ചെന്നൈ: റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴയൊടുക്കുമെന്ന് ദക്ഷിണ റെയില്‍വേ. നിര്‍ദേശം ലംഘിച്ചാല്‍ 1000 രൂപ പിഴ ചുമത്തുമെന്നാണ് അറിയിപ്പ്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി റെയില്‍വേ മേഖലകളില്‍ റീല്‍ ചിത്രീകരിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
ട്രെയിനിനുള്ളില്‍ ഉള്‍പ്പെടെ അതിസാഹസികമായ റീലുകള്‍ ചിത്രീകരിക്കുന്നതിനിടെ നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദക്ഷിണ റെയില്‍വേയുടെ തീരുമാനം.
റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് മൊബൈല്‍ ഫോണുകളില്‍ വീഡിയോ പകര്‍ത്താന്‍ അനുമതിയില്ലെന്നും ഫോട്ടോയെടുക്കാന്‍ മാത്രമാണ് അനുവാദമുള്ളതെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
നിലവില്‍ ഇക്കാര്യം നിരീക്ഷിക്കാന്‍ റെയില്‍വേ പൊലീസിനെയും റെയില്‍വേ സംരക്ഷണ സേനാംഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് തെളിഞ്ഞാല്‍ കര്‍ശനമായി നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യാത്രക്കാരെ സി.സി.ടി.വി ക്യാമറകളിലൂടെ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി വീക്ഷിക്കുമെന്നും റെയില്‍വേ അറിയിച്ചു.
കഴിഞ്ഞ ദിവസം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ട്രെയിനുകളില്‍ സി.സി.ടി.വി സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. 74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിക്കുകയായിരുന്നു.
ഓരോ റെയില്‍ കോച്ചിലും നാല് സി.സി.ടി.വി ക്യാമറകളും എഞ്ചിനില്‍ ആറ് ക്യാമറുകളുമാണ് സ്ഥാപിക്കുക. കോച്ചുകളിലെ ഓരോ വാതിലിലും രണ്ട് ക്യാമറകള്‍ വീതം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. വാതിലുകള്‍ക്ക് സമീപത്തുള്ള സഞ്ചാര മേഖലയിലായിരിക്കും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക. ഡോം-ടൈപ്പ് ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
യാത്രക്കാരുടെ സ്വകാര്യത നിലനിര്‍ത്തുന്നതിനായാണ് വാതിലുകള്‍ക്ക് സമീപം ക്യാമറ സ്ഥാപിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വേയുടെ ലോക്കോ എഞ്ചിനുകളിലും കോച്ചുകളിലും നടത്തിയ വിജയകരമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റെയില്‍വേ വകുപ്പിന്റെ നീക്കം. ഇന്ത്യാ എ.ഐ മിഷനുമായി സഹകരിച്ചായിരിക്കും തീരുമാനം നടപ്പിലാക്കുകയെന്നാണ് വിവരം.