര്‍.അതിന് മൂന്നാണ് ഘടകങ്ങള്‍. ഒന്ന് G 20. (G 7 എന്ന വികസിത സമ്പന്നരാജ്യങ്ങള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട രാജ്യങ്ങളെക്കൂടി കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ഒരു സംവിധാനം.

രണ്ട്, ഫൈനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഫോറം. മൂന്ന്, R0SCs (Report on observance of Standards and codes. മാനദണ്ഡങ്ങളും നിലവാരങ്ങളും പുതുക്കി പണിയാനുള്ള വേദി.) ഈ മൂന്നു ഘടകങ്ങളിലൊന്നായ ഫൈനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഫോറത്തിനെ ഫൈനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡാക്കി (FSB) മാറ്റാന്‍ തീരുമാനിച്ചത് 2008 ലെ G 7 രാഷ്ട്രങ്ങളുടെ ലണ്ടന്‍ ഉച്ചകോടിയാണ്.
അങ്ങനെയുള്ള എഫ്.എസ്.ബിയുടെ നിര്‍ദേശമാണ് ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി ഇനിമേല്‍ ബെയ്ല്‍ ഔട്ടല്ല, ബെയ്ല്‍ ഇന്നാണ് വേണ്ടത് എന്നത്.

 

പുറത്തു നിന്നുള്ള രക്ഷയല്ല, അകത്തു നിന്നുള്ള സഹായമാണ് വേണ്ടത് എന്ന്. അതിന്റെ ഭാഗമായാണ് സൈപ്രസ്സില്‍ സാധാരണ നിക്ഷേപകരുടെ ചെലവില്‍ ബാങ്കുകളെ രക്ഷിക്കാനുള്ള ശ്രമം നടന്നത്.
ബാങ്കുകളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ രാജ്യങ്ങള്‍ തന്നെ കുത്തുപാളയെടുക്കുന്ന സാഹചര്യത്തില്‍ കുത്തക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന G 7 ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചതില്‍ അത്ഭുതമില്ല. എന്നാല്‍ അതേ നിര്‍ദേശമാണ് ഇപ്പോള്‍ ഇന്ത്യന്‍ ധനകാര്യ മേഖലയിലും അടിച്ചേല്‍പ്പിക്കപ്പെടുന്നത്.

മൂലധനസമാഹരണം
എന്ന പേരില്‍

ഇങ്ങനെ നഗ്‌നമായി നടത്തിക്കൊണ്ടിരിക്കുന്ന കുത്തകാനുകൂല നിലപാടുകളെ മറച്ചുവെക്കാനായി നടത്തിയ പ്രഖ്യാപനമാണ് പുതിയ മൂലധനസമാഹരണ നടപടി. 2,11,000 കോടി രൂപ പൊതുമേഖലാബാങ്കുകള്‍ക്കായി കണ്ടെത്തുന്നതിനെക്കുറിച്ചുള്ള വെണ്ടക്കകളാണ് നിരക്കുന്നത്. പിടിപ്പുകേട് കൊണ്ട് കിട്ടാക്കടം കൂടി വരുന്ന പൊതുമേഖലാ ബാങ്കുകള്‍ക്കായി ഒരു കൈത്താങ്ങ് എന്ന മട്ടിലാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. സൂക്ഷ്മാംശങ്ങള്‍ മനസ്സിലാക്കിയാലേ അതിന്നു പിന്നിലുള്ള തട്ടിപ്പ് ബോദ്ധ്യപ്പെടൂ.

രണ്ടു ലക്ഷത്തി പതിനൊന്നായിരം കോടിയില്‍ സര്‍ക്കാര്‍ നല്‍കുക വെറും 18,000 കോടി മാത്രം.58,000 കോടി ഷെയറുകള്‍ വില്‍പന നടത്തി മാര്‍ക്കറ്റില്‍ നിന്ന് കണ്ടെത്തണം. ബാക്കി 1,35,000 കോടിയുടെ ബോണ്ടുകള്‍ ഇറക്കുകയാണ്. 1,35,000 കോടിയുടെ ബോണ്ടുകള്‍ ആവാമെങ്കില്‍ അതിനൊടൊപ്പം ഒരു 58,000 കോടി കൂടി കൂട്ടി 1,93,000 കോടിയുടെ ബോണ്ടുകളിറക്കിയാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷെയറുകള്‍ വെറുതെ വിറ്റുതുലയ്‌ക്കേണ്ടതില്ലല്ലോ എന്ന ചോദ്യത്തിന് ഉത്തരമില്ല. തഞ്ചം നോക്കി സ്വന്തം വര്‍ഗത്തില്‍ പെട്ടവര്‍ക്ക് ബാങ്കുടമസ്ഥത പതിച്ചു കൊടുക്കല്‍ തന്നെയാണ് ലക്ഷ്യം. മെല്ലെ മെല്ലെ ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളെ നാടനും മറുനാടനുമായ കുത്തകകള്‍ക്ക് പതിച്ചു കൊടുക്കുക തന്നെ.

ലോകത്താകെ ആധിപത്യം ചെലുത്തിപ്പോരുന്ന നിയോലിബറല്‍ നയങ്ങള്‍ നിര്‍ബാധം നടപ്പാക്കാനുള്ള നെഞ്ചുറപ്പ് പുതിയ ഭരണാധികാരികള്‍ക്ക് വേണ്ടത്ര ഉണ്ടെന്നാണല്ലോ ആഗോള മൂലധനം കണ്ടെത്തിയത്. അതിലും നെഞ്ചുറപ്പ് അതിനെ എതിര്‍ക്കുന്നവര്‍ക്കുണ്ടെന്ന് തെളിയിക്കേണ്ട സമയമായിരിക്കുന്നു. ജനങ്ങളിലേക്കാകെ ഈ കൊടും ചതിയുടെയും കൊള്ളയുടെയും യഥാര്‍ത്ഥ ചിത്രം എത്തിച്ചുകൊണ്ടു മാത്രമേ അവരെ ഇതിന് സജ്ജരാക്കാനാവൂ.