രണ്ട് ദിവസം കൂടുമ്പോള്‍ ഭാര്യയെ വിളിച്ച് ഞാന്‍ ജീവനോടെയുണ്ടെന്ന് അറിയിക്കും, ഒരുപാട് കഷ്ടപ്പെട്ടാണ് ആ സിനിമ ചെയ്തത്: സൂരി
Indian Cinema
രണ്ട് ദിവസം കൂടുമ്പോള്‍ ഭാര്യയെ വിളിച്ച് ഞാന്‍ ജീവനോടെയുണ്ടെന്ന് അറിയിക്കും, ഒരുപാട് കഷ്ടപ്പെട്ടാണ് ആ സിനിമ ചെയ്തത്: സൂരി
അമര്‍നാഥ് എം.
Saturday, 29th August 2026, 8:55 am

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്ന് തമിഴ് സിനിമയില്‍ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടംനേടിയ താരമാണ് സൂരി. കോമഡി താരമായി വര്‍ഷങ്ങളോളം ടൈപ്കാസ്റ്റ് ചെയ്യപ്പെട്ട സൂരി വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈയിലൂടെയാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ഗരുഡനിലൂടെ ആക്ഷന്‍ ഹീറോയായും താരം ശ്രദ്ധ നേടി.

സൂരിയുടെ ഏറ്റവും പുതിയ ചിത്രമാണ് മണ്ടാടി. 2025ല്‍ അനൗണ്‍സ് ചെയ്ത ചിത്രം റിലീസിന് തയാറെടുക്കുകയാണ്. അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ തന്നെ സൂരിയുടെ വ്യത്യസ്തമായ ലുക്കും ഗെറ്റപ്പും ചര്‍ച്ചയായിരുന്നു. അടുത്തിടെ മണ്ടാടിയുടേതായി പുറത്തുവന്ന ആദ്യഗാനത്തില്‍ സൂരിയുടെ ഡാന്‍സും പലരെയും ഞെട്ടിച്ചു.

കഴിഞ്ഞദിവസം നടന്ന ഓഡിയോ ലോഞ്ചില്‍ സൂരി പറഞ്ഞ വാക്കുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. കടല്‍ പശ്ചാത്തലമാക്കിയ സിനിമയാണെന്നും ഷൂട്ടിന് മുമ്പ് നിര്‍മാതാവായ വെട്രിമാരനുമായി ഒരുപാട് ചര്‍ച്ചകള്‍ നടന്നെന്നും സൂരി പറഞ്ഞു. യഥാര്‍ത്ഥ കടലിന് പകരം സെറ്റിട്ട് ഷൂട്ട് ചെയ്യാമെന്നായിരുന്നു ആദ്യം തീരുമാനിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

’20 ശതമാനം ഷൂട്ട് യഥാര്‍ത്ഥ കടലില്‍, ബാക്കി 80 ശതമാനം സെറ്റിട്ട് ഷൂട്ട് ചെയ്യാം എന്നൊക്കെയായിരുന്നു ആദ്യം തീരുമാനിച്ചത്. വെട്രി സാര്‍ ഇതിന് സമ്മതിക്കുകയും ചെയ്തു. ‘ടൈറ്റാനിക് പോലും സ്വിമ്മിങ് പൂളിലാണ് ഷൂട്ട് ചെയ്തത്’ എന്നൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. കടലില്‍ അധികം പോകണ്ടല്ലോ എന്ന് കരുതി സമാധാനിച്ചു.

അങ്ങനെ കടലിലെ ഷൂട്ട് ആദ്യം തീര്‍ക്കാമെന്ന് പറഞ്ഞ് പോയി. പത്ത് ദിവസം കഴിഞ്ഞു, ഒരു മാസം കഴിഞ്ഞു, രണ്ട് മാസം കഴിഞ്ഞു. കടലിലെ ഷൂട്ട് തീരുന്നതേയില്ല. വീട്ടില്‍ നിന്ന് വിളിക്കുമ്പോള്‍ അവര്‍ക്ക് എന്നെ കിട്ടുന്നുണ്ടായിരുന്നില്ല. രണ്ട് ദിവസം കൂടുമ്പോള്‍ വിളിക്കും. ‘എന്താ ഇപ്പോള്‍ വിളിക്കാത്തത്, എന്താ സംഭവിച്ചതെന്ന് അറിയുന്നില്ലല്ലോ’ എന്ന് വീട്ടുകാര്‍ പറയുമ്പോള്‍ ആള് ജീവനോടെ ഉണ്ടെന്ന് അറിഞ്ഞല്ലോ, ഹാപ്പി ആയല്ലോ എന്ന് ഞാന്‍ തിരിച്ച് പറഞ്ഞ് അവരെ ആശ്വസിപ്പിക്കും. അതായിരുന്നു നടന്നത്,’ സൂരി പറയുന്നു.

കടല്‍ പശ്ചാത്തലമാക്കി വന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് മണ്ടാടി. ബോട്ടിന്റെ ക്യാപ്റ്റനായാണ് സൂരി വേഷമിടുന്നത്. ആവേശത്തിലൂടെ ശ്രദ്ധ നേടിയ മിഥുനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക് താരം സുഹാസാണ് മണ്ടാടിയിലെ വില്ലന്‍. മഹിമ നമ്പ്യാര്‍, സത്യരാജ്, അച്യുത് കുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

Content Highlight: Soori’s speech in Mandaadi audio launch

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം