ഒറ്റ മത്സരം തോറ്റില്ലെങ്കിലും വല്ലാത്തൊരു നാണക്കേടുമായി ഇന്ത്യ; നാണക്കേടിന്റെ കണികയേതുമില്ലാതെ സൗത്ത് ആഫ്രിക്കയും
T20 world cup
ഒറ്റ മത്സരം തോറ്റില്ലെങ്കിലും വല്ലാത്തൊരു നാണക്കേടുമായി ഇന്ത്യ; നാണക്കേടിന്റെ കണികയേതുമില്ലാതെ സൗത്ത് ആഫ്രിക്കയും
ആദര്‍ശ് എം.കെ.
Friday, 20th February 2026, 3:53 pm

 

ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെ നടക്കുന്ന പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് ഗ്രൂപ്പ് 2 മത്സരങ്ങളോടെയാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് കേളികൊട്ടുയരുന്നത്.

ഫെബ്രുവരി 22നാണ് സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവുമധികം തവണ താരങ്ങള്‍ പൂജ്യത്തിന് പുറത്തായ ടീമും ഒറ്റ തവണ പോലും താരങ്ങള്‍ പൂജ്യത്തിന് പുറത്താകാത്ത ടീമും തമ്മിലുള്ള പോരാട്ടത്തിനാകും അഹമ്മദാബാദ് സാക്ഷ്യം വഹിക്കുക.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവുമധികം താരങ്ങള്‍ പൂജ്യത്തിന് പുറത്തായ രണ്ട് ടീമുകളിലൊന്ന് ഇന്ത്യയാണ്. എട്ട് തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായത്.

യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. അഭിഷേക് ശര്‍മയും ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഡയമണ്ട് ഡക്കായാണ് വരുണ്‍ ചക്രവര്‍ത്തി മടങ്ങിയത്.

അഭിഷേക് ശര്‍മ

നമീബിയക്കെതിരായ രണ്ടാം മത്സരത്തില്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി. കൊളംബോയില്‍ പാകിസ്ഥാനെതിരായ മത്സരത്തിലും അക്‌സര്‍ ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. അഭിഷേക് ശര്‍മയും (നാല് പന്തില്‍ പൂജ്യം) ഹര്‍ദിക് പാണ്ഡ്യയും (ആദ്യ പന്തില്‍ പൂജ്യം) പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പൂജ്യത്തിനാണ് മടങ്ങിയത്.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ടൂര്‍ണമെന്റില്‍ മൂന്നാം തവണയും അഭിഷേക് ശര്‍മ പൂജ്യത്തിന് മടങ്ങി.

ഇറ്റലിയാണ് ഇന്ത്യയ്‌ക്കൊപ്പം എട്ട് ഡക്കുകളുമായി ഈ മോശം ലിസ്റ്റില്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്.

ഗ്രൂപ്പ് ഡി-യില്‍ നിന്നും അപരാജിതരായി മുന്നോട്ട് കുതിച്ച സൗത്ത് ആഫ്രിക്ക മാത്രമാണ് ഒറ്റ ഡക്ക് പോലുമില്ലാതെ ഗ്രൂപ്പ് ഘട്ടം കടന്നത്.

അതേസമയം, സൂപ്പര്‍ 8ല്‍, പ്രത്യേകിച്ച് ഗ്രൂപ്പ് വണ്ണില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് തന്നെയായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാത്ത ടീമുകള്‍ നാലുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്.

ഇന്ത്യയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും പുറമെ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും ഏത് ചാമ്പ്യന്‍ ടീമിനെയും മുട്ടുകുത്തിക്കാന്‍ പോന്ന സിംബാബ്‌വേയുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്.

പരാജയമറിയാത്ത നാല് ടീമും ഒരു ഗ്രൂപ്പിലെത്തിയപ്പോള്‍ ഗ്രൂപ്പ് 2ലെ എല്ലാ ടീമുകളും മൂന്ന് ജയവും ഓരോ തോല്‍വിയും കൈമുതലായി ഉള്ളവരാണ്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് 2ലെ ടീമുകള്‍.

സൂപ്പര്‍ 8ല്‍ ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. മൂന്ന് വീതം മത്സരമായിരിക്കും ഓരോ ടീമുകളും കളിക്കുക. സൂപ്പര്‍ 8ന് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.

 

Content highlight: South Africa is the only team in the tournament that has not had a single player out for a duck.

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.