പ്രോട്ടിയാസിന്റെ ചരിത്രത്തിലെ ആദ്യ താരം; ഗെയ്ല്‍ വാഴുന്ന റെക്കോഡ് ലിസ്റ്റിലേക്ക് മാസ് എന്‍ട്രിയുമായി ഫാഫ്!
Sports News
പ്രോട്ടിയാസിന്റെ ചരിത്രത്തിലെ ആദ്യ താരം; ഗെയ്ല്‍ വാഴുന്ന റെക്കോഡ് ലിസ്റ്റിലേക്ക് മാസ് എന്‍ട്രിയുമായി ഫാഫ്!
ശ്രീരാഗ് പാറക്കല്‍
Wednesday, 7th January 2026, 9:07 am

എസ്.എ20യില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ജബോങ് സൂപ്പര്‍ കിങ്‌സിനെതിരെ എം.ഐ കേപ് ടൗണ്‍ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മഴ മൂലം തടസപ്പെട്ട മത്സരം 12 ഓവറായി ചുരുക്കിയപ്പോള്‍ സൂപ്പര്‍ കിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടി. എന്നാല്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സുമായി കേപ് ടൗണ്‍ വിജയിക്കുകയായിരുന്നു. ഡി.എല്‍.എസ് രീതിയിലായിരുന്നു കേപ് ടൗണിന്റെ വിജയം.

മത്സരത്തില്‍ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ക്യാപ്റ്റനും ഓപ്പണറുമായ ഫാഫ് ഡുപ്ലെസിയാണ്. 21 പന്തില്‍ നിന്ന് 44 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 209.52 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത്. ഇതിന് പുറമെ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും ഫാഫിന് സാധിച്ചിരിക്കുകയാണ്.

ടി-20 ഫോര്‍മാറ്റില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് ഫാഫിന് സാധിച്ചത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരമാണ് ഫാഫ്. മാത്രമല്ല ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ റെക്കോഡ് ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്ത് ഇടം നേടാനും താരത്തിന് സാധിച്ചു. ലിസ്റ്റില്‍ ഒന്നാമന്‍ 14562 റണ്‍സ് നേടിയ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ്.ഫാഫ് ഡു പ്ലെസി- Photo: Johns/x.om

ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവര്‍, റണ്‍സ്

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 14562

കിറോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്) – 14462

അലക്‌സ് ഹേല്‍സ് (ഇംഗ്ലണ്ട്) – 14449

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 13836

ഷൊയ്ബ് മാലിക് (പാകിസ്ഥാന്‍) – 13571

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 13554

വിരാട് കോഹ്‌ലി (ഇന്ത്യ) – 13543

ജെയ്മസ് വിന്‍സ് (ഇംഗ്ലണ്ട്) – 12854

രോഹിത് ശര്‍മ (ഇന്ത്യ) – 12248

ഫാഫ് ഡു പ്ലെസിസ് (സൗത്ത് ആഫ്രിക്ക) – 12002

അതേസമയം മത്സരത്തില്‍ എം.ഐക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 35 റണ്‍സ് നേടിയ ഓപ്പണര്‍ റാസി വാണ്ടര്‍ ഡസനാണ്. മൂന്ന് സിക്‌സറുകളാണ് താരത്തിന്റെ ഇന്നിങ്‌സില്‍ നിന്ന് പിറന്നത്. മൂന്ന് വിക്കറ്റ് നേടിയ കോര്‍ബിന്‍ ബോഷാണ് കേപ് ടൗണിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത്.

Content Highlight: South African Batter Faf du Plessis In Great Record Achievement In T20

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ