'കറുത്തമ്മ, എന്നോട് ഇഷ്ടമാണോ..'; പിറന്നാള്‍ ദിനത്തില്‍ മധുവിനെ സന്ദര്‍ശിച്ച് ആദരവര്‍പ്പിച്ച് സ്പീക്കര്‍
Movie Day
'കറുത്തമ്മ, എന്നോട് ഇഷ്ടമാണോ..'; പിറന്നാള്‍ ദിനത്തില്‍ മധുവിനെ സന്ദര്‍ശിച്ച് ആദരവര്‍പ്പിച്ച് സ്പീക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd September 2022, 10:01 pm

നടന്‍ മധുവിന്റെ 89ാം പിറന്നാളായിരുന്ന വെള്ളിയാഴ്ച അദ്ദേഹത്തെ സന്ദര്‍ശിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പതിറ്റാണ്ട് പിന്നിടുന്ന മധുവിന്റെ സിനിമാജീവിതം മലയാള സിനിമയുടെ ചരിത്രം കൂടിയാണെന്ന് ഷംസീര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ മധുവിനെ സന്ദശിച്ച ഫോട്ടോ പങ്കുവെച്ചായിരുന്നു ഷംസീറിന്റെ പ്രതികരണം.

‘കറുത്തമ്മ, എന്നോട് ഇഷ്ടമാണോ..? അതെ. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ചെമ്മീനിലെ പരീക്കുട്ടി ഇന്നും മലയാള സിനിമാസ്വാദകരുടെ മനസ്സില്‍ ഒരു നൊമ്പരമായി തുടരുകയാണ്. നിണമണിഞ്ഞ കാല്‍പ്പാടുകളില്‍ തുടങ്ങി ആറ് പതിറ്റാണ്ട് പിന്നിടുന്ന അദ്ദേഹത്തിന്റെ സിനിമാജീവിതം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്.

നവതിയിലേക്ക് കടക്കുന്ന മലയാളത്തിന്റെ സ്വന്തം കാരണവര്‍ മധുസാറിനെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.
മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിന് വെളിച്ചമേകാന്‍ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ,’ ഷംസീര്‍ കുറിച്ചു.

അതേസമയം, സിനിമക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് മലയാള സിനിമയുടെ കാരണവര്‍ക്ക് ആശംസകളുമായി രംഗത്തെത്തിയത്.

‘എന്റെ സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍’, എന്ന് മമ്മൂട്ടി കുറിച്ചപ്പോള്‍, ‘എന്റെ പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകള്‍’, എന്നാണ് മോഹന്‍ലാല്‍ എഴുതിയത്. മധുവിനൊപ്പമുള്ള ഫോട്ടോകളും ഇരുവരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് മധുവിന് ആശംസകളുമായി രംഗത്തെത്തിയത്.

CONTENT HIGHLIGHTS: Speaker A.N. Shamseer visited actor Madhu on his 89th birthday