ഇടയില്‍ ആരേലും മാസ്‌ക് വെച്ച് പോയാല്‍ പെട്ടു; ഭീഷ്മയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പറഞ്ഞ് സൗബിന്‍
Entertainment news
ഇടയില്‍ ആരേലും മാസ്‌ക് വെച്ച് പോയാല്‍ പെട്ടു; ഭീഷ്മയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പറഞ്ഞ് സൗബിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd March 2022, 4:46 pm

അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിന് റിലീസായിരിക്കുകയാണ്. തിയേറ്ററുകളില്‍ 100 ശതമാനം സീറ്റിംഗ് അനുവദിച്ചതിന് ശേഷമാണ് സിനിമ റിലീസായത്.

ചിത്രത്തെ സിനിമാപ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു, എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഭീഷ്മ പര്‍വം ടീമിന്റെ അഭിമുഖങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. ടീമിലെ അഭിനേതാക്കളുടെ ഓഫ് സ്‌ക്രീന്‍ കെമിസ്ട്രി കൂടെയാണ് ആരാധകരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.

എണ്‍പതുകളിലെ കഥയാണ് ഭീഷ്മ പര്‍വം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ സൗബിന്‍ ഷാഹിര്‍. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഷൂട്ടിങ്ങ് സമയത്തെ ബുദ്ധിമുട്ടുകള്‍ പങ്കുവെച്ചത്. എണ്‍പതുകളിലെ വസ്ത്രരീതിയും വീടുകളുമടക്കം സിനിമയില്‍ കൊണ്ടുവരാന്‍ ഒരുപാട് ബുദ്ധിമുട്ടി എന്നാണ് സൗബിന്‍ പറയുന്നത്.

”എണ്‍പതുകളിലെ കാറുകളും അതിലെ സ്ഥലങ്ങളും വസ്ത്രങ്ങളും വീടുകളുമാണ് ചിത്രത്തിലുള്ളത്. ഇപ്പോള്‍ അത് ഷൂട്ട് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടാണ്.

റോഡും ടാറുമടക്കം. ബുദ്ധിമുട്ടുള്ള കൊറോണ സമയത്ത്. അതും ഇടയിലൊരാള്‍ മാസ്‌ക് വെച്ചുപോയാല്‍ പെട്ടു. അത് പോലും ശ്രദ്ധിക്കണം. കഷ്ടപ്പാടാണ്,” സൗബിന്‍ പറഞ്ഞു.

ചിത്രത്തിന്റെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമും ചാറ്റ് ഷോയില്‍ പങ്കെടുത്തിരുന്നു. ഭീഷ്മയിലെ പാട്ടുകളെല്ലാം തന്നെ വളരെ ഓര്‍ഗാനിക്കായി സംഭവിച്ചതാണ്, എന്നായിരുന്നു സുഷിന്‍ ശ്യാമിന്റെ പ്രതികരണം.

ഭീഷ്മ പര്‍വത്തിലെ അഭിനേതാക്കളായ ശ്രിന്ദ, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, റംസാന്‍, വീണ നന്ദകുമാര്‍, അനഘ, ലെന, ശ്രീനാഥ് ഭാസി, സുദേവ് നായര്‍, ജിനു ജോസഫ് എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.


Content Highlight: Soubin Shahir about the shooting of Amal Neerad- Mammootty movie Bheeshma Parvam