ലോകേഷിനെ പോലും ഞെട്ടിച്ച മോണിക്കയിലെ 'സൗബിനാട്ടം'
Soubin Shahir
ലോകേഷിനെ പോലും ഞെട്ടിച്ച മോണിക്കയിലെ 'സൗബിനാട്ടം'
ഹണി ജേക്കബ്ബ്
Tuesday, 29th July 2025, 5:11 pm

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ‘മോണിക്ക’യുടെ സൗന്ദര്യത്തില്‍ മയങ്ങിയിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലെ രണ്ടാമത്തെ ഗാനമായാണ് ‘മോണിക്ക’ പുറത്തിറങ്ങിയത്. അനിരുദ്ധ് ഈണമിട്ട ഗാനം വളരെ വേഗത്തില്‍ സകല പ്ലാറ്റ്ഫോമുകളിലും വൈറലായി മാറിയിരിക്കുകയാണ്.

ചുവന്ന ഗൗണ്‍ അണിഞ്ഞ് ‘മോണിക്ക’യായെത്തിയ പൂജയും പൂജയുടെ സ്‌ക്രീന്‍ പ്രെസന്‍സില്‍ കട്ടക്ക് പിടിച്ച് നിന്ന സൗബിനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ലോകത്തെ കുറച്ചുകാലമായുള്ള ചര്‍ച്ചാ വിഷയം.

പാട്ട് പുറത്തുവന്നതിന് പിന്നാലെ സൗബിന്റെ ഡാന്‍സിനെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. തമിഴിലെ അരങ്ങേറ്റ ചിത്രത്തില്‍ ലഭിച്ച ഫാസ്റ്റ് നമ്പര്‍ സൗബിന്‍ ഒട്ടും മോശമാക്കിയില്ലെന്ന് തന്നെ പറയാം. പൂജ ഹെഗ്‌ഡെയുടെ തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് കിട്ടിയത് സൗബിന്‍ ഷാഹിറിന്റെ കിടിലം നൃത്ത ചുവടുകളായിരുന്നു. താര റാണിയായ മോണിക്ക ബെല്ലൂച്ചിയുടെ കടുത്ത ആരാധകരായ അനിരുദ്ധും ലോകേഷും കൂടി ചേര്‍ന്ന് മോണിക്ക ബെല്ലൂച്ചിക്ക് നല്‍കിയ ട്രിബ്യുട്ടില്‍ സ്‌കോര്‍ ചെയ്തത് സൗബിനായിരുന്നു.

‘മോണിക്ക പാട്ടിറങ്ങിയപ്പോള്‍ പൂജയേക്കാള്‍ സൗബിന്റെ ഡാന്‍സിനാണ് ഫാന്‍സ് കൂടുതല്‍’ എന്ന് പറഞ്ഞത് സാക്ഷാല്‍ ലോകേഷാണ്. ഷൂട്ടിങ് സമയത്ത് അണിയറപ്രവര്‍ത്തകര്‍ പോലും സൗബിന്‍ ഇത്രക്ക് കത്തിക്കയറുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

നായകന്‍ ഡാന്‍സ് കളിക്കാറുണ്ട്, നായിക ഡാന്‍സ് കളിക്കാറുണ്ട്. നായകനും നായികയ്ക്കും വേണ്ടി റൊമാന്റിക് ഗാനങ്ങളും ഡാന്‍സ് നമ്പറുകളും ഉണ്ടാകാറുണ്ട്. എന്നാല്‍ വളരെ വിരളമായി മാത്രം സിനിമയില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് വില്ലന്‍ വേണ്ടിയൊരു ഡാന്‍സ് നമ്പര്‍. അങ്ങനെ ഒരു അവസരം തനിക്ക് വന്നപ്പോള്‍ കൂലിയിലെ ‘ദയാല്‍’ കിട്ടിയ ചാന്‍സ് ഒട്ടും പാഴാക്കിയില്ല. ആ പാട്ടിന്റെ കമന്റ് ബോക്‌സില്‍ ഏറിയ പങ്കും ‘സൗബിനിക്ക ഫുള്‍ ചാര്‍ജായതാണ്’.

അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വം കണ്ടപ്പോഴാണ് ലോകേഷിന്റെ തലയില്‍ സൗബിനെ കൊണ്ട് ഡാന്‍സ് കളിപ്പിച്ചാലോ എന്ന ചിന്തയുണ്ടാകുന്നത്. പണ്ടത്തെ ബ്രേക്ക് ഡാന്‍സറുകൂടിയായ സൗബിന്‍ ‘പറുദീസയില്‍’ നിറഞ്ഞാടുന്നത് കണ്ടപ്പോള്‍ തന്റെ സിനിമയിലും അതുപോലൊരു ‘സൗബിനാട്ടം’ വേണമെന്ന് സംവിധായകന് തോന്നി.

‘മോണിക്ക പാട്ടിറങ്ങിയപ്പോള്‍ പൂജയേക്കാള്‍ സൗബിന്റെ ഡാന്‍സിനാണ് ഫാന്‍സ് കൂടുതല്‍. അതിനര്‍ത്ഥം പൂജയെ വില കുറച്ച് കാണുകയാണ് എന്നല്ല. ഇങ്ങനെ ഒരു പാട്ട് ചെയ്യാന്‍ ഞങ്ങളാണ് പൂജയെ സമീപിച്ചത്. പൂജ വന്നതോടുകൂടി മോണിക്ക പാട്ടിന്റെ കൊമേഷ്യല്‍ വാല്യു കൂടി. എന്നാല്‍ സൗബിനാണ് ഈ പാട്ട് കുറേകൂടി ചാര്‍മിങ് ആക്കിയത്,’ ലോകേഷ് കനകരാജ് സൗബിന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് പറഞ്ഞതാണ്.

നേരത്തെ ‘മോണിക്ക’ പാട്ടിന്റെ ബി.ടി.എസ് വീഡിയോയില്‍ പൂജ ഹെഗ്‌ഡേയും സൗബിന്റെ ഡാന്‍സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വളരെ സ്വീറ്റായിട്ടുള്ള വ്യക്തിയാണ് സൗബിനെന്ന് പൂജ പറഞ്ഞു. അയാളുടെ ഡാന്‍സിന് വല്ലാത്ത യൂണീക്‌നെസ്സുണ്ടെന്നും അത് തന്നെ വല്ലാതെ ആകര്‍ഷിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. അയാളുടെ ഡാന്‍സ് കണ്ടുനില്‍ക്കാന്‍ തന്നെ രസമാണെന്നും പൂജ പറഞ്ഞിരുന്നു.

ഒറ്റ പാട്ടിലെ ഡാന്‍സിലൂടത്തെന്നെ തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ സൗബിന്‍ കഴിഞ്ഞു. മഞ്ഞുമ്മലിലെ കുട്ടേട്ടനായും കൂലിയിലെ ദയാലയും തമിഴ് മക്കളുടെ മനസിലും വലിയൊരു ഫാന്‍ബെയ്‌സ് ഉണ്ടാക്കാന്‍ മലയാളികളുടെ സൗബിനായി.

Content Highlight: Soubin Shahir’s Performance In Monica Song

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം