തല്ലിയും എറിഞ്ഞും ഒതുക്കി; കാനഡ തകര്‍ത്ത് പ്രോട്ടിയാസ്
Cricket
തല്ലിയും എറിഞ്ഞും ഒതുക്കി; കാനഡ തകര്‍ത്ത് പ്രോട്ടിയാസ്
ഫസീഹ പി.സി.
Monday, 9th February 2026, 11:16 pm

2026 ടി – 20 ലോകകപ്പില്‍ കാനഡയെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണ് ടീം വിജയം സ്വന്തമാക്കിയത്. അതോടെ വിജയത്തോടെ ടൂര്‍ണമെന്റ് തുടങ്ങാന്‍ പ്രോട്ടിയാസിന് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 214 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന കാനഡക്ക് 156 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിനായി ഏയ്ഡന്‍ മര്‍ക്രം മികച്ച പ്രകടനം പുറത്തെടുത്തു. താരം 32 പന്തില്‍ 59 റണ്‍സുമായാണ് തിരികെ നടന്നത്. താരത്തിന് പുറമെ, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ്, റിയാന്‍ റിക്കില്‍ട്ടന്‍ എന്നിവരും മികച്ച പ്രകടനം നടത്തി.

മില്ലര്‍ 23 പന്തില്‍ 39 റണ്‍സുമായും സ്റ്റബ്ബ്‌സ് 19 പന്തില്‍ 34 റണ്‍സുമായും പുറത്താവാതെ നിന്നപ്പോള്‍ റിക്കില്‍ട്ടന്‍ 21 പന്തില്‍ 33 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവര്‍ക്കൊപ്പം ക്വിന്റണ്‍ ഡി കോക്ക് 22 പന്തില്‍ 25 റണ്‍സും നേടി. ഇതോടെ ടീമിന് നാല് വിക്കറ്റിന് 213 റണ്‍സ് ഉയര്‍ത്താന്‍ സാധിച്ചു.

കാനഡക്കായി അന്‍ഷ് പട്ടേല്‍ മൂന്ന് വിക്കറ്റും ദില്‍പ്രീത് ബജ്വ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ കാനഡയ്ക്ക് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ കൃത്യമായ ഇടവേളകളില്‍ പ്രോട്ടിയാസ് താരങ്ങള്‍ വിക്കറ്റ് വീഴ്ത്തി. എന്നാല്‍ നാലാം വിക്കറ്റ് വീണതോടെ ഒന്നിച്ച നവനീത് ദലിവാലി – ഹര്‍ഷ് താക്കര്‍ എന്നിവര്‍ 69 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

പിന്നാലെ തന്നെ 29 പന്തില്‍ 33 റണ്‍സുമായി താക്കറെ പുറത്തായി. ഈ സ്‌കോറിലേക്ക് 19 റണ്‍സ് ചേര്‍ത്തപ്പോഴേക്കും എട്ടാമതായി ബാറ്റിങ്ങിനെത്തിയ സാദ് ബിന്‍ സഫറും മടങ്ങി. താരം പുറത്തായ 133 റണ്‍സില്‍ തന്നെ ടീമിന് മറ്റൊരു വിക്കറ്റും നഷ്ടമായി.

അപ്പോഴെല്ലാം നവനീത് ക്രീസില്‍ തുടര്‍ന്നു. എന്നാല്‍, അവസാന ഓവറിലെ ആദ്യ പന്തില്‍ താരം പുറത്തായി. 49 പന്തില്‍ 64 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായായിരുന്നു താരത്തിന്റെ മടക്കം. ഏറെ വൈകാതെ ടീമിന് എട്ട് വിക്കറ്റിന് 156 എന്ന നിലയില്‍ മത്സരം അവസാനിപ്പിക്കേണ്ടി വന്നു.

സൗത്ത് ആഫ്രിക്കക്കായി ലുങ്കി എന്‍ഗിഡി നാല് വിക്കറ്റുകളും മാര്‍ക്കോ യാന്‍സെന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. കോര്‍ബിന്‍ ബോഷും കാഗിസോ റബാദയും ഓരോ വിക്കറ്റുകള്‍ വീതം പിഴുതു.

Content Highlight: South Africa defeated Canada in T20 World Cup 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി