2026 ടി-20 ലോകകപ്പില്‍ അപരാജിതരായി സെമി ഫൈനല്‍ കളിക്കാന്‍ സൗത്ത് ആഫ്രിക്ക. സൂപ്പര്‍ 8ല്‍ സിംബാബ്‌വേയ്‌ക്കെതിരായ അവസാന മത്സരവും വിജയിച്ചാണ് പ്രോട്ടിയാസ് നോക്ക്ഔട്ട് പോരാട്ടങ്ങള്‍ക്കിറങ്ങുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.
സിംബാബ്‌വേ ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്ത് ശേഷിക്കെ പ്രോട്ടിയാസ് മറികടക്കുകയായിരുന്നു. ഷെവ്‌റോണ്‍സ് നായകന്‍ സിക്കന്ദര്‍ റാസയുടെ ഓള്‍ റൗണ്ട് മികവിന് ഡെവാള്‍ഡ് ബ്രെവിസ്, റിയാന്‍ റിക്കല്‍ടണ്‍ എന്നിവരുടെ പ്രകടനങ്ങളിലൂടെ സൗത്ത് ആഫ്രിക്ക മറുപടി നല്‍കുകയായിരുന്നു.
ഈ വിജയത്തോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു. തുടര്‍ച്ചയായ ലോകകപ്പുകളില്‍ സെമി ഫൈനലിന് മുമ്പ് ഒറ്റ മത്സരം പോലും പരാജയപ്പെടാത്ത ടീം എന്ന നേട്ടമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.
2024ലേതെന്ന പോലെ 2026ലും ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ 8ലും ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ടീം മുന്നേറിയത്.
ടി-20 ലോകകപ്പില്‍ സെമി ഫൈനലിന് മുമ്പ് ഒറ്റ മത്സരം പോലും പരാജയപ്പെടാത്ത ടീമുകള്‍
(ടീം – വര്‍ഷം എന്നീ ക്രമത്തില്‍)
സൗത്ത് ആഫ്രിക്ക – 2009
ശ്രീലങ്ക – 2009
ഓസ്‌ട്രേലിയ – 2014
ന്യൂസിലാന്‍ഡ് – 2016
പാകിസ്ഥാന്‍ – 2021
ഇന്ത്യ – 2024
സൗത്ത് ആഫ്രിക്ക – 2024
സൗത്ത് ആഫ്രിക്ക – 2026
ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരെ 57 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയാണ് സൗത്ത് ആഫ്രിക്ക വേള്‍ഡ് കപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. അഫ്ഗാനിസ്ഥാനെതിരെ സൂപ്പര്‍ ഓവറില്‍ വിജയിച്ച പ്രോട്ടിയാസ് ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റിന്റെയും യു.എ.ഇക്കെതിരെ ആറ് വിക്കറ്റിന്റെയും വിജയം നേടി.
സൂപ്പര്‍ 8ല്‍ ഇന്ത്യയെ ഞെട്ടിച്ച് 76 റണ്‍സിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒമ്പത് വിക്കറ്റിനും ഇപ്പോള്‍ സിംബാബ്‌വേക്കെതിരെ അഞ്ച് വിക്കറ്റിനും വിജയിച്ച് ടീം അപരാജിത കുതിപ്പ് തുടരുകയാണ്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലെത്തിയത്. 43 പന്ത് നേരിട്ട ക്യാപ്റ്റന്‍ റാസ 73 റണ്‍സ് നേടിയാണ് കളം വിട്ടത്. ഏട്ട് ഫോറും നാല് സിക്സറും അടക്കം 169.77 എന്ന മികച്ച സ്ട്രൈക് റേറ്റിലാണ് ഷെവ്‌റോണ്‍സ് ലെജന്‍ഡ് ബാറ്റ് വീശിയത്.
സിക്കന്ദര്‍ റാസ
ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ റാസയ്ക്ക് മികച്ച പിന്തുണ കൊടുക്കാന്‍ മറ്റാര്‍ക്കും സാധിച്ചില്ല. 20 പന്തില്‍ പുറത്താകാതെ 26 റണ്‍സ് നേടിയ ടോണി മുന്യോംഗയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഷെവ്റോണ്‍സ് 153ലെത്തി.
സൗത്ത് ആഫ്രികക്കയ്ക്കായി ക്വേന മഫാക്കയും കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ആന്റിക് നോര്‍ക്യ, ലുങ്കി എന്‍ഗിഡി, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെ പൂജ്യത്തിനും മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിനെ നാല് റണ്‍സിനും നഷ്ടപ്പെട്ടു. സിക്കന്ദര്‍ റാസയാണ് ഇരുവരെയും മടക്കിയത്.