'വേൾഡ് ചാമ്പ്യൻ' ഐറിഷ് പരമ്പരക്ക് മുമ്പേ സോഷ്യൽ മീഡിയ കത്തിച്ച് സഞ്ജു
Cricket
'വേൾഡ് ചാമ്പ്യൻ' ഐറിഷ് പരമ്പരക്ക് മുമ്പേ സോഷ്യൽ മീഡിയ കത്തിച്ച് സഞ്ജു
സുദേവ് എ
Friday, 19th June 2026, 1:23 pm

ഇന്ത്യ- അയര്‍ലാന്‍ഡ് ടി -20 പരമ്പര ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പരമ്പരയില്‍ രണ്ട് ടി-20 മത്സരങ്ങളാണ് ടീം കളിക്കുന്നത്. ആദ്യ മത്സരം ജൂണ്‍ 26നും രണ്ടാം പോരാട്ടം ജൂണ്‍ 28നും നടക്കും.

സ്‌കൈ യുഗത്തിന് ശേഷം പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. ടി-20 ലോകകപ്പിനും ഐ.പി.എല്ലിനും ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ കുപ്പായത്തിലേക്ക് തിരിച്ചെത്തുന്ന പരമ്പര കൂടിയാണിത്. മാത്രമല്ല രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ഇപ്പോൾ ഈ പരമ്പരക്ക് മുന്നോടിയായി പരമ്പരയുടെ ഒഫീഷ്യൽ ബ്രോഡ്കാസ്റ്റർമാരായ സോണി സിക്‌സ് പുറത്തുവിട്ട പോസ്റ്ററാണ് ആരാധകർക്കിടയിൽ ആവേശമുണ്ടാക്കിയിരിക്കുന്നത്. ‘വേൾഡ് ചാമ്പ്യൻ’ എന്നെഴുതിയ സഞ്ജുവിന്റെ ചിത്രമുള്ള ഒരു പോസ്റ്ററാണ് സോണി സിക്സ് പങ്കുവെച്ചത്. ഈ പരമ്പരയിൽ സഞ്ജു മിന്നും പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

 

 2026 ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്. മാര്‍ച്ച് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു.

2026 ഐ.പി.എല്ലിലും സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി.

 

Content Highlight: Sony Six shares Sanju Samson’s poster ahead of Ireland-India series

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.