ട്രെയിനിൽ ആക്രമണത്തിനിരയായ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവം; യുവതിക്ക് നഷ്ടപരിഹാരം 50000 രൂപ
national news
ട്രെയിനിൽ ആക്രമണത്തിനിരയായ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവം; യുവതിക്ക് നഷ്ടപരിഹാരം 50000 രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2025, 1:33 pm

വെല്ലൂർ: പീഡനശ്രമം ചെറുത്തതോടെ അക്രമി ട്രെയിനിന് പുറത്തേക്ക് തള്ളിയിടുകയും പിന്നാലെ ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം കൈമാറി റെയിൽവെ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് 50,000 രൂപയാണ് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകിയത്. ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ എക്സ് ഗ്രേഷ്യ 50,000 രൂപ യുവതിക്ക് നഷ്ടപരിഹാരം കൈമാറി.

ലേഡീസ് കംപാർട്ട്മെന്റിലെ യാത്രയ്ക്കിടെ വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ ജോളാർപേട്ട് സ്റ്റേഷന് പരിസരത്ത് വെച്ച് യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്.

കോയമ്പത്തൂർ തിരുപ്പതി ഇൻ്റർസിറ്റി എക്സ്പ്രസിലാണ് കഴിഞ്ഞ ദിവസം രാവിലെ ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുപ്പൂരിൽ നിന്നും ആന്ധ്രപ്രദേശിലുള്ള അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്ന 36കാരിക്കാണ് ദുരനുഭവമുണ്ടായത്.

ലേഡീസ് കംപാർട്ട്മെന്റിലുണ്ടായിരുന്ന മറ്റ് ഏഴ് പേരും ജോലർപേട്ടൈയിലെത്തിയപ്പോൾ ഇറങ്ങി. ഇതോടെ ഹേമരാജ് കംപാർട്ട്മെന്റിലേക്ക് ചാടിക്കയറി. യുവതി തനിച്ചാണെന്ന് മനസിലായതോടെ ഇയാൾ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ട്രാക്കില്‍ വീണ് പരിക്കേറ്റ യുവതി ചികിത്സയില്‍ തുടരുകയാണ്. യുവതിയുടെ കൈകാലുകള്‍ക്കും തലയ്ക്കും പരിക്കുണ്ട്. നാല് മാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രതി യുവതിയെ ആക്രമിച്ചത്. പ്രതിയെ ചവിട്ടി വീഴ്ത്താൻ യുവതി ശ്രമിച്ചെങ്കിലും ഇതിനിടെ ഇയാൾ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും 27കാരനായ ഹേമരാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിയുടെ പേരില്‍ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മോഷണം, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർന്നാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

 

Content Highlight: Southern Railway hands over ₹50,000 ex gratia to pregnant woman pushed off train in rape bid