സമയവും പണവും ചെലവാക്കി സിനിമ കാണാന്‍ വരുന്നവര്‍ക്ക് പ്രാധാന്യം നല്‍കണം, നല്ല സിനിമയെ ആരും മോശമെന്ന് പറയാറില്ല: സൗബിന്‍ ഷാഹിര്‍
Entertainment news
സമയവും പണവും ചെലവാക്കി സിനിമ കാണാന്‍ വരുന്നവര്‍ക്ക് പ്രാധാന്യം നല്‍കണം, നല്ല സിനിമയെ ആരും മോശമെന്ന് പറയാറില്ല: സൗബിന്‍ ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st January 2023, 10:09 am

ഇക്കാലത്ത് ഒരാള്‍ സിനിമയെ കുറിച്ച് നല്ലതും മോശവും പറയുന്നതില്‍ ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. സിനിമക്ക് വേണ്ടി താനൊരു കഥകേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നത് പ്രേക്ഷകരെ കുറിച്ചാണെന്നും സൗബിന്‍ പറഞ്ഞു. നല്ല സിനിമകളെ ആരും മോശം സിനിമകളെന്ന് പറയാറില്ലെന്നും ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും അതൊന്നും നടക്കില്ലെന്നും താരം പറഞ്ഞു.

സിനിമ ചെയ്യുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് പ്രേക്ഷകര്‍ക്കാണെന്നും കാരണം അവര്‍ തങ്ങളുടെ സമയവും പണവും ചെലവാക്കിയാണ് തിയേറ്ററില്‍ എത്തുന്നതെന്നും സൗബിന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സിനിമയുടെ ഫസ്റ്റ് ഹാഫ് കണ്ടതിനുശേഷം അഭിപ്രായം പറയുന്നതിനോട് എനിക്ക് താല്‍പര്യമില്ല. ഒരു സിനിമ എപ്പോഴും പൂര്‍ണമാകുന്നത് ക്ലൈമാക്‌സ് കഴിയുമ്പോഴാണ്. സിനിമ പൂര്‍ണമായി കണ്ടതിനുശേഷം അതിനെകുറിച്ച് അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. ഈ കാലത്ത് ഒരു സിനിമയെ കുറിച്ച് നല്ലതും മോശവും പറയുന്നതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.

നല്ല സിനിമകളെ എപ്പോഴും നല്ലതെന്ന് മാത്രമേ പറയാറുള്ളു. നല്ല സിനിമകളെ ഒരിക്കലും എല്ലാവരും മോശം മോശമെന്ന് പറയാറില്ലല്ലോ. നല്ലത് എപ്പോഴും നന്നായിട്ട് തന്നെയിരിക്കും ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും ഒന്നും നടക്കില്ല. സിനിമകള്‍ക്ക് എപ്പോഴും ഒരു പവറുണ്ട്. അതുകൊണ്ട് തന്നെ നല്ല സിനിമകള്‍ പരാജയപ്പെടാറില്ല.

സിനിമക്ക് വേണ്ടി ഞാന്‍ ഒരു കഥ കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു കഥ ആലോചിക്കുമ്പോള്‍ കൂടുതലും ചിന്തിക്കുന്നത് പ്രേക്ഷകരെ കുറിച്ചാണ്. ആ കഥയുടെ അപ്പുറത്തേക്ക് ആളുകള്‍ അതിനെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നാണ് ഞാന്‍ ശ്രദ്ധിക്കാറ്. ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്ന സമയത്ത് സിനിമയില്‍ ഒരു കോമഡി സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ കാണികളുടെ റിയാക്ഷന്‍ എന്താണെന്നാണ് നോക്കുന്നത്.

ഒരു കയ്യടി വരുമ്പോള്‍ തിര വരുന്നത് പോലെയാണ് വരുന്നത്. അങ്ങനെ ഓഡിയന്‍സിന് ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം സിനിമ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഞാനൊക്കെ സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകരെ കുറിച്ചാണ് ആദ്യം ചിന്തിക്കുന്നത്. എല്ലാവരും അങ്ങനെയൊക്കെ തന്നെയായിരിക്കും. കാരണം പ്രേക്ഷകര്‍ അവരുടെ സമയം കണ്ടെത്തി പണമൊക്കെ ചെലവാക്കിയല്ലെ സിനിമക്ക് വരുന്നത്.

ആദ്യ ദിവസം ആദ്യത്തെ ഷോ കാണാന്‍ അവര്‍ വരണമെങ്കില്‍ എത്രയോ നേരത്തെ അതിനുവേണ്ടി തയാറായിട്ടുണ്ടാവണം. അതുകൊണ്ട് തന്നെ അവര്‍ക്ക് നല്ല പ്രാധാന്യം കൊടുക്കണം,’ സൗബിന്‍ പറഞ്ഞു.

 

CONTENT HIGHLIGHT: SOUBIN SHAHIR TALKS ABOUT CINEMA CRITICISM