ന്യൂദല്‍ഹി: മഹാശിവരാത്രി ദിനത്തില്‍ മെസ്സില്‍ നോണ്‍വെജ് ഭക്ഷണം വിളമ്പിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ എ.ബി.വി.പി അനുകൂല ഗവേഷകനെ പുറത്താക്കി ദല്‍ഹിയിലെ സൗത്ത് ഏഷ്യന്‍ യൂണിവേഴ്‌സിറ്റി. സുദീപ്‌തോ ദാസിനെയാണ് പുറത്താക്കിയത്. ഗുരുതരമായ പെരുമാറ്റദൂഷ്യത്തിലാണ് സര്‍വകലാശാലയുടെ നടപടി.
വിദ്ഗധ സമിതിയുടെ വിശദമായ അന്വേഷണത്തെ തുടര്‍ന്നാണ് നടപടിയെന്ന് സര്‍വകലാശാല ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇതിനുമുമ്പും സുദീപ്‌തോ സമാനമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും സമിതി കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ ഹോസ്റ്റല്‍ ഒഴിയാനും ഗവേഷകന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2022ല്‍ സമാനമായ ഒരു സംഭവത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നെന്നും സര്‍വകലാശായുടെ പ്രസ്താവനയില്‍ പറയുന്നു. മെസ്സിലെ സംഘര്‍ഷത്തില്‍ ഗവേഷകന് പുറമെ സ്റ്റുഡന്റ് മെസ് സെക്രട്ടറി യശാദ സാവന്തിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. ക്രമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് യശാദ സാവന്തിന് 5000 രൂപ പിഴ ചുമത്തുകയായിരുന്നു.
ഫെബ്രുവരി 26നാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. മെസ്സില്‍ മീന്‍ കറി വിളമ്പിയതിനെതിരെ സുദീപ്‌തോ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരും സുദീപ്‌തോയെ അനുകൂലിക്കുന്ന എ.ബി.വി.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
Showing their cowardice, anti-women attitude and sheer hooliganism ABVP attacked women students in SAU. We condemn the ABVP’s actions in the most fierce terms and extend solidarity to the courageous students of SAU.#sfi#sfidelhi#saupic.twitter.com/mWH5VIs846
സംഭവത്തിന് പിന്നാലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ മുടിയില്‍ പിടിച്ചുവലിച്ചിഴക്കുന്നതായി കാണാമായിരുന്നു.
പിന്നീട് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പരാതിപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി മെസ്സില്‍ എല്ലാവര്‍ക്കും തുല്യമായ അവകാശമുണ്ടെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ ഭക്ഷണരീതി മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും എസ്.എഫ്.ഐ പ്രതികരിച്ചിരുന്നു.