ആ സിനിമ കണ്ട് ഷര്‍ട്ട് ഊരിയെറിഞ്ഞ് മമ്മൂട്ടിയെ ചീത്ത വിളിച്ചിട്ടുണ്ട്: സൂരി
Indian Cinema
ആ സിനിമ കണ്ട് ഷര്‍ട്ട് ഊരിയെറിഞ്ഞ് മമ്മൂട്ടിയെ ചീത്ത വിളിച്ചിട്ടുണ്ട്: സൂരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th July 2025, 9:51 am

ആദ്യമായി ഒരു സിനിമയുടെ ലൊക്കേഷനില്‍ അഭിനയിക്കാന്‍ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സൂരി. മമ്മൂട്ടിയുടെ ഒരു സിനിമയുടെ ലൊക്കേഷനായിരുന്നു അതെന്നും അന്ന് ലൊക്കേഷന്റെ മൊത്തത്തിലുള്ള സെറ്റപ്പ് കണ്ട് അത്ഭുതപ്പെട്ടെന്നും സൂരി പറയുന്നു. ക്യാമറക്ക് അത്ര വലിപ്പം ഉണ്ടാകുമെന്നൊന്നും താന്‍ കരുതിയെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ചും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സൂരി സംസാരിച്ചിരുന്നു.

‘ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്നിട്ട് മമ്മൂട്ടി ഇപ്പോള്‍ വരുമെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ മുതല്‍ ഞാന്‍ ഓരോ കാര്‍ വരുന്നതും നോക്കികൊണ്ടിരുന്നു. കാരണം മമ്മൂട്ടി ഏതിലാണ് വരുന്നതെന്ന് അറിയില്ലലോ. അങ്ങനെ അവസാനം അദ്ദേഹം വന്നിറങ്ങി. മമ്മൂട്ടി സാറിനെ കണ്ട് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്ന്,’ സൂരി പറയുന്നു.

ദളപതി എന്ന സിനിമയില്‍ മമ്മൂട്ടിയെ കണ്ടതാണ് അപ്പോള്‍ തനിക്ക് ഓര്‍മ വന്നതെന്ന് സൂരി പറഞ്ഞു. രജിനികാന്തിന്റെ കടുത്ത ആരാധകനായ സൂരി, രജിനികാന്തിന്റെ സിനിമകളില്‍ ആര് അദ്ദേഹത്തെ എതിര്‍ത്ത് സംസാരിച്ചാലും താന്‍ ചീത്ത പറയുമായിരുന്നുവെന്ന് വെളിപ്പെടുത്തി. അങ്ങനെ ദളപതി കണ്ടപ്പോള്‍ മധുര തിയേറ്ററില്‍ ഇരുന്ന് താന്‍ ഷര്‍ട്ട് ഊരിയെറിഞ്ഞ് മമ്മൂട്ടിയെ ചീത്ത വിളിച്ചിട്ടുണ്ടെന്നും തിയേറ്ററില്‍ അലമ്പുണ്ടാക്കിയെന്ന് പറഞ്ഞ് പൊലീസ് ചീത്ത പറഞ്ഞിട്ടുണ്ടെന്നും സൂരി കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെ ദളപതിയില്‍ ഞാന്‍ ചീത്ത വിളിച്ച ആളാണോ ആ മുന്നില്‍ നില്‍ക്കുന്നതെന്ന് ഞാന്‍ അത്ഭുതം പൂണ്ട് നോക്കിനിന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറിയിരുന്നു,’ സൂരി പറഞ്ഞു.

മമ്മൂട്ടി വന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ മന്‍സൂര്‍ അലിഖാനും വന്നുവെന്ന് സൂരി പറയുന്നു. ക്യാപ്റ്റന്‍ പ്രഭാകരന്‍ എന്ന സിനിമ കണ്ടിട്ട് താന്‍ അദ്ദേഹത്തെയും ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ടെന്ന് സൂരി പറഞ്ഞു. മന്‍സൂര്‍ അലിഖാന്‍ വന്നതിന് ശേഷം ആദ്യമെടുത്ത സീന്‍ തന്നെ ഫൈറ്റ് സീന്‍ ആയിരുന്നുവെന്നും അതില്‍ ഒരു ഷോട്ടില്‍ തന്നെ മന്‍സൂര്‍ അലിഖാന്‍ തള്ളിയിട്ടിട്ട് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമ തിയേറ്ററിലെത്തി എത്ര നോക്കിയിട്ടും തന്നെ തള്ളിയിടുന്ന സീന്‍ മാത്രം കണ്ടില്ലെന്നും സൂരി പറഞ്ഞു.

Content Highlight: Soori Talks About mammootty