2027ല്‍ യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തും; കോണ്‍ഗ്രസ് സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്
India
2027ല്‍ യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തും; കോണ്‍ഗ്രസ് സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th April 2026, 1:18 pm

ലഖ്നൗ: വരാനിരിക്കുന്ന 2027ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

ബി.ജെ.പി വിരുദ്ധ പോരാട്ടത്തില്‍ പ്രതിപക്ഷ ഐക്യം തകരില്ലെന്നും കോണ്‍ഗ്രസ് തങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ രേവാരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് പോകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, വിജയസാധ്യതയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു മറുപടി നല്‍കിയത്.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം സീറ്റുകളുടെ എണ്ണമല്ല മറിച്ച് തെരഞ്ഞെടുപ്പിലെ വിജയമാണ് പ്രധാനം. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രാപ്തിയുള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കൂ. കോണ്‍ഗ്രസ് സഖ്യം യു.പിയില്‍ തുടരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരാജയം രുചിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

പാര്‍ലമെന്റില്‍ ജനപിന്തുണ നഷ്ടപ്പെട്ടവര്‍ക്ക് ജനങ്ങള്‍ക്കിടയിലും തിരിച്ചടി നേരിടേണ്ടി വരുമെന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്രസര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടേത് കാപട്യമാണെന്ന് അഖിലേഷ് വിമര്‍ശിച്ചു. പ്രതിപക്ഷത്തെ സ്ത്രീ വിരുദ്ധമെന്ന് വിളിക്കാന്‍ ബി.ജെ.പിക്ക് അവകാശമില്ല. ഒരു സ്ത്രീയെപ്പോലും തങ്ങളുടെ ഉന്നത നേതാവാക്കാന്‍ ബി.ജെ.പി ഇതുവരെ തയ്യാറായിട്ടില്ല.

വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് മാത്രമാണ് ബി.ജെ.പി ‘നാരി’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത്. ബില്ല് പാസാക്കുന്നതിലുണ്ടായ പരാജയം ബി.ജെ.പിയുടെ താത്പര്യമില്ലായ്മയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈന്യത്തില്‍ ‘അഹിര്‍ റെജിമെന്റ്’ വേണമെന്ന ആവശ്യത്തെയും അഖിലേഷ് യാദവ് ശക്തമായി പിന്തുണച്ചു. ഇതിനൊപ്പം പുതിയൊരു നിര്‍ദേശം കൂടി അദ്ദേഹം മുന്നോട്ടുവെച്ചു.

ഗുജറാത്തില്‍ നിന്നുള്ളവര്‍ സൈന്യത്തില്‍ ചേരുന്നത് കുറവായതിനാല്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ ‘ഗുജറാത്ത് റെജിമെന്റ്’ രൂപീകരിക്കണം. ഇത് കൂടുതല്‍ യുവാക്കളെ സൈന്യത്തിലേക്ക് വരാന്‍ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഖ്നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോള്‍ ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പോരാടാനും അഖിലേഷ് യാദവ് ആഹ്വാനം ചെയ്തു. യു.പിയില്‍ മാറ്റം അനിവാര്യമാണെന്നും അതിനായി സമാജ്‌വാദി പാര്‍ട്ടി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: SP will form govt in UP in 2027, Congress will be with us: Akhilesh Yadav