സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി
Kerala
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th July 2025, 7:47 am

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയാണ്  ഇയാൾ ജയിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.  ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്.  10-ബി ബ്ലോക്കിലായിരുന്നു ഗോവിന്ദച്ചാമിയെ തടവില്‍ പാര്‍പ്പിച്ചിരുന്നത്.

പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഉത്തരമേഖലാ ജയിൽ ഡി.ഐ.ജിയോട്  റിപ്പോർട്ട് തേടിയിട്ടുണ്ട്.

സെല്ലിന്റെ കമ്പി മുറിച്ചുമാറ്റിയാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. ആകാശവാണിയുടെ സമീപത്തെ മതില്‍ ചാടിക്കടന്നാണ് രക്ഷപ്പെട്ടത്. ഗോവിന്ദച്ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിക്കുന്നു.

അംഗപരിമിതനായ ഇയാൾ ജയിൽ മതിൽ ചാടിക്കടന്നതും ജയിലിന്റെ അഴികൾ മുറിച്ചതും എങ്ങനെയാണെന്ന് സംശയം ഉയരുന്നുണ്ട്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചുട്ടുണ്ട്. സി 46 എന്ന ജയിൽ വേഷത്തിൽ തന്നെയാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിൽ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ ജയിലിന് പുറത്തേക്ക് ചാടിയതെന്നാണ് വിവരം.

2011 ഫെബ്രുവരി ഒന്നിനാണ് ട്രെയിന്‍ യാത്രക്കിടെ സൗമ്യ ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

Content Highlight: Soumya murder case accused Govinda Chami escapes from jail