മുംബൈ: ഡാന്‍സ് ബാറുകളും ലേഡീസ് ബാറുകളും നടത്തുന്നവരാണ് ദക്ഷിണേന്ത്യക്കാരെന്ന് ശിവസേന ഷിന്‍ഡെ വിഭാഗം എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ്. അവര്‍ക്ക് മഹാരാഷ്ട്രയിലെ ഭക്ഷണ വിതരണത്തിനുള്ള കരാറുകള്‍ നല്‍കരുതെന്നും ഗെയ്ക്വാദ് പറഞ്ഞു. കഴിഞ്ഞ ദിവസം കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചതിനെത്തുടര്‍ന്ന് വിവാദത്തില്‍പ്പെട്ടയാളാണ് സഞ്ജയ് ഗെയ്ക്വാദ്.
ഷെട്ടി എന്ന സര്‍നെയിമുള്ള ദക്ഷിണേന്ത്യന്‍ കോണ്‍ട്രാക്ടറുടെ പേര് പറഞ്ഞുകൊണ്ട് എന്തിനാണ് അയാള്‍ക്ക് കരാര്‍ കൊടുത്തതെന്നും പകരം ഒരു മറാത്തിക്ക് കരാര്‍ കൊടുക്കണമെന്നും എം.എല്‍.എ പറഞ്ഞു. മറാത്തികള്‍ക്ക് മാത്രമെ നമ്മള്‍ എന്താണ് കഴിക്കുന്നതെന്ന് അറിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘എന്തിനാണ് ഷെട്ടി എന്ന് പേരുള്ളയാള്‍ക്ക് കോണ്‍ട്രാക്ട് നല്‍കുന്നത്. അതൊരു മറാത്തി സംസാരിക്കുന്നയാള്‍ക്ക് കൊടുക്കൂ. അവര്‍ക്ക് നന്നായറിയാം നമ്മള്‍ എന്താണ് കഴിക്കുന്നതെന്ന്. ഗുണമേന്മയുള്ള ഭക്ഷണം അവര്‍ നമ്മള്‍ക്ക് തരികയും ചെയ്യുന്നു. ദക്ഷിണേന്ത്യക്കാര്‍ ഡാന്‍സ് ബാറുകളും ലേഡീസ് ബാറുകളും നടത്തുന്നവരാണ്. അവര്‍ മഹാരാഷ്ട്രയുടെസംസ്‌കാരം നശിപ്പിക്കും. അവന്‍ നമ്മുടെ കുട്ടികളെ നശിപ്പിച്ചു. അവര്‍ക്കെങ്ങനെയാണ് നല്ല ഭക്ഷണം നല്‍കാനാവുക,’ എം.എല്‍.എ പറഞ്ഞു.
മുംബൈ ഗസ്റ്റ് ഹൗസിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച വിവാദം അവസാനിക്കുന്നതിന് മുമ്പാണ് ശിവസേന എം.എല്‍.എയുടെ പുതിയ പരാമര്‍ശം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചോടെ സംഭവം വിവാദത്തിന് തിരികൊളുത്തി.
പഴകിയ ഭക്ഷണം വിളമ്പിയെന്ന് ആരോപിച്ചാണ് ജീവനക്കാരനെ എം.എല്‍.എ മര്‍ദിച്ചത്. എം.എല്‍.എ യുവാവിന്റെ മുഖത്ത് അടിക്കുന്നതായും മൂക്കിന് ഇടിക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ യുവാവിനെ മര്‍ദിച്ചതില്‍ തനിക്ക് ഖേദമില്ലെന്നും ജനാധിപത്യ ഭാഷ മനസിലാക്കുന്നതില്‍ ആരെങ്കിലും പരാജയപ്പെട്ടാല്‍ താന്‍ ഇത് ഇനിയും ആവര്‍ത്തിക്കുമെന്നും സഞ്ജയ് ഗെയ്ക്വാദ് പറഞ്ഞിരുന്നു.
ഗെയ്ക്വാദിന്റെ പ്രവര്‍ത്തി തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. ഇത്തരത്തില്‍ ആരോടും പെരുമാറരുതെന്നും ഇത് സംസ്ഥാന നിയമസഭയുടെ തന്നെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. ഇത് അധികാര ദുര്‍വിനിയോഗമാണെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.