ഫലസ്തീന്‍ പൂര്‍ണമായി സ്വതന്ത്രമാവുന്നത് വരെ പിന്നോട്ടില്ല; ഐക്യദാര്‍ഢ്യവുമായി ദക്ഷിണ കൊറിയയില്‍ റാലി
World
ഫലസ്തീന്‍ പൂര്‍ണമായി സ്വതന്ത്രമാവുന്നത് വരെ പിന്നോട്ടില്ല; ഐക്യദാര്‍ഢ്യവുമായി ദക്ഷിണ കൊറിയയില്‍ റാലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2025, 10:06 am

സിയോള്‍: ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ നൂറോളം പേര്‍ പ്രകടനം നടത്തി. ഇസ്രഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങളെ അപലപിച്ചും ഗസയില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി. ഗസയിലെ ഇസ്രഈലിന്റെ ഉപരോധങ്ങളും അവസാനിപ്പിക്കണമെന്നും പ്രകടനം ആവശ്യപ്പെട്ടു. ഫലസ്തീനിയന്‍ സോളിഡാരിറ്റി മൂവ്‌മെന്റ് ഇന്‍ സൗത്ത് കൊറിയയാണ് ഈ പ്രകടനം സംഘടിപ്പിച്ചത്.

ഗസയുടെ കാതലായ പ്രശ്‌നം ഇപ്പോള്‍ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കുക മാത്രമല്ലെന്നും കാലങ്ങളായി ഇസ്രഈല്‍ നടത്തുന്ന അധിനിവേശം ഇല്ലാതാകുകയാണെന്നും പ്രകടനം നടത്തിയവര്‍ പറഞ്ഞു. അതിനാല്‍ തന്നെ ഫലസ്തീന് മുഴുവനായി സ്വാതന്ത്ര്യം നേടുന്നതുവരെ ഐക്യദാര്‍ഢ്യം അവസാനിപ്പിക്കരുതെന്നും പ്രകടനം ആഹ്വാനം ചെയ്തു.

ഇസ്രഈല്‍ – ഫലസ്തീന്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാന പദ്ധതി കൊണ്ടുവന്നിരുന്നു. ഇത് ഹമാസും ഇസ്രാഈലും അംഗീകരിച്ചതോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിന് ശേഷമാണ് ദക്ഷിണ കൊറിയയില്‍ ഫലസ്തീന് ഐക്യര്‍ദാര്‍ഢ്യവുമായി റാലി സംഘടിപ്പിച്ചത്.

ട്രംപിന്റെ സമാധാന പദ്ധതിയ്ക്കും കൊറിയയില്‍ വേണ്ടത്ര ജനപിന്തുണയില്ല.

‘ഗസ സ്ട്രിപ്പ് കൈകാര്യം ചെയ്യുന്നത് യു.എസോ ട്രംപോ ആണെന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഗസയുടെ നാശത്തെയും അവിടുത്തെ ജനങ്ങളുടെ വംശഹത്യയെയും പിന്തുണയ്ക്കുന്നത് തന്നെ യു.എസ് സര്‍ക്കാരും ട്രംപുമാണ്,’ പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞു.

ഇത് ആദ്യമല്ല, ദക്ഷിണ കൊറിയയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രകടനങ്ങള്‍ നടത്തുന്നത്. ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രഈല്‍ വംശഹത്യ തുടങ്ങിയതിന് ശേഷുള്ള രണ്ട് വര്‍ഷവും നിരവധി പ്രതിഷേധങ്ങളും റാലികളും ഉണ്ടായിട്ടുണ്ട്.

പ്രതിഷേധത്തോടൊപ്പം തന്നെ സര്‍ക്കാര്‍ ഇസ്രഈലുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നുള്ള ആവശ്യവും സൗത്ത് കൊറിയയില്‍ ശക്തമാവുന്നുണ്ട്.

അതേസമയം, ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ഇസ്രഈല്‍ ഗസയിലെ നടപടികള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. വംശഹത്യ കാരണം പലായനം ചെയ്ത നിരവധി ഫലസ്തീനികള്‍ തങ്ങളുടെ രാജ്യത്തേക്ക് തന്നെ മടങ്ങുന്നുണ്ട്.

ഇതിനിടെ ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യവും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്നും യുദ്ധം അവസാനിപ്പിച്ചെന്നും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, വെടി നിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ഇസ്രഈല്‍ ആക്രമണം തുടരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍
ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ സാലിഹ് അല്‍ജഫറാവിയെ ഇസ്രഈല്‍ വധിച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: South Koreans rally in support of Palestine despite ceasefire in action