മാഡ്രിഡ്: 2026ല്‍ സംഘടിപ്പിക്കാനിരിക്കുന്ന യൂറോവിഷന്‍ ഗാന മത്സരത്തില്‍ ഇസ്രഈല്‍ പങ്കെടുത്താല്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച് സ്പാനിഷ് ബ്രോഡ്കാസ്റ്റര്‍ ആര്‍.ടി.വി.ഇ.
ഗസയിലെ മനുഷ്യര്‍ക്കെതിരായ വംശഹത്യക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലും സ്‌പെയിനും ഇസ്രഈലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് സ്‌പെയിനിന്റെ തീരുമാനം.
മാഡ്രിഡില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് സ്പാനിഷ് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ ആര്‍.ടി.വി.ഇ ഈ തീരുമാനം.
നെതര്‍നെന്റസ്്, അയര്‍ലാന്റ്, സ്ലോവേനിയ എന്നീ രാജ്യങ്ങളും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. സ്‌പെയിന്‍ കൂടി പട്ടികയിലുള്‍പ്പെട്ടതോടെ ഇസ്രഈലിനും മത്സരം സംഘടിപ്പിക്കുന്ന യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയനും സമ്മര്‍ദമേറുകയാണ്.
ഏകദേശം 160 ലക്ഷത്തോളം പേര് കാണുന്ന പരിപാടിയാണ് യൂറോവിഷന്‍. ലോകത്തിലെ ഏറ്റവും വലിയ സംഗീതമത്സരത്തില്‍ നിന്നും ഇസ്രഈലിനെ ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
യൂറോവിഷനില്‍ ഇസ്രഈലിനെ ഉള്‍പ്പെടുത്താതിരിക്കാന്‍ സ്‌പെയിന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും നമ്മുടെ രാജ്യം അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സ്‌പെയിന്‍ സാംസ്‌കാരിക മന്ത്രി ഏണസ്റ്റ് ഉര്‍താസുന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പറഞ്ഞിരുന്നു.
ഇസ്രഈല്‍ ടീമിന്റെ സാന്നിധ്യത്തെച്ചൊല്ലി ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ വുല്‍റ്റ എ എസ്പാന സൈക്കിള്‍ ഓട്ട മത്സരം തടസപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇസ്രഈല്‍ അന്താരാഷ്ട്ര പരിപാടികളില്‍ പങ്കെടുക്കരുതെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രൊ സാഞ്ചസ് പറഞ്ഞിരുന്നു.
‘ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ക്രൂരത അവസാനിപ്പിക്കുന്നത് വരെ ഇസ്രഈല്‍ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കരുത്’ അദ്ദേഹം പറഞ്ഞു.
മത്സരവുമായി ബന്ധപ്പെട്ട പങ്കാളിത്തവും സംഘര്‍ഷങ്ങളും എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് അംഗങ്ങളുമായി കൂടിയാലോചിച്ച് വരികയാണെന്നും പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഡിസംബര്‍ വരെ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സമയം നല്‍കുമെന്നും യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.