കഞ്ചാവ് നിയമവിധേയമാക്കുന്ന ബില്ലിന് ജര്‍മനിയില്‍ അംഗീകാരം
World News
കഞ്ചാവ് നിയമവിധേയമാക്കുന്ന ബില്ലിന് ജര്‍മനിയില്‍ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th August 2023, 4:00 pm

ബെര്‍ലിന്‍: രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയവിധേയമാക്കുന്നതിനുള്ള ബില്ലിന് ജര്‍മനി സര്‍ക്കാര്‍ അംഗീകാരം നല്‍കി. വ്യക്തിഗത ആവശ്യത്തിനായി പ്രായപൂര്‍ത്തിയായവര്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്നതിനുള്ള ബില്ലിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയിട്ടില്ല.

മാള്‍ട്ടക്ക് ശേഷം ഇത്തരമൊരു നീക്കം നടത്തുന്ന രണ്ടാമത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് ജര്‍മനി. നിയമത്തിന്റെ കരടിന് ഇന്നലെയാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നിയമത്തിന് അംഗീകാരം നല്‍കുന്നതോടെ വ്യക്തിപരമായും വാണിജ്യേതരമായും പ്രായപൂത്തിയായവര്‍ക്ക് സ്വകാര്യ ആവശ്യത്തിനായോ കമ്മ്യൂണിറ്റി ആവശ്യത്തിനായോ കഞ്ചാവ് കൃഷി നടത്താനാകും.

ബില്ലനുസരിച്ച് പ്രായപൂര്‍ത്തിയായവര്‍ക്ക് 25 ഗ്രാം കഞ്ചാവ് കൈവശം വെക്കാനും മൂന്ന് ചെടികള്‍ നട്ടുവളര്‍ത്താനും കഞ്ചാവ് ശേഖരിക്കാനും ലാഭരഹിതമായുള്ള കഞ്ചാവ് ക്ലബുകളില്‍ പ്രവര്‍ത്തിക്കാനും സാധിക്കും.

ജര്‍മന്‍ നിവാസികളായ 18 വയസും അതിന് മുകളിലും പ്രായമുള്ളവരെ 500 അംഗ കഞ്ചാവ് ക്ലബില്‍ ചേരാന്‍ അനുവദിക്കും. വ്യക്തിഗത ആവശ്യത്തിനായി കഞ്ചാവ് വളര്‍ത്താന്‍ ക്ലബ് അംഗങ്ങള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. വ്യക്തികള്‍ക്ക് ഒരു ദിവസം 25 ഗ്രാം കഞ്ചാവോ അല്ലെങ്കില്‍ 50 ഗ്രാം കഞ്ചാവ് പ്രതിമാസമോ വാങ്ങാം. 21 വയസിന് താഴെയുള്ളവര്‍ക്ക് 30 ഗ്രാം വരെയാണ് വാങ്ങാന്‍ സാധിക്കുക. ഒന്നിലേറെ ക്ലബുകളില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ അനുവാദമില്ല. സ്‌കൂളുകള്‍, കളിസ്ഥലങ്ങള്‍, കായിക സ്ഥലങ്ങള്‍ എന്നിവയുടെ 200 മീറ്റര്‍ പരിധിയില്‍ കഞ്ചാവ് ക്ലബിന് അനുവാദമില്ല.

ജര്‍മനിയിലെ ലഹരി നിയമത്തില്‍ സുപ്രധാന വഴിത്തിരിവാകും നിയമമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി കാള്‍ ലോറ്റര്‍ബച് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെ എങ്ങനെ സംരക്ഷിക്കാമെന്നതാണ് എല്ലാ നിയമ നിര്‍മ്മാണത്തിന്റെയും പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ പദ്ധതി ഉതകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വാണിജ്യ സ്‌റ്റോറുകള്‍ വഴി കഞ്ചാവ് വിതരണം ചെയ്യുന്ന പദ്ധതി കഴിഞ്ഞ വര്‍ഷം ലോറ്റര്‍ബച് അവതരിപ്പിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ കമ്മീഷന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കിയിരുന്നില്ല.

അതേസമയം, ബില്ല് യുവാക്കളെ ലഹരികള്‍ക്ക് അടിമയാക്കുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. അപകടകരമായ നിയമമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും നീതി ന്യാസ വ്യവസ്ഥയുടെ ഭാരം കൂട്ടുകയാണ് നിയമം ചെയ്യുകയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Content Highlights: Germany approved plan liberalise rules on cannabis