'പള്ളി പൊളിച്ചാണ് അമ്പലം പണിഞ്ഞതെന്ന വസ്തുത സൗകര്യപൂർവം മറക്കുന്നു'; ചിത്രയെ വിമർശച്ച് സൂരജ് സന്തോഷ്‌
Film News
'പള്ളി പൊളിച്ചാണ് അമ്പലം പണിഞ്ഞതെന്ന വസ്തുത സൗകര്യപൂർവം മറക്കുന്നു'; ചിത്രയെ വിമർശച്ച് സൂരജ് സന്തോഷ്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th January 2024, 9:36 am

ഗായിക കെ. എസ്‌ ചിത്രയുടെ രാമക്ഷേത്ര പരാമർശത്തിനെതിരെ വിമർശനവുമായി ഗായകൻ സൂരജ് സന്തോഷ്‌. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സൂരജ് തന്റെ അഭിപ്രായം പങ്കുവെച്ചത്.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും കെ. എസ്‌. ചിത്ര കഴിഞ്ഞ ദിവസം ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു.

‘ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക്‌ മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്.

എത്ര എത്ര കെ. എസ്‌ ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം,’ എന്നായിരുന്നു സൂരജ് സന്തോഷ്‌ തന്റെ ഇൻസ്റ്റാഗ്രം സ്റ്റോറിയിലൂടെ കുറിച്ചത്. മുമ്പും പല വിഷയങ്ങളെക്കുറിച്ച് സൂരജ് തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്.

‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചക്ക് 12.20 ന് ‘ശ്രീരാമ ജയരാമ, ജയജയരാമ’എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം, അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’, എന്നായിരുന്നു ചിത്ര വീഡിയോയിൽ പറഞ്ഞത്.

അയോധ്യയിൽ നിന്നുള്ള അക്ഷതം ആർ. എസ്‌. എസിൽ നിന്ന് കെ. എസ്‌. ചിത്ര സ്വീകരിച്ചിരുന്നു. വീഡിയോയെ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ മലയാള നടന്‍ മോഹന്‍ലാലും, ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ആര്‍.എസ്.എസ്സില്‍ നിന്ന് രാമക്ഷേത്രത്തിന്റെ അക്ഷതം സ്വീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

 

Content Highlight: Sooraj Santhosh Reacts K.S.Chithra’s Vedio About Ramakshethram