മാഡ്രിഡ്: ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് കടുത്ത തീരുമാനവുമായി സ്‌പെയിന്‍.
ഇസ്രഈല്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെയും സേവനങ്ങളുടെയും പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സ്പാനിഷ് ഉപഭോക്തൃ കാര്യമന്ത്രാലയം ഉത്തരവിറക്കി.
ഇസ്രഈല്‍ അധിനിവേശ പ്രദേശങ്ങള്‍ ഉറവിടമായി നിര്‍മിക്കപ്പെടുന്ന ഉത്പന്നങ്ങളോ സേവനങ്ങളോ പ്രോത്സാഹിപ്പിക്കുന്ന കമ്പനികളെ കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും സ്പാനിഷ് സര്‍ക്കാരിന്റെ ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു.
സ്‌പെയിനിലെ ഒരു കമ്പനിയും ഇസ്രഈലിന്റെ അധിനിവേശത്തിന്റെ പങ്ക് പറ്റുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി പാബ്ലോ ബുസ്റ്റിന്റുയ് പറഞ്ഞു. ഇതിനായി തന്റെ ഓഫീസ് നിരന്തരം ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2023 നവംബര്‍ മുതല്‍ ഇസ്രഈലിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ലൈസന്‍സുകള്‍ സ്‌പെയിന്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗസയിലെ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
നേരത്തെ, ഗസ വിഷയത്തിലും റഷ്യ-ഉക്രൈന്‍ യുദ്ധത്തിലും കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിമര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹം ഗസ വിഷയത്തില്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര ബന്ധങ്ങളിലെ ഏറ്റവും ഇരുണ്ട അധ്യായമെന്നാണ് ഗസയിലെ വംശഹത്യയെ സാഞ്ചസ് വിശേഷിപ്പിച്ചത്.
Content Highlight: Palestine’s bloodstain should not be on Spain’s balance sheet; Spain bans advertising of Israeli products