ഫിഫ ലോകകപ്പ് 2026ല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ് മുന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍. ലോസ് ആഞ്ചല്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഓസ്ട്രിയയെ തകര്‍ത്താണ് ലാ റോജാസിന്റെ കുതിപ്പ്. മൈക്കല്‍ ഒയാര്‍സബാല 30ാം മിനിട്ടിലും 89ാം മിനിട്ടിലും ഗോള്‍ നേടി ടീമിന്റെ ലീഡില്‍ പ്രധാന പങ്ക് വഹിച്ചു. 66ാം മിനിട്ടില്‍ പെഡ്രോ പോറോയും ഗോള്‍ നേടിയിരുന്നു.
അതേസമയം മത്സരത്തില്‍ വിജയിച്ചതോടെ കാലങ്ങളായി സ്‌പെയ്‌നിന്റെ തലയിലുള്ള ഒരു നാണക്കേടിന്റെ റെക്കോഡ് താഴെ ഇറക്കിവെക്കാനും സാധിച്ചിരിക്കുകയാണ്. 2010ല്‍ കിരീടം നേടിയതിന് ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഒരു മത്സരം പോലും ജയിക്കാന്‍ സ്‌പെയിന് സാധിച്ചിട്ടില്ലായിരുന്നു. ഇപ്പോള്‍ ഓസ്ട്രിയയോട് വിജയം സ്വന്തമാക്കിയതോടെ സ്പാനിഷ് പട ഈ നാണക്കേടില്‍ നിന്ന് കരകയറിയിരിക്കുകയാണ്.
2014ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ സ്പാനിഷ് ടീം പുറത്തായിരുന്നു. പിന്നീട് 2018ല്‍ റഷ്യയോടും 2022ല്‍ മൊറോക്കോയോടും നോക്ക് ഔട്ടിലെ ഷൂട്ടൗട്ടില്‍ തോറ്റാണ് ലാ റോജാസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നത്. 16 വര്‍ഷമായി തുടരുന്ന ഈ മോശം കണക്ക് പൊളിച്ചാണ് ഇത്തവണ ഡി ലാ ഫ്യൂന്റെയുടെ കീഴില്‍ സ്പാനിഷ് പട മുന്നേറുന്നത്.
മത്സരത്തില്‍ ഗോളും അസിസ്റ്റും നേടാന്‍ സാധിച്ചില്ലെങ്കിലും യുവതാരം ലാമിന്‍ യമാല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പത്ത് ഡ്രിബിളുകളും എതിരാളികളുടെ ബോക്സില്‍ പത്ത് ടച്ചുകളും താരം നടത്തിയിരുന്നു. ഇതോടെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും 18കാരന്‍ സ്വന്തമാക്കി.
ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് സ്പാനിഷ് പട മുന്നേറുന്നത്. അതേസമയം മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ പോര്‍ച്ചുഗലും സ്‌പെയ്‌നുമാണ് പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏറ്റുമുട്ടുക. ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ചതോടെയാണ് പോര്‍ച്ചുഗല്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഡാലസ് സ്റ്റേഡിയത്തില്‍ ജൂലൈ ഏഴിനാണ് മത്സരം.
Content Highlight: Spain In Great Record Achievement In 2026 FIFA World Cup