ടി-20 ലോകകപ്പിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് വരാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി 2027ലെ ഏകദിന ലോകകപ്പാണെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.
മാത്രമല്ല വൈറ്റ് ബോളിനേക്കാള്‍ ഗംഭീര്‍ ടെസ്റ്റ് ക്രിക്കറ്റ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുന്‍ താരം പറഞ്ഞു. പിച്ചിനെക്കുറിച്ച് അമിതമായി ചിന്തിക്കേണ്ടെന്നും നല്ല പിച്ചാണെങ്കില്‍ സ്വാഭാവിക ഗുണം നല്‍കുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. മണി കണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി.
‘വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പരീക്ഷണം 2027ല്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കും (ഏകദിന ലോകകപ്പ്) നടക്കും . സാഹചര്യങ്ങള്‍ കഠിനമായിരിക്കും, പക്ഷേ അദ്ദേഹത്തിനുള്ള സ്‌ക്വാഡ് കൊണ്ട് അദ്ദേഹത്തിന് എന്തും നേടിയെടുക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വൈറ്റ് ബോളിനേക്കാള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം മെച്ചപ്പെടേണ്ടതുണ്ട്. പിച്ചിനെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് നിര്‍ത്തുക എന്നതാണ് പ്രധാനം. ഇംഗ്ലണ്ട് പരമ്പര ഉദാഹരണമായി എടുക്കുക, പിച്ചിനെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, ഫലങ്ങള്‍ അത് കാണിച്ചുതന്നു.
മാത്രമല്ല സ്വന്തം നാട്ടില്‍ സ്പിന്നിന് അനുകൂലമായ തിരിയുന്ന ട്രാക്കുകളില്‍ കളിക്കണമെന്ന് നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല, നല്ല പിച്ചുകളുണ്ടെങ്കില്‍ സ്വാഭാവികമായും അത് നല്ല ഫലങ്ങള്‍ നല്‍കും,’ ഗാംഗുലി അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം 2026ലെ ടി-20 ലോകകപ്പില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് കരീടം സ്വന്തമാക്കിയിരുന്നു. ന്യൂസിലാന്‍ഡിനെതിരെ മികച്ച വിജയമായിരുന്നു ഇന്ത്യ നേടിയത്. ഇതോടെ മൂന്നാം ടി-20 കിരീടത്തില്‍ മുത്തമിടാനും ഇന്ത്യയ്ക്ക് സാധിച്ചു. മാത്രമല്ല ഗംഭീറിന് കീഴില്‍ മൂന്ന് ട്രോഫി നേടാനും ഇന്ത്യയ്ക്ക് സാധിച്ചു. ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാകപ്പും ടി-20 ലോകകപ്പുമാണ് ഇന്ത്യയ്ക്ക് ഗംഭീര്‍ നേടിക്കൊടുത്തത്.