ദക്ഷിണ ആഫ്രിക്ക വെള്ളക്കാരെ വംശഹത്യ ചെയ്യുന്നു; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ ഓവല്‍ ഹൗസില്‍ വിളിച്ച് വരുത്തി അപമാനിച്ച് ട്രംപ്
World News
ദക്ഷിണ ആഫ്രിക്ക വെള്ളക്കാരെ വംശഹത്യ ചെയ്യുന്നു; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ ഓവല്‍ ഹൗസില്‍ വിളിച്ച് വരുത്തി അപമാനിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd May 2025, 4:51 pm

വാഷിങ്ടണ്‍: ദക്ഷിണ ആഫ്രിക്ക വെള്ളക്കാരെ വംശഹത്യ ചെയ്യുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തം രാജ്യത്ത് വംശഹത്യ നടക്കുന്നതിനാല്‍ അവര്‍ അമേരിക്കയിലേക്ക് പലായനം ചെയ്യുകയാണെന്നും ട്രംപ് ആരോപിച്ചു.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയെ ഓവല്‍ ഹൗസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ട്രംപിന്റെ ആരോപണം. ഇത് സംബന്ധിച്ച ഒരു വീഡിയോയും ട്രംപ് റാമഫോസയെ സാക്ഷി നിര്‍ത്തി ഓവല്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

വെളുത്ത വര്‍ഗക്കാരായ കര്‍ഷകര്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വെള്ളക്കാരുടെ ശവകുടീരങ്ങള്‍ എന്ന രീതിയിലുള്ള ചില ദൃശ്യങ്ങളും ട്രംപ് റാമഫോസയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

ഭീഷണി കാരണം വെളുത്ത വര്‍ഗക്കാര്‍ രാജ്യം വിട്ട് പോവുകയാണെന്നും ഇവരുടെ ഭൂമിയെല്ലാം തട്ടിയെടുക്കപ്പെടുകയാണെന്നും സംഭാഷണത്തിനിടെ ട്രംപ് ആരോപിച്ചു. പലരേയും കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കുകയാണെന്നും ട്രംപ് ദക്ഷിണ ആഫ്രിക്കന്‍ പ്രസിഡന്റിനോട് പറഞ്ഞു.

എന്നാല്‍ ട്രംപ് പ്രകോപനകരമായ പല പ്രസ്താവനകള്‍ നടത്തിയിട്ടും നിശബ്ദനായാണ് റാമഫോസ നിലകൊണ്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കിയെ ഓവല്‍ ഓഫീസില്‍വെച്ച് അപമാനിച്ചതിന് തുല്യമായിരുന്നു റാമഫോസയോടുള്ള ട്രംപിന്റെ പെരുമാറ്റമെന്നും വിലയിരുത്തലുണ്ട്.

ഓവല്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ ‘ദക്ഷിണാഫ്രിക്കയിലെ പീഡനത്തിന്റെ തെളിവ്’ ആണെന്ന് കാണിച്ച് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇരകളില്‍ ഭൂരിഭാഗവും കറുത്തവരാണെന്നും ദക്ഷിണാഫ്രിക്കന്‍ നേതാവ് പറഞ്ഞു.

എന്നാല്‍ ഈ ദൃശ്യങ്ങളെല്ലാം 2020ല്‍ ഉള്ളതാണെന്നും ശവകുടീരങ്ങളുടെ ചിത്രം വെളുത്ത വര്‍ഗക്കാരുടെ വംശഹത്യയുമായി ഒരു ബന്ധവും ഇല്ലെന്നും റാമഫോസ് പ്രതികരിച്ചു. ഉദ്യോഗസ്ഥരുടേതായി ട്രംപ് കാണിച്ച പ്രതികരണങ്ങള്‍ സര്‍ക്കാരിന്റെ പ്രതികരണം അല്ലെന്നും പല രാഷ്ട്രീയക്കാരുടേതാണെന്നും ദക്ഷിണാഫ്രിക്കയില്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും റാമഫോസ പറഞ്ഞു.

വെളുത്ത വര്‍ഗക്കാരായ ദക്ഷിണാഫ്രിക്കന്‍ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ അമേരിക്ക അടുത്തിടെ അവരുടെ കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി അമ്പതോളം ദക്ഷിണാഫ്രിക്കക്കാര്‍ കഴിഞ്ഞ ദിവസം യു.എസിലെത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ വെളുത്ത വര്‍ഗക്കാരായ ഡച്ചുകാരുടെ പിന്മുറക്കാരെയാണ് ട്രംപ് അമേരിക്കയില്‍ അഭയം നല്‍കാന്‍ ക്ഷണിച്ചത്. ഇവര്‍ സ്വന്തം രാജ്യത്ത് വലിയ രീതിയില്‍ വിവേചനം നേരിടുന്നതായും ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് കറുത്ത വര്‍ഗക്കാര്‍ക്കാണ് എല്ലാ ആനുകൂല്യവും നല്‍കുന്നതെന്നുമാണ് ട്രംപ് പലപ്പോഴും അവകാശപ്പെട്ടിരുന്നത്. തുടര്‍ന്നാണ് ഇവര്‍ക്ക് കുടിയേറ്റ പദവി നല്‍കാന്‍ ട്രംപ് തീരുമാനിച്ചത്.

Content Highlight: South Africa is  genocide against white people; Trump confronts South African president with false allegations