2026 ഫിഫ ലോകകപ്പിൽ സെമി ഫൈനലിലേക്ക് മുന്നേറി സ്പെയ്ൻ. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് സ്പാനിഷ് പട സെമി ഫൈനലിലേക്ക് നടന്നുകയറിയത്. നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് സ്പെയ്ൻ ലോകകപ്പിന്റെ സെമിയിൽ പ്രവേശിക്കുന്നത്.
ഇതിനുമുമ്പ് 2010ലായിരുന്നു സ്പാനിഷ് പട അവസാനമായി ലോകകപ്പ് സെമി കളിച്ചിരുന്നത്. ആ ലോകകപ്പിലെ ചാമ്പ്യന്മാരായതും സ്പെയ്ൻ തന്നെയായിരുന്നു. 2014 ഗ്രൂപ്പ് സ്റ്റേജിലും 2018, 2022 ലോകകപ്പിൽ പ്രീക്വാർട്ടറിലുമായിരുന്നു സ്പെയ്ൻ പുറത്തായിരുന്നത്. ഇപ്പോൾ മറ്റൊരു സെമിഫൈനലിലൂടെ രണ്ടാം കിരീടത്തിന്റെ അരികിലെത്തിയിരിക്കുകയാണ് സ്പാനിഷ് പട.
🇪🇸 Spain have qualified for the Semi-finals!#FIFAWorldCup
— FIFA World Cup (@FIFAWorldCup) July 10, 2026
ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 30 മിനിട്ട് പൂർത്തിയായപ്പോഴാണ് ആദ്യ ഗോൾ പിറന്നത്. ഫാബിയാൻ റൂയിസിലൂടെ സ്പെയ്നാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. എന്നാൽ 11 മിനിട്ടുകൾക്ക് ശേഷം ചാൾസ് ഡി കെറ്റെലെയറിലൂടെ ബെൽജിയം തിരിച്ചടിച്ചു. ഒടുവിൽ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി തുല്യത പാലിച്ചു.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മൈക്കൽ മെറീനയിലൂടെയാണ് സ്പെയ്ൻ വിജയ ഗോൾ നേടിയത്. പ്രീക്വാർട്ടറിൽ പോർച്ചുഗലിതിരെയും അവസാന മിനിട്ടിൽ ഗോൾ നേടിയത് മെറിനൊയായിരുന്നു. ഈ ഗോൾ നേട്ടം ബെൽജിയത്തിനെതിരെയും പുറത്തെടുത്തതോടെ 16 വർഷങ്ങൾക്ക് ശേഷം സ്പെയ്ൻ ആദ്യ നാലിൽ ഇടം പിടിക്കുകയായിരുന്നു.
Spain grab a late goal to secure their place in the Semi-final! 🇪🇸#FIFAWorldCup
— FIFA World Cup (@FIFAWorldCup) July 10, 2026
മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും സ്പെയിനിന്റെ സർവ്വാധിപത്യം ആയിരുന്നു. 62 ശതമാനം പന്ത് കൈവശം നിലനിർത്തിയ സ്പാനിഷ് ടീം 18 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ എട്ട് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുവശത്ത് അഞ്ച് ഷോട്ടുകളിൽ നിന്നും രണ്ട് ഷോട്ടുകൾ ആയിരുന്നു ബെൽജിയത്തിന് ലക്ഷ്യത്തിൽ എത്തിക്കാനായത്.
ജൂലൈ 15ന് നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ ഫ്രാൻസിനെയാണ് സ്പെയ്ൻ നേരിടുക. ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ ടീം മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പട വരുന്നത്.
Content Highlight: Spain advances to semi-finals of 2026 FIFA World Cup after defeating Belgium
