2026 ടി-20 ലോകകപ്പില്‍ കാനഡയെ തകര്‍ത്ത് സൗത്ത് ആഫ്രിക്ക ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിന്റെ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്.

സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കാനഡയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഏയ്ഡന്‍ മര്‍ക്രം (32 പന്തില്‍ 59), ഡേവിഡ് മില്ലര്‍ (23 പന്തില്‍ 39*), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (19 പന്തില്‍ 34*) എന്നിവരുടെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്.

അഹമ്മദാബാദില്‍ 200+ റണ്‍സ് നേടിയതോടെ ഒരു റെക്കോഡും സൗത്ത് ആഫ്രിക്കയുടെ പേരില്‍ കുറിക്കപ്പെട്ടു. ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം തവണ 200+ ടോട്ടല്‍ സ്വന്തമാക്കുന്ന ടീം എന്ന സ്വന്തം റെക്കോഡ് തിരുത്തിയാണ് പ്രോട്ടിയാസ് ചരിത്രമെഴഉതിയത്.

ടി-20 ലോകകപ്പുകളില്‍ ഇത് ആറാം തവണയാണ് സൗത്ത് ആഫ്രിക്ക 200+ ടോട്ടല്‍ സ്വന്തമാക്കുന്നത്. ഈ റെക്കോഡില്‍ രണ്ടാമതുള്ള ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും മൂന്ന് തവണയാണ് ലോകകപ്പില്‍ ഇരുന്നൂറടിച്ചത്.

ടി-20 ലോകകപ്പില്‍ 200+ ടോട്ടല്‍ നേടിയ ടീമുകള്‍

(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

സൗത്ത് ആഫ്രിക്ക – 6*

ഇന്ത്യ – 3

വെസ്റ്റ് ഇന്‍ഡീസ് – 3

ഇംഗ്ലണ്ട് – 2

ശ്രീലങ്ക – 2

ഓസ്ട്രേലിയ – 1

ന്യൂസിലാന്‍ഡ് – 1

പാകിസ്ഥാന്‍ – 1

സ്‌കോട്‌ലാന്‍ഡ് – 1

സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കാനഡയ്ക്ക് തുടക്കം പാളിയിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ദില്‍പ്രീത് ബജ്‌വ പുറത്തായി. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെയെത്തിയ നവ്‌നീത് ദലിവാലിന്റെ (49 പന്തില്‍ 64) അര്‍ധ സെഞ്ച്വറി കരുത്തില്‍ കാനഡ പൊരുതിയെങ്കിലും സൗത്ത് ആഫ്രിക്കയുടെ അനുഭവ സമ്പത്തിന് മുമ്പില്‍ അസോസിയേറ്റ് ടീമിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ കാനഡ 156ന് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

സൗത്ത് ആഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി നാല് വിക്കറ്റ് വീഴ്ത്തി. മാര്‍കോ യാന്‍സെന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കോര്‍ബിന്‍ ബോഷും കഗീസോ റബാദായും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഈ വിജയത്തോടെ ഗ്രൂപ്പ് ഡി-യില്‍ സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനത്തെത്തി. നാളെയാണ് പ്രോട്ടിയാസിന്റെ അടുത്ത മത്സരം. ഗുജറാത്ത് തന്നെയാണ് വേദി.

 

Content highlight: South Africa scores 200+ for the sixth time in T20 World Cups