ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ഫ്‌ളോട്ടില്ലയുടെ വിവരങ്ങളറിയാന്‍ കാത്തിരുന്നു; ഇസ്രഈലിനെതിരെ സ്‌പെയ്ന്‍
Global Sumud Flotilla
ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ഫ്‌ളോട്ടില്ലയുടെ വിവരങ്ങളറിയാന്‍ കാത്തിരുന്നു; ഇസ്രഈലിനെതിരെ സ്‌പെയ്ന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd October 2025, 6:51 pm

മാഡ്രിഡ്: സുമുദ് ഫ്‌ളോട്ടില്ലക്ക് നേരെയുള്ള ഇസ്രഈലിന്റെ ആക്രമണത്തെ വിമര്‍ശിച്ച് സ്‌പെയ്ന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇസ്രഈലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സാഞ്ചസ് പറഞ്ഞു.

മാനുഷിക സഹായം നല്‍കാനായി പുറപ്പെട്ട ഫ്‌ളോട്ടില്ല ഇസ്രഈലിന് യാതൊരു അപകടവും വരുത്തുന്നതല്ലെന്നും ഫ്‌ളോട്ടില്ലയ്ക്ക് ഇസ്രഈലും ഒരു അപകടവും വരുത്തില്ലെന്നാണ് സ്‌പെയ്ന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെന്മാര്‍ക്കിലെ കോപന്‍ഹേഗനില്‍ നടക്കുന്ന യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സാഞ്ചസ്.

ഫ്‌ളോട്ടില്ലയ്ക്ക് നേരെ ആക്രമണമുണ്ടായ രാത്രി താനും തന്റെ സര്‍ക്കാരും മുഴുവന്‍ സമയവും ഉറങ്ങാതെ കപ്പലിലുള്ളവരുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നെന്നും സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു.

ഫ്‌ളോട്ടില്ലയിലുള്ള തങ്ങളുടെ രാജ്യത്ത് നിന്നുള്ള യാത്രക്കാരെ മാത്രമല്ല, മുഴുവന്‍ ഫ്‌ളോട്ടില്ലയിലെ യാത്രക്കാരെയും സംരക്ഷിക്കണമെന്നും അവരുടെ അവകാശങ്ങളെ ഹനിക്കരുതെന്നും ഇസ്രഈല്‍ സര്‍ക്കാരിനോട് സ്‌പെയ്ന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് ആവശ്യപ്പെട്ടിരുന്നെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഫ്‌ളോട്ടില്ലയിലെ യാത്രക്കാര്‍ക്ക് നയതന്ത്ര സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെയിനില്‍ നിന്നുള്ള ഫ്‌ളോട്ടില്ല യാത്രക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും ഇതിനായി ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും സ്‌പെയിന്‍ അറിയിച്ചു.

ഇസ്രഈല്‍ സൈന്യം സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമായ 21 ചെറുകപ്പലുകളെയാണ് ബുധനാഴ്ച ആക്രമിച്ചത്. 317 ആക്ടിവിസ്റ്റുകളെ കപ്പലുകളില്‍ നിന്നും കസ്റ്റഡിയിലെടുത്തെന്നാണ് സുമുദ് ഫ്‌ളോട്ടില്ലയുടെ സംഘാടകര്‍ അറിയിച്ചത്.

കസ്റ്റഡിയിലെടുത്ത സാമൂഹിക പ്രവര്‍ത്തകരെ ഇസ്രഈലിന്റെ ആഷ്‌ഡോഡ് തുറമുഖത്തേക്ക് മാറ്റി. ഇവരെ യൂറോപ്പിലേക്ക് തിരിച്ചയയ്ക്കുമെന്നാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

അതിര്‍ത്തി അടയ്ക്കുകയും ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് ഇസ്രഈല്‍ സൈന്യം തടസം സൃഷ്ടിക്കുകയും ചെയ്ത് ഗസയിലെ ജനജീവിതം ദുസ്സഹമാക്കിയതോടെയാണ് മെഡിക്കല്‍ സഹായങ്ങളുള്‍പ്പടെയുള്ള അത്യാവശ്യ വസ്തുക്കള്‍ ഗസയിലെത്തിക്കാനായി വിവിധ ലോകരാജ്യങ്ങളുടെ പിന്തുണയോടെ സുമുദ് ഫ്‌ളോട്ടില്ല പുറപ്പെട്ടത്.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്നാണ് ഫ്‌ളോട്ടില്ല ഗസയിലേക്ക് യാത്ര ആരംഭിച്ചത്. നിരവധി ചെറുകപ്പലുകളുടെ കൂട്ടമാണ് സുമുദ് ഫ്‌ളോട്ടില്ല യാത്രയിലുള്ളത്. ഗസക്ക് സമീപമെത്തുന്നതിന് മുമ്പ് തന്നെ ഗ്രീസിനും ടുണീഷ്യക്കും സമീപത്ത് വെച്ച് ഫ്‌ളോട്ടില്ലക്ക് നേരെ ഇസ്രഈലിന്റെ ആക്രമണമുണ്ടായിരുന്നു.

Content Highlight: Spain govt  stayed up all night waiting to hear about the sumud flotilla; Spain against Israel