എഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഏറ്റുമുട്ടിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബൗളിങ്ങിനയക്കുകയായിരുന്നു പാകിസ്ഥാന്‍. തുടര്‍ന്ന് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് മെന്‍ ഇന്‍ ഗ്രീന്‍ 127 റണ്‍സിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
ഇപ്പോള്‍ മത്സരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം മുഴുവന്‍ കണ്ടില്ലെന്നും 15 ഓവറിന് ശേഷം ചാനല്‍മാറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം കണ്ടതെന്നുമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞത്. കൊല്‍ക്കത്തയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.
‘പാകിസ്ഥാന്റെ പഴയ ടീം എന്താണെന്ന് എനിക്കറിയാം. എന്നാല്‍ ഇപ്പോള്‍ ഈ ടീം ഒരു എതിരാളിയേ അല്ല. ടീമിലെ നിലവാരക്കുറവാണ് ഇതിന് കാരണം. ഇന്ത്യന്‍ ക്രിക്കറ്റിലെ സുപ്രധാന താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരുടെ മത്സരങ്ങള്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ ഒരു മത്സരമേയില്ലെന്നാണ് കരുതുന്നത്. ഇത് ഒരു വണ്‍വേ ഗെയ്മായി മാറിയിരിക്കുന്നു,’ ഗാംഗുലി പറഞ്ഞു.
മാത്രമല്ല ഭീകരാക്രമണത്തെക്കുറിച്ചും ഗാംഗുലി സംസാരിച്ചിരുന്നു. ഇന്ത്യയിലും പാകിസ്ഥാനിലും മാത്രമല്ല ലോകമെമ്പാടും ഭീകരാക്രണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും എന്നാല്‍ ഇത്തരം സംഭവങ്ങളുടെ പേരില്‍ കായിക വിനോദങ്ങള്‍ നിര്‍ത്താനാവില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
‘ഭീകരത അവസാനിക്കുക എന്നതാണ് പ്രധാനം. ഇന്ത്യയിലും പാകിസ്താനിലും മാത്രമല്ല ലോകമെമ്പാടും ഒരുപാട് ഭീകരാക്രണങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിനൊരു അറുതി വേണം. എന്നാല്‍ ഇത്തരം സംഭവങ്ങളുടെ പേരില്‍ കായിക വിനോദങ്ങള്‍ നിര്‍ത്താനാവില്ല. ഭീകരതക്ക് അവസാനം ഉണ്ടാകണം,’ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
Content Highlight: Sourav Ganguly Talking About India VS Pakistan Match In Asia Cup