ഗസയിലെ വംശഹത്യക്ക് മറുപടി പറയണം; വെടി നിര്‍ത്തല്‍ കൊണ്ട് ഇസ്രഈല്‍ കുറ്റവിമുക്തമാകുന്നില്ല: സ്‌പെയിന്‍
Gaza
ഗസയിലെ വംശഹത്യക്ക് മറുപടി പറയണം; വെടി നിര്‍ത്തല്‍ കൊണ്ട് ഇസ്രഈല്‍ കുറ്റവിമുക്തമാകുന്നില്ല: സ്‌പെയിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th October 2025, 7:56 am

മാഡ്രിഡ്: ഗസയിലെ വംശഹത്യയില്‍ ഇസ്രഈല്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെന്ന് കരുതി കുറ്റവിമുക്തമാകുന്നില്ലെന്നും സാഞ്ചസ് മാഡ്രിഡ്രില്‍ നടന്ന പൊതപരിപാടിക്കിടെ പ്രതികരിച്ചു.

സമാധാനം പുലരുന്നു എന്നതിനര്‍ത്ഥം എല്ലാം മറന്നു എന്നല്ല, ശിക്ഷയ്ക്ക് അര്‍ഹരല്ല എന്നല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും സാഞ്ചസ് വിശദീകരിച്ചു.

‘ഗസയില്‍ നടന്ന വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ നീതിക്ക് മുന്നില്‍ മറുപടി പറയണം. അവര്‍ക്ക് ശിക്ഷയില്‍ നിന്നും മുക്തരാകാന്‍ കഴിയില്ല’, സ്‌പെയിന്‍ പ്രധാനമന്ത്രി പറഞ്ഞു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര നടപടികളുടെ സാധ്യതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സാഞ്ചസ്.

ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതിക്ക് സ്‌പെയിന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ശാശ്വതമായ സമാധാനം ഗസയില്‍ പുനസ്ഥാപിക്കുന്നതുവരെ ഉപരോധം നിലനിര്‍ത്തുമെന്നും സാഞ്ചസ് വ്യക്തമാക്കി.

ഗസയില്‍ ഫലസ്തീനികളെ കൊന്നൊടുക്കുന്ന യുദ്ധക്കുറ്റം ചുമത്തി 2024 നവംബറില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) നെതന്യാഹുവിനും ഇസ്രഈല്‍ മുന്‍മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തുടര്‍ന്ന് അറസ്റ്റ് ഭയന്ന് നെതന്യാഹു യു.എന്‍ ആസ്ഥാനമായ ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്ക് യൂറോപ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ പ്രവേശിക്കാതെ വളഞ്ഞവഴി സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

അതേസമയം, ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ലോകരാജ്യങ്ങളുടെ ശ്രമമായ ഗസ സമാധാന പദ്ധതിയില്‍ തിങ്കളാഴ്ച യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഒപ്പുവെച്ചു. വെള്ളിയാഴ്ച മുതല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ കരാറും നിലവില്‍ വന്നിട്ടുണ്ട്.

എങ്കിലും ഇതിനെയെല്ലാം മറികടന്ന് ഇസ്രഈല്‍ ഗസയില്‍ ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം മാധ്യമപ്രവര്‍ത്തകനായ സാലിഹ് അല്‍ജഫറാവി ഗസ നഗരത്തില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

ഗസ സമാധാന പദ്ധതിയില്‍ ലോകനേതാക്കള്‍ ഒപ്പുവെച്ചതിന്റെ തൊട്ടടുത്ത ദിവസമായ ചൊവ്വാഴ്ച ഷുജയയില്‍ ഇസ്രഈല്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്തു. ഡ്രോണാക്രമണവും ഇസ്രഈല്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight:  Spanish Prime Minister Pedro Sanchez demands Israel answer for the genocide in Gaza