ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് സ്‌പെയിനും
World
ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് സ്‌പെയിനും
രാഗേന്ദു. പി.ആര്‍
Saturday, 24th January 2026, 3:40 pm

മാഡ്രിഡ്: ബോര്‍ഡ് ഓഫ് പീസിലേക്കുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് സ്‌പെയിനും. അന്താരാഷ്ട്ര നിയമത്തില്‍ നിന്ന് വ്യതിചലിച്ചും ഫലസ്തീന്‍ അതോറിറ്റിയെ ഉള്‍പ്പെടുത്താതെയുമാണ് സമാധാന ബോര്‍ഡ് രൂപീകരിച്ചതെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

വ്യാഴാഴ്ച ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് ഓഫ് പീസ് ആസൂത്രിതമായ ഒന്നാണെന്നും സാഞ്ചസ് പ്രതികരിച്ചു.

നേരത്തെ യു.കെ, ഫ്രാന്‍സ്, നോര്‍വേ, സ്ലോവേനിയ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ സമാധാന ബോര്‍ഡില്‍ അംഗമാകാന്‍ വിസമ്മതിച്ചിരുന്നു. ഇതിനിടെ ബോര്‍ഡിലെ അംഗമാകാന്‍ കാനഡയ്ക്ക് അയച്ച ക്ഷണം ട്രംപ് സ്വമേധയാ പിന്‍വലിക്കുകയും ചെയ്തിരുന്നു.

ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി യു.എസ് നയങ്ങളെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ട്രംപ് ക്ഷണം നിരസിച്ചത്. ശക്തരായ രാജ്യങ്ങള്‍ സാമ്പത്തിക ഏകീകരണം ആയുധങ്ങളായും തീരുവകള്‍ സ്വാധീന ശക്തിയായും ഉപയോഗിക്കുന്നു എന്നായിരുന്നു കാര്‍ണിയുടെ വിമര്‍ശനം.

എന്നാല്‍ കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് യു.എസ് കാനഡയ്ക്കുള്ള ക്ഷണം പിന്‍വലിച്ചത്. ആദ്യഘട്ടത്തില്‍ സമാധാന സമിതിയില്‍ പങ്കുചേരുമെന്ന് കാനഡ സൂചന നല്‍കിയിരുന്നു.

നിലവില്‍ അര്‍ജന്റീന, അര്‍മേനിയ, ബഹ്റൈന്‍, അസര്‍ബൈജാന്‍, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ജോര്‍ദാന്‍, മംഗോളിയ, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി, യു.എ.ഇ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചിട്ടുള്ളത്.

ബോര്‍ഡ് ഓഫ് പീസില്‍ ചേരാന്‍ ഇസ്രഈലും സമ്മതം അറിയിച്ചിട്ടുണ്ട്. അതേസമയം 59 രാജ്യങ്ങള്‍ ബോര്‍ഡ് ഓഫ് പീസില്‍ ഒപ്പുവെച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ബോര്‍ഡ് ഓഫ് പീസിലെ സ്ഥിരാംഗത്വത്തിന് ഒരു ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. ഗസയുടെ പുനര്‍നിര്‍മാണം, ഫലസ്തീനികളുടെ പുനരധിവാസം ഉള്‍പ്പെടെ ലക്ഷ്യമിട്ട് ട്രംപ് മുന്നോട്ടുവെച്ച 20ഇന പദ്ധതിയുടെ ഭാഗമാണ് ബോര്‍ഡ് ഓഫ് പീസ്.

Content Highlight: Spain also declines Trump’s invitation to join the Board of Peace

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.