യു.പിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ച് സമാജ്‌വാദി പാര്‍ട്ടി. പൗരത്വ നിയമത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിനുനേരെ പൊലീസ് നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് പാര്‍ട്ടി അഞ്ചുലക്ഷം വീതം നല്‍കുമെന്ന് അറിയിച്ചത്.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബര്‍ 19ന് ലക്‌നൗവില്‍ പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതും പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തതും.

പ്രതിഷേധത്തിനിടെയുണ്ടായ ആക്രമണങ്ങളിലുണ്ടായ കൊലപാതകങ്ങളില്‍ അന്വേഷണം നടത്തണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. നിഷ്‌കളങ്കരായ ജനങ്ങളാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരവസരത്തില്‍ പൊലീസിന്റെ വെടിയേറ്റ് ഒരു എഞ്ചിനീയര്‍ കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരവും കുടുംബത്തിലെ ഒരു അംഗത്തിന് ജോലിയും നല്‍കി. എന്നാല്‍ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട വഖീലിന്റെ കുടുംബത്തെ യോഗി സര്‍ക്കാര്‍ അവഗണിക്കുകയാണ്. സര്‍ക്കാരിന്റെ വിവേചനപൂര്‍ണമായ ഭരണത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

