മലയാള സിനിമയിലെ അനുഗ്രഹീതയായ അഭിനേത്രിയാണ് ഉർവശി. തെന്നിന്ത്യയിൽ തന്നെ ഉർവശിക്ക് പകരക്കാരുണ്ടാകില്ല എന്ന് വേണം പറയാൻ. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇവർ നേടിയിട്ടുണ്ട്. ഇപ്പോൾ ഹ്യൂമറിനെക്കുറിച്ചും ഫഹദ് ഫാസിലിനെക്കുറിച്ചും സംസാരിക്കുകയാണ് ഉർവശി.
‘കോമഡിക്ക് അതിന്റെതായ സ്ഥാനം കൊടുക്കണം. ഇന്നത്തെ തലമുറ വളരെ മിടുക്കരായിട്ടും അപ്ഡേറ്റഡായിട്ടും നിൽക്കുന്നവരാണ്. പക്ഷെ, ഹ്യൂമർ എന്നുപറയുന്നതിന്റെ പ്രാധാന്യം അറിഞ്ഞ് അവർ സിനിമ ചെയ്യുന്നുണ്ടോയെന്ന് എനിക്കറിയില്ല. ഹ്യൂമർ പലതരത്തിലുണ്ട്. മ്യൂസിക്കിന് വരെ ഹ്യൂമറുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും അത് കേൾക്കുമ്പോൾ കോമഡിയായിട്ട് തോന്നുന്നത്. ഹ്യൂമറിന് അതിന്റേതായ പ്രാധാന്യം പുതുതലമുറ കൽപ്പിക്കുന്നുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്,’ ഉർവശി പറയുന്നു,
ഇപ്പോഴുള്ള എല്ലാവരും ഹ്യൂമർ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നവരാണെന്നും അവർക്കത് ഇഷ്ടമാണെന്നും ഉർവശി പറയുന്നു. സിദ്ദീഖ്- ലാലിന്റെയും സത്യൻ അന്തിക്കാടിന്റെയും ഹ്യൂമർ കാലാതീതമാണെന്നും അതിൽ സത്യൻ അന്തിക്കാട് ഇപ്പോഴും സജീവമാണെന്നും ഉർവശി കൂട്ടിച്ചേർത്തു.
സത്യൻ അന്തിക്കാടിന്റെ സിനിമയിലെ ഇമോഷനും ഹ്യൂമറുമെല്ലാം നമ്മെ എങ്ങനെയെങ്കിലും സ്പർശിച്ച് പോകുമെന്നും ഉർവശി പറയുന്നു.
നായകൻമാരിൽ ഏറ്റവും നന്നായിട്ട് ഹ്യൂമർ കൈകാര്യം ചെയ്യാൻ പറ്റുന്നത് ഫഹദ് ഫാസിലിനാണെന്നും അതുകൊണ്ട് തനിക്ക് ഫഹദിനോട് ഒരു പ്രത്യേക സ്നേഹമുണ്ടെന്നും ഉർവശി കൂട്ടിച്ചേർത്തു. സത്യൻ അന്തിക്കാടിന്റെയും ഫഹദിന്റെയും സിനിമയായ ഇന്ത്യൻ പ്രണയകഥ താനൊരുപാട് പ്രാവശ്യം കണ്ടെന്നും പൃഥ്വിരാജടക്കമുള്ള ഒരുപാട് നടൻമാരുടെ ഹ്യൂമർ ഇഷ്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.
എക്കാലത്തും തനിക്കിഷ്ടപ്പെട്ട അഭിനേതാവ് ഭരത് ഗോപിയാണെന്നും വ്യത്യസ്ത തലങ്ങളിലെ വേഷം ചെയ്യാൻ മറ്റൊരു നടൻ ഇല്ലെന്നും അവർ പറഞ്ഞു. അത്തരമൊരു നടൻ ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവുകയില്ലെന്നും ഉർവശി പറയുന്നു.
തന്റെ അമ്മ അദ്ദേഹത്തെ ഗോപിയണ്ണാ എന്നാണ് വിളിക്കുന്നതെന്നും തന്റെ അച്ഛന്റെ അടുത്ത സുഹൃത്താണ് ഭരത് ഗോപിയെന്നും നടി പറഞ്ഞു.
Content Highlight: Special love for Fahadh Faasil says Urvashi