കണക്കുചോദിക്കാന്‍ മാര്‍ക്രവും സംഘവും; ടി-20 ലോകകപ്പ് സ്‌ക്വാഡ് പുറത്ത് വിട്ട് സൗത്ത് ആഫ്രിക്ക
Sports News
കണക്കുചോദിക്കാന്‍ മാര്‍ക്രവും സംഘവും; ടി-20 ലോകകപ്പ് സ്‌ക്വാഡ് പുറത്ത് വിട്ട് സൗത്ത് ആഫ്രിക്ക
ശ്രീരാഗ് പാറക്കല്‍
Friday, 2nd January 2026, 7:01 pm

2026ലെ ഐ.സി.സി ടി-20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. ഐഡന്‍ മാര്‍ക്രമിന്റെ കീഴിലാണ് പ്രോട്ടിയാസ് ലോകകപ്പിനിറങ്ങുന്നത്.

കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ടോണി ഡി സോര്‍സി, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, ക്വേന മഫാക്ക, ജേസണ്‍ സ്മിത് എന്നീ യുവ താരങ്ങള്‍ സ്‌ക്വാഡില്‍ ഇടം നേടി.

വാരിയെല്ലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് അടുത്തിടെ ഇന്ത്യയ്ക്കെതിരായ വൈറ്റ്-ബോള്‍ പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന കഗീസോ റബാഡ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം ട്രിസ്റ്റന്‍ സ്റ്റബ്‌സിന് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല.

അഫ്ഗാനിസ്ഥാന്‍, കാനഡ, ന്യൂസിലന്‍ഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവരോടൊപ്പം ഗ്രൂപ്പ് ഡിയിലാണ് സൗത്ത് ആഫ്രിക്ക, ഫെബ്രുവരി 09 ന് അഹമ്മദാബാദില്‍ കാനഡയ്ക്കെതിരെയാണ് പ്രോട്ടിയാസിന്റെ ആദ്യ മത്സരം. ഫെബ്രുവരി 07 മുതല്‍ മാര്‍ച്ച് 08 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കുക.

അതേസമയം 2024ലെ ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോട് ഏറ്റ പരാജയത്തിന് കണക്ക് ചോദിക്കാനാകും സൗത്ത് ആഫ്രിക്ക കച്ച മുറുക്കി ഇറങ്ങുന്നത്.

സൗത്ത് ആഫ്രിക്കയുടെ ടി-20 ലോകകപ്പ് സ്‌ക്വാഡ്

എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊനോവന്‍ ഫെരേര, ടോണി ഡി സോര്‍സി, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, കഗീസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്യ, ക്വേന മഫാക്ക, ജെയ്‌സണ്‍ സ്മിത്

Content Highlight: South Africa announces 15-member squad for 2026 ICC T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ