മൊഹാലി: യുവ ബൗളര്‍മാര്‍ റണ്‍സ് നല്‍കുന്നതില്‍ പിശുക്ക് കാണിച്ചപ്പോള്‍ ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത് ഭേദപ്പെട്ട സ്‌കോര്‍ മാത്രം. 20 ഓവര്‍ അവസാനിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാന്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കായുള്ളൂ.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനത്തോടു നീതി പുലര്‍ത്തുന്ന പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്.
ആദ്യ ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുത്തെങ്കിലും മധ്യ ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാതിരുന്ന ബൗളര്‍മാരാണ് ഇന്ത്യക്കു മേല്‍ക്കൈ നല്‍കിയത്.
വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തിയ ബൗളര്‍മാരില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാര്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ തിളങ്ങി.
ഒരുവര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ കളിക്കാനിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യ കൂറ്റനടിക്കു ശേഷിയുള്ള ഡേവിഡ് മില്ലറുടെ വിക്കറ്റാണു വീഴ്ത്തിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ പരമാവധി യുവതാരങ്ങളെ ഇറക്കിയാണ് ഇന്ത്യ എത്തിയത്.
സെയ്‌നിക്കും ചഹാറിനും പുറമേ വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാള്‍ പാണ്ഡ്യ എന്നിവരും ടീമിലുണ്ട്. ലോകേഷ് രാഹുല്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കു വിശ്രമം അനുവദിച്ചാണ് ഇന്ത്യയിറങ്ങിയത്.