ട്രംപിന്റെ 30 ശതമാനം താരിഫ് തെറ്റായ വ്യാപാര വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളത്: ദക്ഷിണാഫ്രിക്ക
Trending
ട്രംപിന്റെ 30 ശതമാനം താരിഫ് തെറ്റായ വ്യാപാര വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളത്: ദക്ഷിണാഫ്രിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th July 2025, 6:58 am

കേപ് ടൗൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ 30 ശതമാനം താരിഫ് നടപടിയെ ശക്തമായി വിമർശിച്ച് ദക്ഷിണാഫ്രിക്ക. ട്രംപിന്റെ പുതിയ താരിഫ് നയം അന്യായവും ഏകപക്ഷീയവുമായ തീരുമാനമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സമയത്താണ് ട്രംപിന്റെ ഈ നീക്കം.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക ഉൾപ്പെടെ നിരവധി വ്യാപാര പങ്കാളികൾക്ക് ട്രംപ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ആ രാജ്യങ്ങളിലെ നേതാക്കൾക്ക് ട്രംപ് കത്തുകൾ അയക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കക്ക് അയച്ച കത്തുകളിൽ, ദക്ഷിണാഫ്രിക്കയും യു.എസും തമ്മിലുള്ള വ്യാപാര ബന്ധം നീതിയുക്തമല്ലെന്ന് ട്രംപ് ആരോപിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ, ദക്ഷിണാഫ്രിക്കയിൽ നിന്ന് വരുന്ന എല്ലാ സാധനങ്ങൾക്കും 30 ശതമാനം താരിഫ് ഈടാക്കുമെന്ന് ട്രംപ് പറഞ്ഞു.

വർഷങ്ങളായി ദക്ഷിണാഫ്രിക്ക നടപ്പിലാക്കിയ വ്യാപാര നിയന്ത്രണങ്ങളും നയങ്ങളും അമേരിക്കക്ക് വലിയ വ്യാപാര നഷ്ടമുണ്ടാക്കിയതിനാൽ അവ പരിഹരിക്കാൻ ഈ താരിഫുകൾ ആവശ്യമാണെന്ന് ട്രംപ് അവകാശപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ച് താരിഫുകൾ കൂടുകയോ കുറയുകയോ ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു.

പുതിയ താരിഫുകളെക്കുറിച്ച് യു.എസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ സ്ഥിരീകരിച്ചു. ട്രംപിന്റെ താരിഫ് നയത്തെ വിമർശിച്ച റാമഫോസ ഈ തീരുമാനം യഥാർത്ഥ വ്യാപാര ഡാറ്റയല്ല കാണിക്കുന്നതെന്ന് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ശരാശരി താരിഫ് 7.6% മാത്രമാണെന്ന് റാമഫോസ വ്യക്തമാക്കി. കൂടാതെ ഏകദേശം 77 ശതമാനം യു.എസ് ഉത്പന്നങ്ങൾ ഇതിനകം തന്നെ യാതൊരു താരിഫും കൂടാതെ ദക്ഷിണാഫ്രിക്കയിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ ഒമ്പത് മുതൽ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്ന 31 ശതമാനം താരിഫ് നയത്തിൽ മാറ്റമുണ്ടാക്കാൻ യു.എസ് സർക്കാരുമായി സംസാരിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയുടെ വ്യാപാര, വ്യവസായ വകുപ്പ് (DTIC) കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ജൂൺ 23 ന് അംഗോളയിൽ നടന്ന യു.എസ്-ആഫ്രിക്ക ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്ക യു.എസ് അസിസ്റ്റന്റ് വ്യാപാര പ്രതിനിധി കോണി ഹാമിൽട്ടണുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ഡി.ടി.ഐ.സി പറഞ്ഞു. ഈ കൂടിക്കാഴ്ചയിൽ പുതിയ വ്യാപാര കരാറുകൾക്ക് കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്‌തെന്ന് ഡി.ടി.ഐ.സി പറഞ്ഞു. ഈ ചർച്ചയിൽ 10 ശതമാനം വരെ മാത്രമേ താരിഫ് ഏർപ്പെടുത്താവൂ എന്ന് ദക്ഷിണാഫ്രിക്ക അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് യു.എസ് വിപണിയിലേക്ക് താരിഫ് ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന ആഫ്രിക്കൻ ഗ്രോത്ത് ആൻഡ് ഓപ്പർച്യുണിറ്റി ആക്ട് (AGOA) നിയമത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് ദക്ഷിണാഫ്രിക്ക. ചൈന കഴിഞ്ഞാൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ വലിയ ഉഭയകക്ഷി വ്യാപാര പങ്കാളിയാണ് അമേരിക്ക.

എങ്കിലും ജനുവരിയിൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനുശേഷം ദക്ഷിണാഫ്രിക്കയും വാഷിങ്ങ്ടണും തമ്മിലുള്ള ബന്ധം വഷളായി. ദക്ഷിണാഫ്രിക്കൻ സർക്കാർ വെള്ളക്കാരായ ന്യൂനപക്ഷത്തോട് മോശമായി പെരുമാറുന്നുവെന്ന് ട്രംപ് ആരോപിച്ചു. തുടർന്ന് ദക്ഷിണാഫ്രിക്കക്കുള്ള എല്ലാ ധനസഹായവും നിർത്തിവച്ചു. അമേരിക്കൻ വിരുദ്ധൻ എന്നാരോപിച്ച് ദക്ഷിണാഫ്രിക്കൻ അംബാസഡറെ പുറത്താക്കുകയും ചെയ്തിരുന്നു.

 

Content Highlight: South Africa hits out at new Trump tariffs