രജിനി സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല: സൗബിന്‍ ഷാഹിര്‍
Malayalam Cinema
രജിനി സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല: സൗബിന്‍ ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th July 2025, 7:28 am

അസിസ്റ്റന്റായി തന്റെ സിനിമാജീവിതം ആരംഭിച്ച നടനാണ് സൗബിന്‍ ഷാഹിര്‍. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സൗബിന്‍ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെയാണ് ആദ്യമായി നായക വേഷത്തില്‍ എത്തുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പറവ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ മോണിക്കാ ഗാനം കുറച്ച് ദിവസങ്ങല്‍ക്ക് മുമ്പ് റിലീസാകുകയും പാട്ടിലെ സൗബിന്റെ ഡാന്‍സ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ കൂലി എന്ന സിനിമ തനിക്ക് കിട്ടിയ ഒരു ഭാഗ്യമാണെന്ന് സൗബിന്‍ പറയുന്നു. താന്‍ ചെറുപ്പത്തില്‍ കണ്ട് കൊതിച്ച കുറേ നടന്മാരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും രജിനികാന്തിന്റെ കൂടെയൊന്നും അഭിനയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിലിമീ ബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു സൗബിന്‍ ഷാഹിര്‍.

കൂലിയുടെ ഷൂട്ട് ഇനി ഒരു മാസം കൂടെ ഉണ്ട്. കൂലി എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമാണ്. കാരണം നമ്മള്‍ കൊതിക്കുന്ന കുറേ നടന്‍മാരുടെ കൂടെ അഭിനിക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ സ്വപ്‌നം പോലും കാണാത്തതാണ് രജിനി സാറിന്റെ കൂടെ അഭിനയിക്കുക, അല്ലെങ്കില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതൊക്കെ. അതില്‍ നമ്മള്‍ ചെറുപ്പത്തില്‍ കണ്ട് കൊതിച്ചിട്ടുള്ള ഒരുപാട് കഥാപാത്രങ്ങളുണ്ട്. ആ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. ആ ഒരു മുഹൂര്‍ത്തം ഞാന്‍ ഒരിക്കലും ജീവിതത്തിലോ, സ്വപ്‌നത്തിലോ വിചാരിച്ചിട്ടുമില്ല, അതിനെ കുറിച്ച് ചിന്തിച്ചിട്ടുമില്ല,’സൗബിന്‍ ഷാഹിര്‍ പറയുന്നു.

Content Highlight:  Soubin talks about the movie Coolie and Rajinikanth.