ലോകത്തിലെ ആദ്യ രാജ്യം; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സ്പെയ്ന്‍
FIFA World Cup 2026
ലോകത്തിലെ ആദ്യ രാജ്യം; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സ്പെയ്ന്‍
സുദേവ് എ
Monday, 22nd June 2026, 7:51 am

2026 ഫിഫ ലോകകപ്പില്‍ സ്പെയ്ന്‍ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് പട കരുത്തുകാട്ടിയത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആഫ്രിക്കയിലെ കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെയോട് സമനിലയില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ സൗദിയെ കീഴടക്കി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

അറ്റ്‌ലാന്‍ഡയില്‍ നടന്ന മത്സരത്തില്‍ യുവതാരം ലാമിന്‍ യമാലിന്റെ തിരിച്ചുവരവിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. കേപ് വെര്‍ദെക്കെതിരെ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ യമാല്‍ സൗദിക്കെതിരെ ആദ്യ ഇലവനില്‍ ഇടം നേടി.

മത്സരത്തില്‍ സ്പെയിന്റെ ആദ്യ ഗോള്‍ നേടിയതും യമാലാണ്. പത്താം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. മൈക്കല്‍ ഒയര്‍സബല്‍ ഇടത് വിങ്ങില്‍ നിന്ന് നല്‍കിയ മനോഹരമായ ക്രോസ് യമാല്‍ ഫാര്‍ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു.

ലാമിന്‍ യമാൽ

യമാലിന്റെ ഗോളോടെ ലോകത്തിലെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത ഒരു നേട്ടമാണ് സ്പെയ്നെ തേടിയെത്തിയത്. ഫിഫ ലോകകപ്പില്‍ 18 വയസോ അതില്‍ താഴെയോ പ്രായമുള്ള രണ്ട് താരങ്ങള്‍ വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ ടീമായാണ് സ്പെയ്ന്‍ മാറിയത്.

18 വയസും 343 ദിവസവും പ്രായം ഉള്ളപ്പോളാണ് യമാലിന്റെ ഗോള്‍ നേട്ടം. ഗാവിയാണ് ലോകകപ്പില്‍ സ്‌പെയ്‌നിന് വേണ്ടി 18 വയസില്‍ ഗോള്‍ നേടിയ മറ്റൊരു യുവതാരം. 2022 ഖത്തര്‍ ലോകകപ്പില്‍ 18 വയസും 110 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഗാവി എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. കോസ്റ്റാറിക്കക്കെതിരെയായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.

ഗാവി

അതേസമയം മത്സരത്തില്‍ യമാലിന് പുറമെ മൈക്കല്‍ ഒയര്‍സബല്‍ ഇരട്ട ഗോള്‍ നേടിയും തിളങ്ങി. ആദ്യ മത്സരത്തില്‍ തിരിച്ചടിയുടെ ഒരു റെക്കോഡ് സ്വന്തമാക്കിയ താരമായിരുന്നു ഒയര്‍സബല്‍. കേപ് വെര്‍ദെക്കെതിരെ മത്സരം തുടങ്ങി 30 മിനിട്ടിനിടെ ഒരു തവണ പോലും പന്ത് കാല്‍കൊണ്ട് തൊടാന്‍ സാധിച്ചില്ലെന്ന തിരിച്ചടിയുടെ റെക്കോഡായിരുന്നു താരം സൃഷ്ടിച്ചത്. തുടക്കം മുതലേ ടീമിന്റെ മുന്നേറ്റ നിരയില്‍ കളിച്ച താരം 31ാംമിനിട്ടിലാണ് ആദ്യമായി പന്ത് ടച്ച് ചെയ്തിരുന്നത്.

ഇപ്പോള്‍ സൗദിക്കെതിരെ ഇരട്ട ഗോളുകള്‍ നേടി ശക്തമായി തിരിച്ചുവന്നിരിക്കുകയാണ് ഒയര്‍സബല്‍. രണ്ടാം പകുതിയില്‍ ഹസന്‍ അല്‍തംബക്തിയുടെ ഓണ്‍ ഗോളും സൗദിക്ക് തിരിച്ചടിയായി.

ജൂണ്‍ 27നാണ് സ്പാനിഷ് പട അടുത്ത പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഉറുഗ്വേയാണ് സ്പെയിനിന്റെ എതിരാളികള്‍.

 

Content Highlight: Spain makes new history at the FIFA World Cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.