ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക സെമി ഫൈനലില്‍. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു സൗത്ത് ആഫ്രിക്ക. 23 പന്ത് അവശേഷിക്കെയാണ് പ്രോട്ടിയാസ് വിജയം കീഴടക്കിയത്.
പ്രോട്ടിയാസിനായി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് 46 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 82 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രമാണ്. 178.26 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. വണ്‍ ഡൗണ്‍ ബാറ്റര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ 28 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 45 റണ്‍സാണ് താരം സ്വന്തമാക്കിയത്. 24 പന്തില്‍ 47 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക് മികച്ച പ്രകടനം നടത്തിയാണ് തിരികെ പോയത്. റോസ്റ്റണ്‍ ചെയ്‌സിനാണ് വിക്കറ്റ്. ഈ വിജയത്തോടെ ഏറെ ആശ്വാസം ഇന്ത്യയ്ക്കാണ്.
വിന്‍ഡീസ് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ കൂടിയിരിക്കുകയാണ്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇന്ത്യ സിംബാബ്‌വേയെ വലിയ മാര്‍ജിനിന് പരാജയപ്പെടുത്തി വിന്‍ഡീസിനെതിരെയും മികച്ച വിജയം നേടേണ്ടതുണ്ട്.
Intrigue in Chennai as defending champions India and Zimbabwe fight to remain in semi-final contention 🏏
അതേസമയം വിജയപ്രതീക്ഷയുമായി കളത്തിലിറങ്ങിയ വിന്‍ഡീസിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പ്രോട്ടിയാസ് തുടങ്ങിയത്. മത്സരത്തിലെ മൂന്നാം ഓവറില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ പുറത്താക്കി കഗീസോ റബാദയാണ് പ്രോട്ടിയാസിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.
അതേ ഓവറിലെ അഞ്ചാം പന്തില്‍ സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറെ രണ്ട് റണ്‍സിന് കൂടാരം കയറ്റാനും റബാദയ്ക്ക് സാധിച്ചു. പിന്നീട് ഓപ്പണര്‍ ബ്രണ്ടണ്‍ കിങ്ങിനെ 21 റണ്‍സിന് പുറത്താക്കി ലുംഗി എന്‍ഗിഡിയും വിക്കറ്റ് ടേക്കിങ്ങിന് എത്തി. വൈകാതെ എന്‍ഗിഡി റോവ് മാന്‍ പവലിനെയും (9) റോസ്റ്റണ്‍ ചെയ്‌സിനെയും (2) മടക്കി.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സായിരുന്നു ടീമിന്റെ സമ്പാദ്യം. എന്നാല്‍ ആ സമ്മര്‍ദ ഘട്ടത്തെ അതിജീവിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് സൂപ്പര്‍ താരം ജെയ്‌സണ്‍ ഹോള്‍ഡറും റൊമാരിയോ ഷെപ്പേര്‍ഡുമാണ്.
ഹോള്‍ഡര്‍ 31 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 49 റണ്‍സ് നേടിയപ്പോള്‍ റൊമാരിയോ 37 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി മികച്ച ബാറ്റിങ് പ്രകടനം നടത്തി. വളരെ ചെറിയ സ്‌കോറില്‍ വിന്‍ഡീസിനെ തളയ്ക്കാന്‍ സാധിക്കുമായിരുന്ന ഇടത്ത് നിന്നാണ് ഇരുവരും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. പ്രോട്ടിയാസിനായി ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തി. കഗീസോ റബാദയും കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Content Highlight: South Africa Defeat West Indies In Super 8 Match In T20 World Cup 2026