ഇങ്ങനേം ഒരു വിജയം ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു!! ആന്റി ക്ലൈമാക്‌സില്‍ ചിരിച്ച് ബ്രേവ്
Sports News
ഇങ്ങനേം ഒരു വിജയം ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു!! ആന്റി ക്ലൈമാക്‌സില്‍ ചിരിച്ച് ബ്രേവ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th August 2023, 4:31 pm

അത്യപൂര്‍വമായ ഒരു സംഭവത്തിനാണ് ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ബെര്‍മിങ്ഹാം ഫീനിക്‌സ് – സതേണ്‍ ബ്രേവ് മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സംഭവം നടന്നത്.

ക്രീസില്‍ നില്‍ക്കുന്ന രണ്ട് ബാറ്റര്‍മാരും ഒറ്റ പന്ത് പോലും ഫേസ് ചെയ്യാതിരിക്കെ ഒരു മത്സരം സക്‌സസ്ഫുള്ളായി ചെയ്‌സ് ചെയ്ത് വിജയിച്ചതിന്റെ അപൂര്‍വ റെക്കോഡാണ് സതാംപ്ടണിലെ റോസ് ബൗളില്‍ പിറന്നത്. ഇന്നിങ്‌സിന്റെ മത്സരത്തിന്റെ 95ാം ഡെലിവെറിയിലാണ് ആന്റി ക്ലൈമാക്‌സിലൂടെ സതേണ്‍ ബ്രേവ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫീനിക്‌സ് നിശ്ചിത പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 27 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റാണ് ഫീനിക്‌സിന്റെ ടോപ് സ്‌കോറര്‍. ലിയാം ലിവിങ്‌സ്റ്റണ്‍ (23 പന്തില്‍ 25) വില്‍ സ്മീഡ് (14 പന്തില്‍ 23) എന്നിവരാണ് ടീമിന്റെ മറ്റ് സ്‌കോറര്‍മാര്‍.

ബ്രേവിനായി ടൈമല്‍ മില്‍സും രെഹന്‍ അഹമ്മദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കോളിന്‍ അക്കര്‍മാന്‍, ക്രിസ് ജോര്‍ദന്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.

120 റണ്‍സ് ലക്ഷ്യമാക്കി ഇറങ്ങിയ ബ്രേവിനായി ഓപ്പണര്‍മാരായ ഫിന്‍ അലനും (114 പന്തില്‍ 22) ഡെവോണ്‍ കോണ്‍വേയും (25 പന്തില്‍ 24) ചേര്‍ന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്തി. പിന്നാലെയെത്തിയവരും മോശമല്ലാത്ത രീതിയില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ പതുക്കെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി.

ബ്രേവ് ഇന്നിങ്‌സിന്റെ 89ാം പന്തില്‍ തന്നെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം 119 റണ്‍സിലെത്തിയിരുന്നു. ശേഷിക്കുന്ന 11 പന്തില്‍ ഒറ്റ റണ്‍സ് മാത്രമായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്.

എന്നാല്‍ 90ാം പന്തില്‍ വിക്കറ്റ് വീഴ്ത്തി തന്‍വീര്‍ ഷാംഗ കയ്യേടി നേടി. ടിം ഡേവിഡിനെ പുറത്താക്കിയാണ് താരം മത്സരം കൈവിടാതെ കാത്തത്. വില്‍ സ്മീഡിന് ക്യാച്ച് നല്‍കിയായിരുന്നു താരം പുറത്തായത്.

ശേഷം അടുത്ത അഞ്ച് പന്തെറിയാനെത്തിയത് ഡാന്‍ മൂസ്‌ലിയായിരുന്നു. ക്രീസിലുണ്ടായിരുന്നതാകട്ടെ ലൂയീസ് ഡു പൂളിയും. ആദ്യ മൂന്ന് പന്തിലും റണ്‍ വഴങ്ങാതിരുന്ന മൂസ്‌ലി നാലാം പന്തില്‍ ഡു പൂളിയെ മടക്കി.

റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ഡു പൂളിക്ക് പിഴയ്ക്കുകയും താരം വിക്കറ്റിന് മുമ്പില്‍ കുടങ്ങി പുറത്താവുകയുമായിരുന്നു.

ക്രിസ് ജോര്‍ദനാണ് ശേഷം ക്രീസിലെത്തിയത്. സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലും ഒറ്റ ബോള്‍ പോലും ഫേസ് ചെയ്യാതെ ഇരു ബാറ്റര്‍മാരും നില്‍ക്കവെ മൂസ്‌ലി വൈഡ് എറിയുകയും ബ്രേവ് മത്സരം വിജയിക്കുകയുമായിരുന്നു.

ഇതോടെയാണ് ക്രീസില്‍ നില്‍ക്കുന്ന രണ്ട് ബാറ്റര്‍മാരും ഒറ്റ പന്ത് പോലും ഫേസ് ചെയ്യാതിരിക്കെ ഒരു മത്സരം സക്‌സസ്ഫുള്ളായി ചെയ്‌സ് ചെയ്ത് വിജയിച്ചതിന്റെ അപൂര്‍വ റെക്കോഡ് സതേണ്‍ ബ്രേവ് സ്വന്തമാക്കിയത്.

 

 

Content Highlight: Southern Brave with a unique record