ജസീന്റ ആര്‍ഡണും ന്യൂസിലാന്‍ഡ് ജനതയ്ക്കും വേണ്ടി ചേരമാന്‍ ജുമാമസ്ജിദില്‍ പ്രാര്‍ത്ഥന
New Zealand Shooting
ജസീന്റ ആര്‍ഡണും ന്യൂസിലാന്‍ഡ് ജനതയ്ക്കും വേണ്ടി ചേരമാന്‍ ജുമാമസ്ജിദില്‍ പ്രാര്‍ത്ഥന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th March 2019, 9:38 pm

കൊടുങ്ങല്ലൂര്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് ശേഷം ഇരകള്‍ക്കൊപ്പം നിന്ന് ലോകത്തിന് മാതൃക കാണിച്ച ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്റ ആര്‍ഡണും ന്യൂസിലാന്റ് ജനതയ്ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി ചേരമാന്‍ ജുമാ മസ്ജിദ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സി അലി ബാവയുടെ അന്ത്യ ചടങ്ങുകള്‍ക്കിടെയാണ് ചേരമാന്‍ ജുമാമസ്ജിദ് ഇമാം സൈഫുദ്ദീന്‍ അല്‍ഖാസിമിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

“”ന്യൂസിലന്‍ഡിന് ക്ഷേമവും ഐശ്വര്യവും അഭിവൃദ്ധിയും കൈവരട്ടെയെന്നും അവിടത്തെ പ്രധാന മന്ത്രിക്കും ജനതക്കും ആയുര്‍ ആരോഗ്യ സൗഖ്യവും സമ്പല്‍ സമൃദ്ധിയും ഉണ്ടാകട്ടെയെന്നും പ്രാര്‍ത്ഥിച്ച ഇമാം “ഇരയോടൊപ്പം നില്‍ക്കുകയും വേട്ടക്കാരനെ തമസ്‌കരിക്കുകയും ചെയ്ത ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ലോകത്തിനും ഭരണകൂടങ്ങള്‍ക്കും മാതൃക ആണെന്നും പറഞ്ഞു.

അന്‍സിയക്ക് വേണ്ടിയുള്ളത് ഒരു സാധാരണ മയ്യത്ത് നമസ്‌കാരമല്ലെന്നും ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരായ ഐക്യദാര്‍ഢ്യമാണെന്നും സൈഫുദ്ദീന്‍ അല്‍ഖാസിമി പറഞ്ഞു.

ജാതിമതഭേതമന്യേ വന്‍ ജനാവലിയാണ് അന്‍സിയയുടെ അന്ത്യചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. ന്യൂസിലന്‍ഡിന് നന്ദിപറഞ്ഞ് ചേരമാന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ പ്രത്യേക ബോര്‍ഡും സ്ഥാപിച്ചിരുന്നതായി മാധ്യമം റിപ്പോര്‍ട്ട് പറയുന്നു.

അന്‍സിയക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ പൊതുദര്‍ശനത്തിന് വെച്ച മണത്തല കമ്മ്യൂണിറ്റി ഹാളില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഇന്നസെന്റ് എംപി തുടങ്ങി ഒട്ടേറെ പേര്‍ എത്തിയിരുന്നു,

ന്യൂസിലാന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന അന്‍സി ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിലെത്തിയ സമയത്താണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.