നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ 2026 ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഡു ഓര്‍ ഡൈ മാച്ചില്‍ വിജയം സ്വന്തമാക്കിയത്.

ഇപ്പോള്‍ സഞ്ജു സാംസണിനെ അഭിനന്ദിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ സെക്രട്ടറിയുമായിരുന്ന സൗരവ് ഗാംഗുലി. ഇന്ത്യയ്ക്കുവേണ്ടി വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ സഞ്ജു സ്ഥിരമായി കളിക്കാന്‍ അര്‍ഹതയുള്ള മികച്ച താരമാണെന്ന് ഗാംഗുലി പറഞ്ഞു. നിര്‍ണായക മത്സരത്തില്‍ 97* റണ്‍സ് നേടി സഞ്ജു നിലവാരം കാണിച്ചെന്നും താരം ഫോമിലായാല്‍ എതിര്‍ ടീമിന് വലിയ അപകടമാണെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

‘സഞ്ജു വളരെ മികച്ച കളിക്കാരനാണ്. ഇന്ത്യയ്ക്കുവേണ്ടി വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം 100 ശതമാനം സ്ഥിരമായി കളിക്കണം. ഇതൊരു വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആയിരുന്നു, 97 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ നിലവാരം കാണിക്കുന്നു. അദ്ദേഹം അത്തരമൊരു കളിക്കാരനാണ്… അദ്ദേഹം ഫോമിലായാല്‍, എതിര്‍ ടീമിന് വലിയ അപകടമാണ്.

സഞ്ജു സാംസണ്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റ് ചെയ്യുമ്പോള്‍ – Photo: bcci

കഴിഞ്ഞ ഒരു ആറ് മാസമായി ടീമില്‍ സ്ഥിരമായൊരു സ്ഥാനം ലഭിക്കാത്ത സഞ്ജു നിര്‍ണായക മത്സരത്തില്‍ മികച്ച പ്രകടനം നടത്തി നമ്മെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ലോകകപ്പിന് മുമ്പ് സഞ്ജു വീണ്ടും പരാജയപ്പട്ട വാര്‍ത്തകള്‍ കണ്ടിരുന്നു, അവന് സ്ഥാനം ലഭിച്ചില്ല, ഇപ്പോള്‍ പുറത്താകാതെ 97 റണ്‍സ് നേടി സഞ്ജു ഇന്ത്യയെ സെമി ഫൈനലില്‍ എത്തിച്ചിരിക്കുന്നു,’ ഗാംഗുലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ 50 പന്തില്‍ നാല് സിക്സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97* റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 194 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം.

സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

 

Content Highlight: Sourav Ganguly Praises Sanju Samson