ന്യൂദൽഹി: ഇന്ത്യയിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പൊലീസിങ്, നീതി നടപ്പാക്കൽ, ജയിൽ മാനേജ്മെന്റ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന നാലാമത്തെ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ടിലാണീ വിവരം പറയുന്നത്.
18 സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് കർണാടകയാണ്. 6.78 മാര്‍ക്കാണ് കർണാടക നേടിയത്. അതേസമയം ഏറ്റവും പിന്നില്‍ നില്‍ക്കുന്ന പശ്ചിമ ബംഗാളിനുള്ളത് 3.63 പോയിന്റ് മാത്രമാണ്. കേരളം നാലാം സ്ഥാനത്താണ്.
നീതിയുടെ നാല് തൂണുകളായി കണക്കാക്കുന്ന പൊലീസ്, ജയില്‍, ജുഡീഷ്യറി, നിയമസഹായം എന്നിവയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനമാണ് റാങ്കിങ്ങിനായി പരിഗണിച്ചത്. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് എന്നിവയാണ് യഥാക്രമം മുന്നില്‍ നില്‍ക്കുന്നത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നിവയാണ് പട്ടികയില്‍ പിന്നില്‍. കഴിഞ്ഞ സർവേയിൽ 11-ാം സ്ഥാനത്തായിരുന്ന തെലങ്കാന ഏറ്റവും പുതിയ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ടിന്റെ നാലാം പതിപ്പിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഏഴ് ചെറിയ സംസ്ഥാനങ്ങളിൽ, സിക്കിം മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ഗോവ പിന്നിലായി.
2022 മുതൽ 2025 വരെ പൊലീസ് വിഭാഗത്തിൽ ഏറ്റവും മോശം പുരോഗതി കൈവരിച്ച സംസ്ഥാനം ബീഹാറാണ്. ഒരു ലക്ഷം പേർക്ക് വെറും 81 പൊലീസുകാർ എന്ന നിരക്കിലാണ് ബീഹാറിൽ പൊലീസ് ഉള്ളത്. 2022 നും 2025 നും ഇടയിൽ, രാജസ്ഥാൻ, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ജുഡീഷ്യൽ സൂചകങ്ങളിൽ മെച്ചപ്പെട്ടുവെന്ന് ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2025 പറയുന്നു.