കേപ് ടൗണ്‍: ലോകത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പറഞ്ഞ ദക്ഷിണാഫ്രിക്കയിലെ ഇമാം മുഹ്‌സിന്‍ ഹെന്‍ഡ്രിക് കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ നഗരമായ ഖേബര്‍ഹയ്ക്ക് സമീപം അദ്ദേഹം വെടിയേറ്റ് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റൊരാളുമൊത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ തടഞ്ഞ് നിര്‍ത്തി അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുഖം മറച്ചെത്തിയ അജ്ഞാതരായ രണ്ട് വ്യക്തികളെത്തി ഇമാമിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സ്വവര്‍ഗാനുരാഗികള്‍ക്കും മറ്റ് പാര്‍ശ്വവത്ക്കരിക്കപ്പെട്ട മുസ് ലിങ്ങള്‍ക്കുമായി സുരക്ഷിതമായി ഒരു പള്ളി നടത്തി വരികയായിരുന്നു അദ്ദേഹം. വിവിധ എല്‍.ജി.ബി.ടി.ക്യുവിന് വേണ്ടിയുള്ള ഗ്രൂപ്പുകളില്‍ അദ്ദേഹം അംഗമായിരുന്നു.
1996ലാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത്. 2022ല്‍ തനിക്കെതിരെ പല ഭീഷണികളുമുയരുന്നതായി ദി റാഡിക്കല്‍ എന്ന ഡോക്യുമെന്ററിയില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു.