2026 ഫിഫ ലോകകപ്പിൽ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് സ്പെയ്ൻ. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയ്ൻ ആദ്യ നാലിലേക്ക് നടന്നു കയറിയത്. നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് സ്പെയ്ൻ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്.
ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 30 മിനിട്ട് പൂർത്തിയായപ്പോഴാണ് ആദ്യ ഗോൾ പിറന്നത്. സ്പെയ്നാണ് ആദ്യം ബെൽജിയത്തിന്റെ വല കുലുക്കിയത്. ഫാബിയാൻ റൂയിസാണ് ഗോൾ സ്‌കോറർ. 11 മിനിട്ടുകൾക്ക് ശേഷം ചാൾസ് ഡി കെറ്റെലെയറിലൂടെ ബെൽജിയം തിരിച്ചടിച്ചു. ഒടുവിൽ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതി ഇരു ടീമുകളും വിജയ ഗോളിനായി മികച്ച നീക്കങ്ങൾ നടത്തി. അവസാന ഘട്ടത്തിൽ മൈക്കൽ മെറീനോയിലൂടെ ഗോളിലാണ് സ്പെയ്ൻ വിജയം പിടിച്ചെടുത്തത്. പകരക്കാരനായി കളത്തിലിറങ്ങിയായിരുന്നു താരം സ്പാനിഷ് പടക്ക് ആവേശ വിജയം സമ്മാനിച്ചത്.
Spain grab a late goal to secure their place in the Semi-final! 🇪🇸#FIFAWorldCup
— FIFA World Cup (@FIFAWorldCup) July 10, 2026
ഈ മത്സരത്തിലും പകരക്കാരനായി കളത്തിലിറങ്ങി ടീമിനായി വിജയ ഗോൾ നേടിയതോടെ ഇതുവരെ ലോകകപ്പിൽ ഒരു താരവും സ്വന്തമാക്കാത്ത നേട്ടമാണ് മെറിനോ തന്റെ പേരിലാക്കി മാറ്റിയത്.
ലോകകപ്പിൽ രണ്ട് വ്യത്യസ്ത നോക്ക് ഔട്ട് മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങി ടീമിനായി വിജയ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് മെറിനോ ചരിത്രത്തിൽ രേഖപ്പെടുത്തിയത്. പ്രീക്വാർട്ടറിൽ പോർച്ചുഗലിനെതിരെയുള്ള സ്പെയ്നിന്റെ വിജയ ഗോൾ നേടിയതും മെറിനൊയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ആയിരുന്നു താരത്തിന്റെ ഗോൾ നേട്ടം.
അതേസമയം മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും സ്പെയിനിന്റെ സർവ്വാധിപത്യം ആയിരുന്നു. 62 ശതമാനം പന്ത് കൈവശം നിലനിർത്തിയ സ്പാനിഷ് ടീം 18 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ എട്ട് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുവശത്ത് അഞ്ച് ഷോട്ടുകളിൽ നിന്നും രണ്ട് ഷോട്ടുകൾ ആയിരുന്നു ബെൽജിയത്തിന് ലക്ഷ്യത്തിൽ എത്തിക്കാനായത്.
ജൂലൈ 15ന് നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ ഫ്രാൻസിനെയാണ് സ്പെയ്ൻ നേരിടുക.
Content Highlight: Spain player Mikel Merino sets new World Cup record
